പകൽ, നഗരം, ആയുധം, വൈരം, ബെസ്റ്റ് ഓഫ് ലക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് എം എ സംവിധാനം ചെയ്യുന്ന ചിത്രമാണ് “നമ്പർ 66 മധുര ബസ്സ്”. തന്റെ മുൻ ചിത്രമായ വൈരത്തിനു ശേഷം തമിഴ് നടൻ പശുപതി വീണ്ടും നായകനാവുകയും ബോളിവുഡ് നടൻ, സംവിധായകൻ, തിയ്യറ്റർ ആർട്ടിസ്റ്റ് മകരന്ദ് ദേശ്പാണ്ഡേ മറ്റൊരു പ്രധാന വേഷത്തിൽ വരുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ഒപ്പം തിലകൻ, ജഗതി, ശ്വേതാ മേനോൻ, പത്മപ്രിയ, മല്ലിക എന്ന നീണ്ടൊരു താരനിര തന്നെ ഈ ചിത്രത്തിനുണ്ട്. താരങ്ങൾ എന്നതിലുപരി അഭിനയ മികവുള്ള ആർട്ടിസ്റ്റുകൾ എന്ന വിശേഷണമുള്ള ഈ നടീ നടന്മാർ ഉണ്ടായിട്ടൂം നമ്പർ 66 മധുര ബസ്സിനു ആവറേജ് സിനിമയിൽ നിന്നും ഉയരാൻ കഴിഞ്ഞില്ല. അതിന്റെ പ്രധാന കാരണം അയുക്തി നിറഞ്ഞതും പോരായ്മകളുമുള്ള സ്ക്രിപ്റ്റ് തന്നെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മലയാളത്തിലിറങ്ങിയ എംടി - ഭരതൻ ചിത്രമായ “താഴ്വാര’ത്തിന്റെ മൂല കഥയെ അനുസ്മരിപ്പിക്കുന്ന ഈ മധുര ബസ്സ് പക്ഷെ അതിന്റെ ആഴത്തിലേക്കോ വിശദാംശങ്ങളിലേക്കോ കടന്നു ചെല്ലാനാകതെ വെറുമൊരു പഴയ സിനിമ മാത്രമായിപ്പോകുന്നു. പശുപതി, മകരന്ദ്, മല്ലിക എന്നിവരുടെ പ്രകടനങ്ങൾ മാത്രമേ എടുത്തു പറയാൻ മാത്രമുള്ളു.
കൊല്ലത്തു നിന്നും മധുരയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറിൽ അപരിചിതരായ രണ്ടു യാത്രക്കാർ ഒരു ആകസ്മിക സംഭവത്തിൽ സൌഹൃദത്തിലാകുകയും അവരുടെ ജീവിത കഥ പങ്കു വെയ്ക്കുന്നതുമാണ് കഥാ പരിസരം.
സിനിമയുടെ വിശദാംശങ്ങളും കഥാസാരവും മധുരബസ്സിന്റെ ഡാറ്റാബേസ് പേജിൽ ചേർത്തിട്ടുണ്ട്.
സിനിമയുടെ തുടക്കത്തിലുള്ള ഈ സംഭവങ്ങൾക്ക് പുതുമയും ഏറെ പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ പത്മപ്രിയയുടേ സൂര്യപത്മവും പശൂപതിയുടെ വരദരാജനും തങ്ങളുടെ മുൻ ജീവിതത്തിലേക്ക് പോകുമ്പോൾ മലയാള സിനിമയിൽ നമ്മളിതുവരെ കണ്ടിട്ടൂള്ള സ്ഥിരം ജീവിത പരിസരത്തേക്കും സംഭവങ്ങളിലേക്കും മാത്രം കടന്നു ചെല്ലുകയും യാതൊരു പുതുമകളുമില്ലാതെ പ്രവചനീയമായിത്തീരുകയും ചെയ്യുന്നു.“ മധുര ബസ്സ് “ എന്ന് ടൈറ്റിലിൽ കാണുമ്പോഴും സിനിമയുടെ മുഖ്യഭാഗമാകാൻ ബസ്സിനും ബസ്സിന്റെ യാത്രക്കും കഴിയുന്നില്ല. ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള ആദ്യപകുതിയിൽ വരുന്ന രണ്ടു ഗാനങ്ങളും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നുമില്ല. വില്ലനെ കൊല്ലാനുള്ള നായകന്റെ ദൌത്യത്തിനു പരമാവധി ന്യായീകരണം നൽകാൻ സൃഷ്ടിച്ച മെലോഡ്രാമകളൊക്കെ ചിത്രത്തിൽ വല്ലാതെ മുഴച്ചു നിൽക്കുന്നു. പലതിനുമില്ല യുക്തിയും വിശ്വസനീയമായ കാരണങ്ങളും. സംഭാഷണങ്ങൾ പലപ്പോഴും ആലങ്കാരിക ഭാഷയും ക്ലീഷേയുമാകുന്നു. പശുപതി, മകരന്ദ്, മല്ലിക എന്നിവരുടെ പ്രകടനങ്ങൾ എടൂത്തു പറയാനാകുമ്പോൾ, തിലകൻ, ശ്വേത, പത്മപ്രിയ, ജഗതി എന്നിവരുടേത് ചെറിയ വേഷങ്ങളായി ഒതുങ്ങി. ഇവരുടെ കഥാപാത്രങ്ങൾക്ക് ഇനിയും പ്രകടനത്തിനു സാദ്ധ്യതകളേറെയുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താൻ തിരക്കഥാകൃത്തിനും സംവിധായകനുമായില്ല.
ചാനലുകളിലെ ചില സീരിയലുകൾക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് പത്രപ്രവർത്തകനായ കെ. വി അനിൽ ചലച്ചിത്രരംഗത്തേക്ക് വരുന്നത്. അനിലിന്റെ ആദ്യ സിനിമാതിരക്കഥയായ മധുര ബസ്സ്, പക്ഷെ സീരിയലിന്റെ കെട്ടുപാടുകളിൽ നിന്നും ക്ലീഷേകളിൽ നിന്നും പൂർണ്ണമായും മോചിതമല്ല. നല്ലൊരു കൊമേഴ്സ്യൽ ഹിറ്റിനുള്ള സാദ്ധ്യതകളൊക്കെ ഈയൊരു കഥാതന്തുവിലുണ്ടെങ്കിലും പുതുമയുള്ള കഥാ സന്ദർഭങ്ങളിലേക്കും പശ്ച്ചാത്തലത്തിലേക്കും മാറി പരീക്ഷിക്കുവാൻ കെ. വി അനിലിനുമായില്ല. ഭരതന്റെ ‘താഴ്വാര’വും, സമീപകാലത്തിറങ്ങിയ ബിജു വർക്കി ചിത്രമായ “ഓറഞ്ചും” ഇതേ വിഷയങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതിൽ നിന്നൊന്നു മാറ്റിപ്പറയാൻ സാധിക്കാത്തത് പ്രതിഭാശേഷിയുടെ കുറവു കൊണ്ടു തന്നെയാണ്. കാലികവും സാമൂഹ്യപ്രസക്തിയുമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തുവെന്ന് (പകൽ, നഗരം, വൈരം)അവകാശപ്പെടുന്ന സംവിധായകൻ നിഷാദ് എം എ യുടെ സംവിധാനത്തിനുമില്ല മികവുകളേറെ. പോരായ്മകൾ ഏറെയുണ്ട്താനും. സംവിധായക സാന്നിദ്ധ്യമുള്ള സന്ദർഭങ്ങളുമില്ല. മലയാള സിനിമയിൽ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത പുനലൂർ, തെന്മല പരിസരങ്ങളെ കാര്യമായി പ്രയോചനപ്പെടുത്താനും സാധിച്ചുമില്ല. പ്രദീപ് നായരുടെ ക്യാമറക്ക് ഏറെ മികവുകളൊന്നും അവകാശപ്പെടാനില്ല. പക്ഷെ രാത്രി ദൃശ്യങ്ങൾ ഏറെ റിയലിസ്റ്റിക്കായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പ്രദീപ് രംഗന്റെ ചമയം പൊതുവേ നന്നായിരുന്നെങ്കിലും പശുപതിയുടെ ചെറുപ്പകാലത്തിനു അണിയിച്ച വിഗ്ഗ് വളരെ മോശമായിരുന്നു. സുനിൽ രഹ്മാന്റെ വസ്ത്രാലങ്കാരവും സംജിതിന്റെ എഡിറ്റിങ്ങും ചിത്രത്തിനു ചേരുന്നു. വയലാർ ശരത് ചന്ദ്രവർമ്മയും രാജീവ് ആലുങ്കലും എഴുതിയ വരികൾക്ക് എം ജയചന്ദ്രൻ ഈണം നൽകിയ രണ്ടു ഗാനങ്ങളുണ്ട് ചിത്രത്തിൽ. രണ്ടിനും വലിയ ദൃശ്യഭംഗിയോ ആകർഷകത്വമോ തോന്നിയില്ല.
വളരെയേറെ ഓൺലൈൻ പ്രീ പ്രൊമോഷൻ കിട്ടിയ ഈ ചിത്രം അതുകൊണ്ടും അഭിനേതാക്കളുടെ നിരകൊണ്ടും അല്പം പ്രതീക്ഷയുള്ളതായിരുന്നു. പ്രേക്ഷകരുടെ ആ പ്രതീക്ഷ മുഴുവനായി നിലനിർത്താൻ തിരക്കഥാകൃത്തിനും സംവിധായകനുമായില്ല. ഒരു സാധാരണ ചിത്രമെന്ന നിലക്ക് ബോറഡിക്കാതെ ഒരു നേരം കണ്ടിരിക്കാം എന്നതിൽ കവിഞ്ഞ് ഈ ചിത്രം മറ്റൊന്നും നൽകുന്നുമില്ല.
വ്യക്തിപരമായ സന്തോഷം
എം 3 ഡി ബി അംഗം നന്ദൻ ആദ്യമായി പ്രൊമോഷണൽ ഡിസൈനാറാകുന്ന ചിത്രം കൂടിയായിരുന്നു മധുര ബസ്സ്. സിനിമക്ക് വേണ്ടി തയ്യാറാക്കിയ ഓൺലൈൻ ഡിസൈനുകളും പ്രിന്റ് പോസ്റ്ററുകളും വളരെ ആകർഷകമായിരുന്നു. പോസ്റ്ററുകളുടെ മികവ് പക്ഷെ സിനിമക്ക് നൽകാനായില്ല. ബിഗ് സ്ക്രീനിൽ എം 3 ഡി ബി അംഗം നന്ദന്റെ പേര് തെളിയുമ്പോൾ അതൊരു സന്തോഷം കൂടിയാകുന്നു.
manoramayil action thriller
കെ വി അനിൽ പത്രപ്രവർത്തകൻ
churukkathil oru