ഉന്നം - സിനിമാറിവ്യു

Submitted by nanz on Sat, 02/11/2012 - 13:43

1985 ലെ ‘മുത്താരം കുന്ന് പി ഓ‘ മുതൽ 2000ലെ ‘ദേവദൂതൻ‘ വരെ നല്ലതും ഭേദപ്പെട്ടതുമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത കുടുംബ ചിത്രങ്ങളുടെ സംവിധായകൻ എന്ന് ഖ്യാതിയുള്ള സംവിധായകനായിരുന്നു സിബി മലയിൽ. ഈ കാലയളവിൽ പൈങ്കിളി സിനിമകൾ എന്നു വിളിക്കാവുന്ന സിനിമകളും സിബിയുടെ ലിസ്റ്റിൽപെടുമെങ്കിലും 2000 നു ശേഷം ‘ഇഷ്ടം‘ മുതൽ 2011ലെ ‘വയലിൻ‘ വരെ ഭേദപ്പെട്ടൊതൊന്നുമില്ല സിബി മലയിലിന്റെ ക്രെഡിറ്റിൽ. ലോഹിതദാസ് എന്ന എഴുത്തുകാരനുമായുള്ള പിണക്കവും നല്ല തിരക്കഥാകൃത്തുക്കളെ കണ്ടെത്താനുള്ള സിബിയുടെ മനസ്സില്ലായ്മയും(?) അദ്ദേഹത്തെ സിനിമാപ്രേക്ഷകരിൽ നിന്നും അകറ്റിയിട്ടുണ്ട്. ഇതിനിടയിൽ വന്ന നീണ്ട ഇടവേള, സിനിമയുടെ ആഖ്യാനങ്ങളിലും  ആസ്വാദനത്തിലും വന്ന മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളാനുള്ള വിമുഖത ഇതൊക്കെ സിബിയുടെ പിന്മാറ്റത്തിനു ഹേതുവായി. 2010ലെ ‘അപൂർവ്വരാഗം’ എന്ന സിനിമയിലൂടെ സിബി മലയിൽ ഒരു മാറ്റത്തിനു ശ്രമിക്കുന്നു എന്നു തോന്നിപ്പിക്കുന്നുണ്ട്. താരതമ്യേന ചെറിയ അഭിനേതാക്കൾ അഭിനയിച്ച ആ ചിത്രത്തിൽ സിബിയായിരുന്നു ഏക ബാദ്ധ്യത. അപൂർവ്വരാഗത്തിൽ നിന്ന് തന്റെ പുതിയ ചിത്രമായ ‘ഉന്ന’ത്തിലേക്കെത്തുമ്പോൾ ഇതുവരെ കണ്ടു പരിചയിച്ച സിബി മലയിൽ എന്ന സംവിധായകനേയല്ല നമുക്ക് കാണാനാവുന്നത്. മേക്കിങ്ങിലും ആഖ്യാനത്തിലുമൊക്കെ തികച്ചും വ്യത്യസ്ഥമായി കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട പുതിയൊരു സംവിധായകനെയാണ് “ഉന്ന“ത്തിൽ കാണുന്നത്.

കഥാസാരവും കൂടുതൽ വിവരങ്ങളും ഉന്നത്തിന്റെ ഡാറ്റാബേസ് പേജിൽ വായിക്കാം.

2007ൽ ബോളിവുഡിൽ പുറത്തിറങ്ങിയ “ജോണി ഗദ്ദാർ” എന്ന ഹിന്ദി സിനിമയുടെ മലയാളാവിഷ്കാരമാണീ ചിത്രം. (മലയാള സിനിമയിലെ പതിവിനു വിപരീതമായി ചിത്രത്തിന്റെ തുടക്കത്തിൽ അതിന്റെ ക്രെഡിറ്റ്സ് കാണിക്കുന്നുണ്ട്) ജോണി ഗദ്ദാറിലെ കഥാപാത്രങ്ങളെ മലയാള പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടതും കഥയൊരുക്കിയതും സ്വാതി ഭാസ്കർ. ഡേവീഡ് കാച്ചപ്പിള്ളിയും റോയ്സൺ വെള്ളറയും ചിത്രം നിർമ്മിച്ചിരിക്കുന്നു. ലോഹിത ദാസിനു ശേഷം എന്തുകൊണ്ടാണ് സിബി മലയിൽ ചിത്രങ്ങൾ പുറകിലേക്ക് പോയത് എന്ന അതേ കാരണം ഇതിലും ആവർത്തിക്കുന്നുണ്ട്. ത്രില്ലിങ്ങായ സംഭവങ്ങളെ കോർത്തിണക്കുന്നതിലും അതിന്റെ ആഖ്യാന രീതികളിലും ചിത്രം നമ്മെ തൃപ്തിപ്പെടുത്തുന്നുവെങ്കിലും മണ്ണിലേക്കിറങ്ങിയ വേരുകളില്ലാത്ത കഥാപാത്രങ്ങളും അവരുടെ അജ്ഞാതമായ പരസ്പര ബന്ധവുമൊക്കെ കല്ലുകടിയാകുന്നു. സസ്പെൻസ് കൊണ്ടും ട്വിസ്റ്റുകൾ കൊണ്ടും ആദ്യപകുതി ത്രില്ലിങ്ങ് ആകുമ്പോൾ മെലോഡ്രാമകൾ വന്നു നിറയുന്ന രണ്ടാം പകുതി ചിത്രത്തെ നിലവാരത്തകർച്ചയിലേക്ക് കൊണ്ടുപോകുന്നു. ഒരു എന്റർടെയ്നർ എന്ന നിലക്ക് ഏറെ നന്നും അവിശ്വസനീയവും അതി നാടകീയതകൊണ്ടും അതിനൊപ്പംതന്നെ മോശവുമാകുന്നു.

പരസ്പരം  സൌഹൃദവും അതിലേറെ അടുപ്പവുമുള്ള നാലു പേരുടെ ബന്ധങ്ങളുടേയും ആഗ്രഹങ്ങളുടേയും ചതിയുടേയും കഥയാണ് ‘ഉന്ന‘മെന്നു പറയാം. ഇവരിൽ എല്ലാവർക്കും ബഹുമാനമുള്ള സണ്ണിയുടെ (ലാൽ) പഴയ സുഹൃത്ത് ഇപ്പോൾ ബംഗലൂരിലുള്ള സി ഐ ബാലകൃഷ്ണയുടെ കൈവശമുള്ള ഹെറോയിൻ നിയമവിരുദ്ധമായി വിറ്റഴിക്കാൻ വേണ്ടി ഈ നാലുപേരും ഏറ്റെടുക്കുന്ന ദൈത്യമാണ് ഇവരുടെ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുന്നത്. ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും ഇവരുടെ ദൌത്യത്തിന്നിടയിലെ അപ്രതീക്ഷിത ഗതിമാറ്റങ്ങളുമെല്ലാം അല്പം അവിശ്വസനീയതയാണ്. ഒരു ഹിന്ദി ചിത്രത്തെ മൊത്തമായി പകർത്തിവെക്കുന്നതിൽ വന്ന വീഴ്ചയായിരിക്കണം കഥാപാത്രങ്ങളെ മണ്ണിലുറപ്പിക്കാൻ പോരാതെ വന്നത്. ഹിന്ദിയിൽ നിന്നു പകർന്നതാണെങ്കിലും നിലവിലെ മലയാള സിനിമയുടെ സ്ഥിരം രീതിയിൽ നിന്ന് (നായക - പ്രതിനായക രൂപങ്ങളെ) മാറിയുള്ള കഥ പറച്ചിലാണ് ‘ഉന്ന‘ത്തിൽ. ‘അപൂർവ്വരാഗം‘ എന്ന സിനിമയുടെ മേക്കിങ്ങിൽ സിബി ശരാശരിയായിരുന്നെങ്കിൽ ‘ഉന്നം‘ എന്ന പുതിയ സിനിമയിൽ അത് ഒരുപാട് വിജയിച്ചിരിക്കുന്നുവെന്ന് പറയാം. സിബി മലയിൽ എന്നൊരു സംവിധായകനിൽ നിന്ന് പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റമാണ് ഈ സിനിമയിൽ കാണാനാവുക. അജയൻ വിൻസെന്റിന്റെ ക്യാമറയും ബിജിത് ബാലയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ വിജയത്തിനു വളരെ സഹായകരമായിട്ടുണ്ട്. പ്രശാന്ത് മാധവിന്റെ കലാസംവിധാനം പലയിടത്തും കൊള്ളാമെങ്കിലും ‘ഫ്രെയിം മൊത്തം കളർഫുൾ‘ ആകണമെന്ന രീതിയിലാണോ എന്തോ പലയിടങ്ങളിൽ കടും വർണ്ണങ്ങളൊരുക്കിയിട്ടൂണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം പതിവുപോലെ മികച്ചതു തന്നെ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജോൺ പി വർക്കി ഈണം പകർന്നിരിക്കുന്ന ഗാനങ്ങൾ ആകർഷണീയമല്ല.(എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതിയ ഒരു ഗാനം ടൈറ്റിൽ സോങ്ങായി ചിത്രീകരിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഒരു വരി പോലും കേൾക്കാനാവില്ല!)

അഭിനേതാക്കളിൽ ഈ നാൽവർ സംഘത്തിലെ ടോമിയായ പ്രശാന്ത് നാരയണൻ മികച്ചു നിന്നു. ഒപ്പം ലാൽ, നെടുമുടി, റിമ, ശ്വേത എന്നിവരും. പ്രവചനാതീതമായ സ്വഭാവമുള്ള, നായകനെന്നോ വില്ലനെന്നോ വേർതിരിക്കാൻ കഴിയാത്ത സ്വഭാവമുള്ള സങ്കീർണ്ണമായ വ്യക്തിത്വമുള്ള അലോഷി എന്ന ബാർ സിങ്ങർ ആസിഫ് അലിയുടെ കയ്യിൽ നിൽക്കാവുന്ന കഥാപാത്രമായില്ല. ആസിഫിന്റെ അഭിനയത്തകർച്ച ആ കഥാപാത്രത്തെ മൊത്തം പിന്നിലാക്കിക്കളഞ്ഞു. (അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ശരാശരിയിലും താഴെ നിൽക്കുന്ന ആസിഫ് അലിയെ ‘യൂത്ത് ഐക്കൺ‘ എന്നും ‘ഭാവി താരം‘ എന്നൊക്കെ കൊട്ടിഘോഷിക്കുന്നത് എന്താണാവൊ?!)

കുടുംബ സംവിധായകൻ സിബി മലയിലിന്റെ ചിത്രം എന്നൊരു ധാരണയിൽ “ഉന്നം’ കാണാൻ ശ്രമിച്ചാൽ നിരാശപ്പെടേണ്ടി വരും. സിബിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നുള്ള (സിബിയുടെ തന്നെ) ബോധപൂർവ്വമായ മാറ്റമാണ് ഈ ചിത്രം. (പുതിയ കാലത്തിൽ കാഴ്ചപ്പാ‍ടുകളും ആഖ്യാന രീതിയുമൊക്കെ അപ് ഡേറ്റ് ചെയ്യാൻ സിബി ശ്രമിക്കുന്നത് കാണാൻ സാധിക്കും). നല്ല തിരക്കഥകൾ കയ്യിൽ കിട്ടിയാൽ നല്ല സിനിമകൾ ചെയ്യുന്ന സംവിധായകനാണ് സിബി മലയിൽ എന്നൊരു ശ്രുതിയുണ്ട്. അത് ഏറെക്കുറെ ശരിയാണെന്ന് സിബിയുടെ ചിത്രങ്ങൾ പരിശോധിച്ചാൽ അറിയാനും സാധിക്കും. നിർഭാഗ്യവശാൽ ലോഹിതദാസിനും എം ടി ക്കും ശേഷം അങ്ങിനെയൊരു ഭാഗ്യം സിബി മലയിലു കൈവന്നിട്ടില്ല; ഈ ചിത്രത്തിലും.

ഹിന്ദി ചിത്രവുമായുള്ള താരതമ്യവും ചിത്രത്തിന്റെ അവസാനങ്ങളിലെ അവിശ്വസനീയതയും, നാടകീയതയും ഒഴിവാക്കാമെങ്കിൽ (കണ്ണടക്കാമെങ്കിൽ) ഒരുവട്ടം കാണാനുള്ള ത്രില്ലിങ്ങ് ഈ ചിത്രത്തിലുണ്ട്.

Relates to
Contributors