അന്നം വയറിന്റെയും ചിലപ്പോഴൊക്കെ മനസ്സിന്റെയും വിശപ്പകറ്റാം. അന്നത്തിന് ആത്മാവിന്റെ കൂടി വിശപ്പകറ്റാമെന്ന് തെളിയിക്കുകയാണ് വെറും 'അന്നപ്പടം' മാത്രമാകാതിരുന്ന ഉസ്താദ് ഹോട്ടൽ. ജീവന്റെ ആധാരങ്ങളിൽ ഒന്നായ ആഹാരത്തിന്റെ വിവിധ ഭാവാധികളിൽ ഒരുക്കിയ ഉസ്താദ് ഹോട്ടലിലെ മെനുവിൽ രുചിയൂറുന്ന വിഭവങ്ങൾ നിരവധിയാണ്.
ചേരുവകൾ ചേർന്ന കഥക്കൂട്ട്
************************
കറി നന്നാവണമെങ്കിൽ കൂട്ട് നന്നാവണം. സിനിമയിലും കാര്യങ്ങൾ അങ്ങനെ തന്നെ. പ്രധാന കൂട്ടായ തിരക്കഥ നന്നായി. തിരക്കഥ മാത്രമല്ല, അരപ്പും വെപ്പും വിളന്പും നന്നായി. തിരക്കഥാകൃത്ത് അഞ്ജലി മേനോന്റെ പെൺപെരുമയിൽ സംവിധായകൻ അൻവർ റഷീദ് ഒരുക്കിയ നളപാചകം മലയാള സിനിമയിലെ വേറിട്ട വെപ്പാണെന്ന കാര്യത്തിൽ രണ്ടില്ല പക്ഷം.കോഴിക്കോടിന്റെ രുചി വൈവിധ്യമായ ബിരിയാണിയുടെ സ്പെഷ്യലിസ്റ്റ് ആണ് കരീമിക്ക. കോഴിക്കോട് കടപ്പുറത്തുള്ള കരീമിക്കയുടെ ഉസ്താദ് ഹോട്ടലിൽ ദം പൊട്ടിക്കുന്പോൾ ബിരിയാണി മണം കോയിക്കോട്ടങ്ങാടിയില് എത്തുമത്രെ. ഫൈസിയും ഉപ്പൂപ്പയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമ. കരീംക്ക എന്ന തിലകനും ഉപ്പയുടെ വെപ്പുപണി മാനക്കേടായി കാണുന്ന, ഗൾഫിൽ പോയി കോടീശ്വരനായ മകന് അബ്ദുൾ റസാക്ക് എന്ന സിദ്ദീക്കും ലണ്ടനിൽ ഷെഫ് ആകാന്‍ കൊതിക്കുന്ന റസാക്കിന്റെ മകൻ ഫൈസല്‍ എന്ന ദുല്‍ക്കര്‍ സല്‍മാനും... ആണ് സിനിമയിലെ പ്രധാന ചേരുവ. കഥാവഴി തന്നെയാണ് ഉസ്താദ് ഹോട്ടലിലെ ആകർഷകം എന്നതിനാൽ ബാക്കി അറിയാൻ സിനിമ കാണുകയേ നിവൃത്തിയുള്ളൂ !
തിലകനായകം അഥവാ ഉലകനായകൻ
*******************************
ഉസ്താദ് ഹോട്ടലിലെ മാത്രമല്ല, (മലയാള) സിനിമയിലെ മൊത്തം അഭിനയത്തിന്റെ പത്മശ്രീ പട്ടം അണിയാൻ ഒരേ ഒരു നടനേ ഉള്ളൂ, തിലകൻ. കുടിക്കുന്ന ഓരോ സുലൈമാനിയും കഴിക്കുന്ന ഓരോ ബിരിയാണിയും നമ്മെ രുചിയുടെ തടവറയിൽ ഇടുന്നതു പോലെയാണ് തിലകന്റെ അഭിനയവും. ഓരോ സീനിലും കാണികളെ മാന്ത്രികാഭിനയത്തിന്റെ തടവറയിൽ ആക്കുകയാണ് തിലകൻ. കരീമിക്കയ്ക്ക് ജീവനേകാൻ തിലകന് മാത്രമേ കഴിയൂ.
ആഹാരം, പ്രണയം, ആത്മീയത
*************************
‘വയറ് നിറയ്ക്കാന്‍ ആര്‍ക്കും കഴിയും; പക്ഷേ കഴിക്കുന്നവന്റെ മനസ്സ് നിറക്കാന്‍ എല്ലാവര്ക്കും കഴിയില്ല’~ ഭക്ഷണത്തെ പറ്റി കരീമിക്ക ഫൈസിയോട്. ‘ഓരോ സുലൈമാനിയിലും ഓരോ മൊഹബ്ബത്തുണ്ട്’ ~ സുലൈമാനിയെയും പ്രണയത്തെയും പറ്റി കരീമിക്ക ഫൈസിയോട്.‘എങ്ങനെ ഉണ്ടാക്കണം എന്ന് ഇവനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്തിന് ഉണ്ടാക്കണം എന്ന് നീ ഇവനെ പഠിപ്പിക്കണം’ ~ മധുരയിലുള്ള സുഹൃത്തിന് പേരക്കുട്ടി ഫൈസിയുടെ കൈവശം കരീമിക്ക കൊടുത്തുവിടുന്ന കത്തിൽ നിന്ന്.പ്രധാന ഇടങ്ങളിൽ കരീമിക്ക പറയുന്ന ഇത്തരം ഡയലോഗിലൂടെയാണ് സിനിമ അതിന്റെ അതിജീവനം നടത്തുന്നത്, വിശപ്പും മൊഹബത്തും ആത്മീയതയും ആയി ആഹാരത്തോടൊപ്പം സിനിമയും മനസിലേക്ക് പടരുന്നത്.
ബ്രിഡ്ജും അൻവറും സൂഫിസവും
****************************
രാജമാണിക്യവും ചോട്ടാ മുംബൈയും അണ്ണന് തമ്പിയും സംവിധാനം ചെയ്ത അൻവർ റഷീദ് കേരള കഫേയിലെ ഏക ക്ളാസിക് ചിത്രമായ ബ്രിഡ്ജ് ഒരുക്കിയപ്പോൾ നമ്മളെല്ലാം അന്തം വിട്ടു. ആ അന്തം വിടലും അന്ധാളിപ്പും ആകാം അൻവറിനെ ഇത്ര വലിയ ഇടവേളയിലേക്ക് നയിച്ചത്. ബ്രിഡ്ജിന്റെ ഹാങ് ഓവർ (നല്ല രീതിയിൽ തന്നെ) അദ്ദേഹത്തെ വിട്ടു പോയിട്ടില്ലെന്നത് നമ്മുടെ ഭാഗ്യം. കളിചിരികളും പാട്ടും പ്രേമവും ആയി മുന്നേറിയ സിനിമയെ, ഫീൽ ഗുഡ് സിനിമ മാത്രമാണിതെന്ന് മനസ്സിൽ തോന്നിയ വേളയിൽ അൻവറേ, താങ്കൾ ഒരു പറിച്ചു നടൽ നടത്തി. കയ്യടിയും ആർപ്പുവിളിയുമായി മുന്നേറിയ ചെറുപ്പക്കാരായ കാണികളെ കുറച്ചു നിമിഷങ്ങൾ കൊണ്ട് നിങ്ങൾ നിശബ്ദരാക്കി. രുചിയും മണവും നിറവും മാറുന്ന ആഹാര വൈവിധ്യത്തിൽ നിന്ന് വിശപ്പെന്ന ഏകതയിലേക്ക്, മനുഷ്യനന്മയെന്ന സ്നേഹപ്പുഴയിലേക്ക്... അജ്മീർ ദർഗയിലേക്ക് ഭിക്ഷാംദേഹിയായി പോയ കരീമിക്ക എന്ന സൂഫി വര്യനിലേക്ക്... ആ യാത്ര സാധ്യമാക്കാൻ നിനക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ അൻവർ. നന്ദി..!
നവതരംഗത്തിന് സ്കോപ്പില്ല
***********************
നവതരംഗത്തിന് ഈ സിനിമയിൽ സ്കോപ്പില്ല . നായകൻ ബർമൂഡ ധരിക്കുന്നെങ്കിലും ന്യൂ വേവ് ആകാനുള്ളത്ര വലിപ്പക്കുറവ് ഇല്ല. വെള്ളമടി കണ്ടതേയില്ല. കോണ്ടത്തെ പറ്റി െരു കോപ്പന്മാരും മിണ്ടുന്നില്ല. ലിപ് ലോക് ചുംബനമില്ല. പേരിനൊരു വില്ലൻ ഉണ്ടെങ്കിലും വെടിവയ്പില്ല. ഉള്ളത് കുറച്ചധികം മനുഷ്യസ്നേഹം മാത്രം. മലയാളത്തിലെ നവതരംഗത്തിന് തുരങ്കം വച്ച ഉസ്താദ് ഹോട്ടൽ കത്തിക്കണം എന്നു മാത്രമേ പറയാനുള്ളൂ !!
ചില കല്ലുകടികൾ
**************
കയ്യടികൾ കിട്ടിയിരുന്നെങ്കിലും തുടക്കത്തിൽ അഞ്ചു പ്രസവം കാണിച്ച രീതി, ഉടനീളം ഉണ്ടേങ്കിലും നായിക നിത്യമേനോന് വ്യക്തിത്വം ഇല്ലാതെ പോയത്, ഓർത്തഡോക്സ് കുടുംബത്തിൽ ജീവിക്കുന്ന നായിക ഏങ്ങനെയാണ് ഇത്ര റോക്ക് & റോൾ ആയി നടക്കുന്നത്?... കൊച്ചു കൊച്ചു തെറ്റുകൾ. ഇത്രയൊക്കെ ആകാമെങ്കിൽ ഇതൊക്കെ തിരുത്താമായിരുന്നു.
മേന്പൊടി ചേർത്തവ
******************
മാമുക്കോയ, കുഞ്ചൻ, സുനിൽ സുഖദ, ഫേവർ ഫ്രാൻസിസ് ..( അവസാന രണ്ടു പേരിലും സ്വാർത്ഥതയുണ്ട്), അങ്ങനെ നിരവധി പേർ. ലോകനാഥന്റെ ഭംഗിയുള്ള ഫ്രെയിമുകൾ. ഗോപിസുന്ദറിന്റെ മാസ്മരിക സംഗീതം. സ്വാദുള്ള ഭക്ഷണം നമുക്കെല്ലാവർക്കും പ്രിയമാണ്. വിശപ്പുള്ളപ്പോൾ കഞ്ഞിവെള്ളത്തിനും ഉപ്പിനും വരെ പറഞ്ഞറിയിക്കാനാകാത്ത രുചിയാണ്. വിശപ്പോടെ കാണുക, എന്തെങ്കിലും തരാതിരിക്കില്ല ഈ സിനിമ.
________________________@ p.sanilkumar.
Relates to
Article Tags
നല്ല റിവ്യൂ
പറ്റിയാല്‍ കാണണം