പ്രഭുവിന്റെ മക്കൾ - സിനിമാ റിവ്യൂ

Submitted by nanz on Fri, 11/02/2012 - 10:13
Prabhuvinte Makkal - m3db

മലയാള സിനിമയിലാദ്യമായിട്ടായിരിക്കാം വിശ്വാസങ്ങളെ പൂർണ്ണമായി എതിർക്കുന്നതും യുക്തിവാദത്തെ പരിപൂർണ്ണമായും പിന്തുണക്കുന്നതുമായൊരു സിനിമ. നവാഗതനായ സംവിധായകൻ ‘സജ്ജീവൻ അന്തിക്കാട്’ സംവിധാ‍നം ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ മലയാളിയുടെ അന്ധവിശ്വാസത്തേയും (കപട)ഭക്തിയേയും ആൾദൈവങ്ങളുടെ തട്ടിപ്പിനേയും പരാമർശിക്കുന്നൊരു സിനിമയാണിത്. രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ സിനിമ പുരോഗമനമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നു എന്നതു മാത്രമായി സിനിമ അല്ലാതാവുന്നു എന്നതാണ് ദുര്യോഗം. സിനിമയുടെ ലാവണ്യരീതികളെ കൃത്യമായും ഫലപ്രദമായും പിന്തുടരാനാവാതെ കേവലമൊരു കവലപ്രസംഗത്തിന്റെ രീതിയിലേക്ക് പോയി അമച്ച്വറിഷ് മേക്കിങ്ങ് മൂവി ആയി മാറി.

വിശ്വാസികളുടെ സ്ഥിരം വാചക കസർത്തുകൾ, ആൾ ദൈവങ്ങളുടെ കാപട്യം ഇതിനെതിരെയൊക്കെ വർഷങ്ങളായി യുക്തിവാദികൾ നടത്തിവരുന്ന പ്രവർത്തനങ്ങളും പ്രസ്ഥാവനകളുമാണ് സിനിമയിലെ സന്ദർഭങ്ങൾ. 80കൾ, 90കൾ, 2012 എന്നിങ്ങനെ മൂന്നു കാലഘട്ടങ്ങളിലായി പറയുന്ന സിനിമക്ക് പക്ഷെ ഈ മൂന്നു കാലഘട്ടത്തേയും കൃത്യമായി അവതരിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല. കാലഘട്ടത്തിന്റെ പുനർ സൃഷ്ടി, കഥാപാത്രങ്ങളുടെ വേഷ വിധാനം, പശ്ചാത്തലം എന്നീ കാര്യങ്ങൾ പരാജയമായി. വിശ്വാസികളുടേ വായടപ്പിക്കുന്ന യുക്തിവാദ സംഭാഷണങ്ങൾ, ‘ദൈവത്തിന്റെ പ്രതിരൂപങ്ങൾ’ കാണിക്കുന്ന അത്ഭുത പ്രകടനങ്ങളെ പൊളിച്ചു കാട്ടൽ, ഇന്ത്യൻ യുക്തിവാദി സംഘം ഒരിക്കൽ മുന്നോട്ട് വെച്ച വെല്ലുവിളി ഇതൊക്കെയാണ് പ്രധാന പ്രതിപാദ്യ സംഭവങ്ങൾ. ഇവയെ സിനിമയെന്ന മാധ്യവുമായി സമ്മേളിപ്പിക്കാനുള്ള തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ വൈദഗ്ദ്യക്കുറവ് ഓരോ ദൃശ്യത്തിലും കാണാം. അതുകൊണ്ട് തന്നെ ‘പ്രഭുവിന്റെ മക്കൾ” സിനിമ എന്ന തലത്തിൽ പരാജയപ്പെടുന്നു. ഉദ്ദേശ ശുദ്ധി മാത്രം മാനിക്കപ്പെടുന്നു.

അന്ധവിശ്വാസത്തിനും ആൾദൈവങ്ങളുടെ കാപട്യത്തിനുമെതിരെ പ്രതികരിക്കുകയും സാമൂഹ്യാവബോധത്തിനു ശ്രമിക്കുകയും ചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടേയും അവരുടെ സംഘത്തിന്റേയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് മുഖ്യ പ്രമേയം. കഥാസാരത്തിനും കൂടുതൽ വിശദാംശങ്ങൾക്കും ഡാറ്റാബേസ് പേജ് സന്ദർശിക്കുക.

അടിയന്തിരാവസ്ഥാക്കാലം, മുഖ്യമന്ത്രി അച്ച്യുതമേനോൻ, രാജൻ കേസ്, നക്സലെറ്റ് മർദ്ദനം, വിപ്ലവവും സോഷ്യലിസവും സ്വപ്നം കാണുന്ന ചെറുപ്പക്കാർ, 80കളിലെ കാമ്പസ്,തെരുവു നാടകം, പിന്നീട് 90കളിലെത്തുമ്പോഴേക്കും ഇവയൊക്കെ മാറി ‘മംഗലശ്ശേരി നീലകണ്ഠന്മാരും’ ആൾദൈവങ്ങളും താരങ്ങളാകുന്നതും സമൂഹത്തിലെ ഉന്നതർ, മന്ത്രിമാർ ഇവരുടേ ഭക്തരാകുന്നതും, ഇടതു - വലതു രാഷ്ട്രീയപ്പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം, ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനം, അത്ഭുതപ്രവൃത്തികളുടെ അനാവരണം ഇങ്ങിനെ വിഷയങ്ങളൊരുപാട് പരാമർശിക്കുന്നുണ്ട് സിനിമയിൽ. പക്ഷെ ഇവയ്ക്കൊന്നിനും പ്രേക്ഷകന്റെ ഉള്ളിൽ കയറാനാവുകയോ വിശ്വാസികളായ പ്രേക്ഷകന്റെ വിശ്വാ‍സത്തെ പോറലേൽ‌പ്പിക്കാനോ സാധിക്കുന്നില്ല എന്നത് ഈ മാധ്യമവുമായുള്ള സംവിധായകന്റെ പരിചയക്കുറവാകാം. ഒടുക്കം സിനിമയെ സിനിമാറ്റിക്കായി അവസാനിപ്പിക്കാനുള്ള ശ്രമവും സിനിമയുടെ ദൈർഘ്യവും പ്രേക്ഷകന് വിരസമാകുന്നുണ്ട്.

ഗൌഡസാരസ്വത വിഭാഗത്തിലെ പ്രഭുവായി മധു അദ്ദേഹത്തിന്റെ മക്കൾ സിദ്ധാർത്ഥും മണിയുമായി യഥാക്രമം വിനയ് ഫോർട്ട്, ജിജോയ്, പുതിയ നായിക സ്വാസികയുടേ ദേവിക, ബാബയായി പ്രകാശ് ബാരെ, പോലീസ് ഉദ്യോഗസ്ഥനായി കലാഭവൻ മണി എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. മണിയായി എത്തിയ ജിജോയ് സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധയാകർഷിച്ചു (സ്വാഭാവിക പ്രകടനത്തിനുവേണ്ടിയുള്ള ജിജോയിയുടെ ശ്രമങ്ങൾ ഇടക്ക് അതിഭാവുകത്വത്തിലേക്കു പോകുന്നത് കല്ലുകടിയാകുന്നുണ്ട്) സിദ്ധാർത്ഥ് ആയി വേഷമിട്ട വിനയ് ഫോർട്ട് അഭിനയത്തിൽ മികവ് പുലർത്തിയെങ്കിലും സംഭാഷണ രീതി സ്വാഭാവികമായി തോന്നിയില്ല. നായികയായെത്തിയ നവാഗത സ്വാസികയും മോശമാക്കിയില്ല. പ്രധാന അഭിനേതാക്കളും ഉപ കഥാപാത്രങ്ങളും വലിയ മികവാർന്ന പ്രകടനം കാഴ്ചവെക്കാത്തത് സംവിധായകന്റെ പോരായ്മയാണെന്നെ പറയാനാവൂ (ജിജോയ്, അനൂപ് ചന്ദ്രൻ എന്നിവർ സ്ക്കൂൾ ഓഫ് ഡ്രാമ പ്രൊഡക്റ്റുകളും വിനയ് ഫോർട്ട് പൂന ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും. )  മനോജ് നാരായണൻ, മഞ്ജുലാ‍ൽ എന്നിവരാണ് ഛായാഗ്രഹണം. (മഞ്ജുലാലിന്റെ ആദ്യ സ്വതന്ത്ര ചിത്രമാണിതെന്നു തോന്നുന്നു) അമ്പരപ്പിക്കുന്ന ദൃശ്യഖണ്ഠങ്ങളൊന്നുമില്ല, ക്യാമറയും എഡിറ്റിങ്ങും ശരാശരിയിൽ നിൽക്കുന്നു. കലാസംവിധാനം നിർവ്വഹിച്ച സുരേഷ് കൊല്ലത്തിനു മുൻപ് പറഞ്ഞപോലെ കാലഘട്ടത്തെ പുനർസൃഷ്ടിക്കാനൊന്നും കഴിഞ്ഞതുമില്ല. മുപ്പതു വർഷക്കാലത്തെ മാറ്റം പ്രധാന കഥാപാത്രങ്ങളിൽ കൊണ്ടുവരാൻ ചമയം നിർവ്വഹിച്ച പട്ടണം ഷാക്കും വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ജയനും സാധിച്ചില്ല (ഇരുവരും പ്രതിഭകൾ തന്നെയാണ്, ഒരു പക്ഷേ ഈ സിനിമയുടെ ബഡ്ജറ്റും സംവിധായകന്റെ അലക്ഷ്യതയും ഇതിനു കാരണമായിട്ടുണ്ടാവാം) കവി ചങ്ങമ്പുഴയുടെ വരികൾ ഇതിലൊരു ഗാനമായിട്ടുണ്ട്. “ആ രാവിൽ നിന്നോട് ഞാനോതിയ രഹസ്യങ്ങൾ..” എന്നാരംഭിക്കുന്ന ഗാനം ജി വേണുഗോപാലിന്റെ ആലാപനത്താലും ജോയ് ചെറുവത്തൂരിന്റെ സംഗീതത്താലും മനോഹരമായി.

ഏതാണ്ട് കഴിഞ്ഞ മുപ്പതു വർഷത്തോളമുള്ള കേരളത്തിലെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങളും മറ്റും പരാമർശിക്കുന്ന സിനിമയാണ് പ്രഭുവിന്റെ മക്കൾ. യുക്തിവാദിയായ സംവിധായകന്റെ സ്വാനുഭവങ്ങളും ഇതിലേറെയുണ്ടെന്ന് കാണാം. നിരീശ്വ്വരവാദികൾ / യുക്തിവാദികൾ ഇതുവരെ പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയേ ഇതിലും പറയുന്നുള്ളു (അതും വെറും സംഭാഷണങ്ങളായും) പക്ഷെ, വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തെ ഏറെ ആഴത്തിൽ പതിഞ്ഞുകൊണ്ടിരിക്കുന്ന/കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമ പ്രസക്തം തന്നെ. അതുകൊണ്ട് മറ്റെല്ലാ പരാജയഘടകങ്ങളേയും ഓർത്തുകൊണ്ടും ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ടും ഒരു വട്ടമെങ്കിലും ഈ സിനിമ കാണാൻ ശ്രമിക്കണം.

ഇത്തരമൊരു വിഷയം സിനിമയാക്കാൻ മുതിർന്ന സജ്ജീവൻ അന്തിക്കാടിനും അതിനു പണം മുടക്കിയ നിർമ്മാതാക്കാൾക്കും അഭിനന്ദനങ്ങൾ.


Contributors