ഫാദേഴ്സ് ഡേ - സിനിമാറിവ്യു

Submitted by nanz on Mon, 02/20/2012 - 12:09

  “ഇഷ്ടം, നമ്മൾ, സ്വലേ “ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കലവൂർ രവികുമാറിന്റെ രചന-സംവിധാന സംരംഭമാണ് “ഫാദേഴ്സ് ഡേ”. മുഖ്യധാരയിലെ പോപ്പുലർ താരങ്ങൾ അധികം മുഖ്യവേഷത്തിൽ വരാത്ത ഈ കുടുംബ ചിത്രം ഭരത് ക്രിയേഷൻസിന്റെ ബാനറിൽ ജെ ഭരത് സാമുവൽ നിർമ്മിച്ചിരിക്കുന്നു. രേവതി, വിനീത്, ലാൽ, പുതുമുഖങ്ങളായ ഷഹീൻ, മുൻ മിസ് കേരള ഇന്ദു തമ്പി എന്നിവരാണ് പ്രമുഖ വേഷങ്ങളിൽ. അത്ര പരിചയമല്ലാത്തൊരു കഥയും പരിസരവുമാണ് ഫാദേഴ്സ് ഡേക്കായി സംവിധായകൻ കൂടിയായ തിരക്കഥാകൃത്ത് ഒരുക്കിയിരിക്കുന്നതെങ്കിലും, ക്ലീഷേയ്ഡ് സന്ദർഭങ്ങളിലേക്കും സംഭാഷണങ്ങളിലേക്കും വഴുതി വീണ് സ്ഥിരം ഫാമിലി സെന്റിമെന്റൽ ചിത്രങ്ങളുടെ പട്ടികയിലേക്ക് മാ‍റാനായിരുന്നു ചിത്രത്തിന്റെ വിധി. മുഖ്യപ്രമേയത്തോട് ചേർത്തു നിർത്തി പറഞ്ഞ അയുക്തി നിറഞ്ഞ പ്രതികാര കഥയും ചിത്രത്തിനൊരു ന്യൂനതയായി.

ചിത്രത്തിന്റെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഫാദേഴ്സ് ഡേയുടെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

കോളേജ് പഠനകാലത്ത് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാകുകയും വളരെ ശ്രമഫലമായി അതിൽ നിന്നും മുക്തമായി  മറ്റൊരു ജീവിതം നയികുന്ന സീതാലക്ഷ്മി എന്ന അദ്ധ്യാപികയുടെ ജീവിതത്തിൽ 22 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് മുഖ്യപ്രമേയം. 21 വയസ്സായ ഒരു പയ്യൻ അവരുടെ മകനെന്ന വാദമുന്നയിച്ച് സീതാലക്ഷ്മിയുടേ ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും അവനെ ഏറ്റെടുക്കാൻ കഴിയാതെ വിഷമസന്ധിയിൽ പെടുകയും പഴയ ക്രൂരമായ ഓർമ്മകൾ വേട്ടയാടപെടുകയും ചെയ്യുന്ന സീതാലക്ഷ്മിയുടെ കഥാകഥനത്തിനു പുതുമകളുണ്ട്. ഒരു പക്ഷേ ആ ഒരു മുഖ്യപ്രമേയത്തിൽ മാത്രം ഫോക്കസ് ചെയ്യുകയും അതിന് നല്ലൊരു തലം കൊണ്ടുവരികയും ചെയ്തിരുന്നെങ്കിൽ ചിത്രം നന്നാകുമായിരുന്നെന്ന് തോന്നുന്നു. പക്ഷെ, തന്റെ കൌമാര ജീവിതത്തെ തകർത്തെറിഞ്ഞ (മുഖം പോലും തിരിച്ചറിയാത്ത) നാലു പേരുടേയും ജീവിതവും അവരോടുള്ള ഈ പയ്യന്റെ പ്രതികാരകഥയുമൊക്കെ ചിത്രത്തെ ദുർബലപ്പെടുത്തി. അതിന്റെ ആഖ്യാനത്തിനുമില്ല ഒട്ടൂം പുതുമയും വൃത്തിയും. ഡി എൻ എ ടെസ്റ്റ് നടത്തിക്കുന്നതും മറ്റുമൊക്കെ അയുക്തി നിറഞ്ഞതായിപ്പോയി. സമൂഹത്തിൽ ഉന്നതസ്ഥാനത്തിരിക്കുന്ന സ്വാധീനമുള്ള നാലു പേർ ഒരു സുപ്രഭാതത്തിൽ ഒരു പീക്കിരിപ്പയ്യൻ ഭീഷണിപ്പെടുത്തുമ്പോൾ ഭയന്നു വഴങ്ങിക്കൊടുക്കുന്നതൊക്കെ  ചിരിയുണർത്തുകയാണുണ്ടായത്.

സംവിധായകനെ ചിത്രത്തെ മനോഹരമാക്കുന്നതിൽ തുണച്ചത് കണ്ണൂരിന്റെ സ്ഥലഭംഗിയും എസ് ജി രാമന്റെ ഛായാഗ്രഹണവുമാണ്. എസ് ജി രാമന്റെ പാടവം ചിത്രത്തെ കണ്ടിരുത്തുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടൂണ്ട് ഒപ്പം സുനിൽ റഹ്മാന്റെ വസ്ത്രാലങ്കാരവും നന്നായി. ഫ്രെയിമുകളുടെയും പശ്ച്ചാത്തലത്തിന്റേയും കളർ സ്ക്കീമിനനുസരിച്ചും കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചും വസ്ത്രങ്ങളൊരുക്കാൻ സുനിൽ റഹ്മാനു നല്ലൊരു പരിധിവരെ സാധിച്ചു. ഒ എൻ വി കുറുപ്പ്, രാജീവ് ആലുങ്കൽ, ശ്രീരേഖ എന്നിവരുടെ ഗാനങ്ങൾക്ക് എം ജി ശ്രീകുമാറും സജീവ് മംഗലത്തും ഈണം പകർന്നിരിക്കുന്ന ഗാനങ്ങൾ അത്ര മേന്മ പുലർത്തിയെന്നു തോന്നിയില്ല. പ്രണയത്തെ പശ്ചാത്തലമാക്കി ഒരു ഗസൽ ഗാനവുമുണ്ട്. ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതത്തിനു പുതുമകളൊന്നുമില്ലെന്നു മാത്രമല്ല, സെന്റിമെന്റൽ ചിത്രങ്ങൾ പിന്തുടരുന്ന സ്ഥിരം രീതികളിൽ മുങ്ങിപ്പോകുകയും ചെയ്തു.

അഭിനേതാക്കളിൽ രേവതി തന്നെയാണ് മികച്ചു നിന്നത്. സീതാലക്ഷ്മിയെ രേവതി മനോഹരമാക്കിയപ്പോൾ, വിനീതിന്റെ ഗോപിനാഥും വലിയ കുഴപ്പമില്ലാതെ പോയി.പക്ഷെ നായകവേഷത്തിൽ വന്ന പുതുമുഖം ഷഹീനും ഉപനായികയായ ഇന്ദു തമ്പിയും ശരാശരിയിൽനിന്നും താഴെപ്പോയി. ഇന്ദു തമ്പി മിക്ക സീനുകളിലും വലിയൊരു ബാദ്ധ്യതയായി മാറി. ലാലിന്റെ മാത്തനു വലിയ പ്രാധാന്യമൊന്നുമില്ല. താരസാന്നിദ്ധ്യം ചേർക്കാനൊരു വേഷമായി മാത്രം മാറി.

മലയാള സിനിമ കാലങ്ങളായി പിന്തുടരുന്ന അനിയത്തിപ്രേമം, വർദ്ധിച്ച സഹോദര-സഹോദരി സ്നേഹം ഇതൊക്കെത്തന്നെയാണ് ഇതിന്റെ പശ്ചാത്തലമായി സംവിധായകനു പറയാനുണ്ടായിരുന്നത്. പ്രേക്ഷകനെ നാണം തോന്നിപ്പിക്കുന്ന കൂടിയ നിറങ്ങൾ ചേർത്ത ‘ചേച്ചി-അനിയൻ സ്നേഹ സീനു‘കളൊക്കെ ബോറഡിപ്പിക്കുന്ന ക്ലീഷേകളാണെന്ന് കലവൂർ രവികുമാറൊക്കെ മനസ്സിലാക്കുന്നത് നന്നായിരിക്കും. പുതുമയുള്ളൊരു കഥയും പരിസരവും സംവിധാനപരിചയക്കുറവിനാലും പഴമകളുടെ സന്ദർഭങ്ങൾ നിറച്ച തിരക്കഥയാലും നല്ല സിനിമയാക്കാൻ പറ്റാതെപോയി എന്നേ “ഫാദേഴ്സ് ഡേ”യെക്കുറിച്ച് ചുരുക്കത്തിൽ പറയാനാകൂ. എങ്കിലും സീരിയലിൽ കാണുന്ന അവിഹിതങ്ങൾ പേറുന്ന ‘ഫാമിലി’ക്കഥയും, പുളിച്ചു നാറുന്ന ‘വിദേശ മസാല‘യും, അമ്പത്തഞ്ചു കഴിഞ്ഞ വൃദ്ധന്റെ കാമകേളികളുടെ കാസരോഗവുമൊക്കെ മുഴുനീളസിനിമകളാകുന്ന ഇക്കാലത്ത് ബഹളങ്ങളില്ലാതെ, ബോറഡിയില്ലാതെ ഒരു നേരം കണ്ടാശ്വസിക്കാം. അത്രമാത്രം.

Contributors