ഈ തിരക്കിനിടയിൽ - സിനിമ റിവ്യു

Submitted by nanz on Sat, 02/18/2012 - 12:58

മലയാള സിനിമയും, ആഖ്യാനരീതികളും, ആസ്വാദക വൃന്ദവും ഏറെ മാറിയെങ്കിലും അതൊന്നും തിരിച്ചറിയാതെ ഇപ്പൊഴും വള്ളുവനാടിനും അതിന്റെ ഭാഷക്കും, തറവാടും, പാടവും, കുളവും, മനയും, ഗ്രാമീണ നിഷ്കളങ്ക യുവതിക്കുമൊക്കെ മലയാള സിനിമയിൽ പ്രമുഖമായ സ്ഥാനമോ അല്ലെങ്കിൽ അങ്ങിനെയുള്ള കഥകളേ സിനിമക്കു ചേരുകയുള്ളുവെനന്നൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കൂട്ടം നവപ്രതിഭ(?)കളുടെ, ചർവ്വിതചർവ്വണം ചെയ്യപ്പെട്ട സിനിമാക്കഥ-ആവിഷ്കാരത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ്  ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമാസ് ആലുക്കൽ നിർമ്മിച്ച് പി ആർ അജിത്കുമാർ തിരക്കഥയെഴുതി അനിൽ കാരകുളം സംവിധാനം ചെയ്ത് വിനുമോഹൻ പ്രധാന കഥാപാത്രമായി നടിച്ച “ ഈ തിരക്കിനിടയിൽ” എന്ന ചിത്രം. 

പ്രധാനമായും സ്ക്രിപ്റ്റ്, സംവിധാനം, സംഗീതം, നിർമ്മാണം എന്നിവയിലൊക്കെ തികച്ചും നവാഗതരാണ് ഈ സിനിമക്കു പിന്നിൽ (പിന്നണിയിൽ പിന്നേയും നിരവധി പേരുണ്ട് പുതുതായി) മലയാള സിനിമയിൽ ഇന്ന് കാണുന്ന പുതിയ മാറ്റങ്ങൾക്ക് പിന്നിൽ നവാഗതാരായെത്തുന്നവരോ താരതമ്യേന ഇൻഡസ്ട്രിയിൽ പുതുമുഖങ്ങളായവരോ ആണെങ്കിൽ “ഈ തിരക്കിനിടയിൽ“ എന്ന സിനിമക്കു പിന്നിലെ പുതിയ പ്രതിഭകളിൽ ഈ സിനിമകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷ പുലർത്തുക വയ്യ. അതിനുമാത്രമുള്ള മിന്നലാട്ടങ്ങളൊന്നും ഈ സിനിമയില്ല. ക്യാമറക്കു മുൻപിലും പിന്നിലും പരിചയക്കുറവിന്റേയും പ്രതിഭാദാരിദ്രത്തിന്റേയും നിരവധി തെളിവുകൾ ഉണ്ടുതാനും.

സിനിമയുടെ വിശദ വിവരങ്ങൾക്കും കഥാസാരത്തിനും ഡാറ്റബേസ് പേജിലേക്ക് പോകുക

തന്റെ കന്നിതിരക്കഥക്ക് മറ്റൊരു കഥാബീജമോ പശ്ചാത്തലമോ തിരഞ്ഞെടുക്കാമായിരുന്നു തിരക്കഥാകൃത്ത് പി ആർ അജിത് കുമാറിനു (ഇതിലെ ഗാനരചനയും ഇദ്ദേഹം തന്നെ) പുതുമ തോന്നിക്കുന്നതോ അല്ലെങ്കിൽ പോലും രസകരമായോ സുഗമമായ ഒഴുക്കോടുകൂടിയോ തിരക്കഥയൊരുക്കാൻ അജിത് കുമാറിനായില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന പരാജയം. വളരെ അരസികമായ ആദ്യ പകുതിക്കു ശേഷം ചില കഥാപാത്രങ്ങളുടെ ദുരന്തപൂർണ്ണമായ ജീവിതാവസ്ഥകൾ പ്രതിപാദിക്കുന്ന രണ്ടാം ഭാഗം താരതമ്യേന ആദ്യഭാഗത്തേക്കാൾ ഭേദമാണ് എന്നു മാത്രം. ദുർബലമായ ഈ തിരക്കഥയെ സജ്ജീവമായൊരു സിനിമാക്കാഴ്ചയാക്കാൻ സംവിധായകൻ അനിലിനും സാധിച്ചില്ല. പലയിടങ്ങളും വിരസമായിരുന്നു , പ്രത്യേകിച്ച് ആദ്യ പകുതി. തമാശക്ക് വേണ്ടി കുത്തിനിറച്ച സീനുകൾ പരിതാപകരമെന്നു പറയാതെ വയ്യ. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന മേക്കിങ്ങ് രീതി തന്നെയാണ് സംവിധായകൻ ഇതിൽ പിന്തുടരുന്നത്.

ഈ സിനിമയുടെ പ്രധാന ബാദ്ധ്യത, ഇതിലെ നായകനായി അഭിനയിച്ച(?) വിനുമോഹനാണ്. ചിത്രങ്ങളിത്ര കഴിഞ്ഞിട്ടും അഭിനയത്തിന്റെ ബാലപാഠം മുഴുമിപ്പിക്കാൻ പോലും ആ നടനായിട്ടില്ല. നടനവൈവിദ്ധ്യങ്ങളുടെ തറവാട്ടിൽ നിന്നും വരുന്ന വിനുമോഹനു പാരമ്പര്യത്തിന്റെ പ്രശസ്തി കളയാനേ സാദ്ധ്യമാകു എന്നാണ് ഈ ചിത്രവും തെളിയിക്കുന്നത്. വള്ളുവനാടും തിരുവിതാം കൂറൂം കലർന്ന മിക്സഡ് ഭാഷയാണ് നായകനു പലപ്പോഴും. മിമിക്രി സ്കിറ്റിന്റെ സ്റ്റേജാവതരണങ്ങൾ പോലെയാണ് തമാശകൾ. അഭിനേതാക്കളിൽ നായികയായെത്തിയ മുക്ത യും ഉപനായകനായ ഷാജുവും ഭേദമായിരുന്നു. മുക്തക്ക് അഭിനയ സിദ്ധി വെളിവാക്കാനാവുന്ന വേഷമൊന്നുമല്ലെങ്കിലും നല്ലൊരു അഭിനേത്രിയുടെ സ്ഫുരണങ്ങൾ ഈ നടിയിലുണ്ടെന്നു തോന്നി.(മറുഭാഷാ സിനിമകൾ മലയാള നടിമാരുടെ അഭിനയ സാദ്ധ്യത ചൂഷണം ചെയ്യുമ്പോൾ ‘മലയാളിയുടേ സ്വകാര്യ അഹങ്കാ‍രം’ എന്നൊക്കെയുള്ള ‘വളിപ്പൻ പത്രഭാഷകൾ‘ പടച്ചുവിടുന്നതിനു മുൻപ് ഇത്തരം നടിമാരെ മലയാളത്തിനു ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും) ചെറു വേഷങ്ങളിൽ വന്നു പോകാറുള്ള ഷിജുവിനു ഇതിലെ ജയദേവൻ നമ്പൂതിരി അല്പം ഭേദപ്പെട്ട വേഷമായിരുന്നു. ഷിജു അത് പരമാവധി നന്നാക്കിയിട്ടൂമുണ്ട്. കെ പി എ സി യും, ശോഭാമോഹനും, ജനാർദ്ദനനും ബിജുക്കുട്ടനുമൊക്കെ തങ്ങളുടെ സ്ഥിരം വേഷങ്ങളിൽ വന്നു പോകുന്നുണ്ട്.

എല്ലാ തരത്തിലും അധികം നിലവാരം പുലർത്താത്ത ഈ ചിത്രത്തിൽ പക്ഷേ മനോഹരങ്ങളായ രണ്ടു ഗാനങ്ങളുണ്ടെന്നാണ് ഏക ആശ്വാസം. “വെള്ളി മുകിലേ.., ചെമ്പക വെയിലിന്റെ” എന്നീ ഗാനങ്ങൾ മനോഹരമായിരുന്നു. പുതിയ സംഗീത സംവിധായകൻ ആർ എൻ രവീന്ദ്രനെ സിനിമാലോകം തിരിച്ചറിഞ്ഞാൽ മനോഹരങ്ങളായ ഗാനങ്ങൾ പിറക്കുമെന്ന് ഈ രണ്ടു ഗാനങ്ങൾ സൂചന തരുന്നുണ്ട്. (മറ്റു രണ്ടു ഗാനങ്ങൾ കൂടിയുണ്ട് ചിത്രത്തിൽ)


വാൽക്കഷണം : സിനിമ നല്ലതോ ചീത്തയോ ആകട്ടെ, പക്ഷെ കോടികൾ മുടക്കിയെടുക്കുന്ന ഒരു സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിനു നല്ല പരസ്യ സംവിധാനങ്ങൾ വേണമെന്നു മലയാള സിനിമ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ആ പ്രചാരണമാണ് പ്രേക്ഷകരിൽ ഒരു സിനിമയുടെ പ്രഥമ വിവരങ്ങൾ പങ്കുവെക്കുന്നത്.  പ്രിന്റ് മീഡിയയോടൊപ്പം ഇന്ന് ഓൺലൈൻ മീഡിയയും പ്രചാരണത്തിനു പങ്കു വഹിക്കുന്നുണ്ട്. മികച്ച പ്രചരണങ്ങൾ ഇല്ലെങ്കിൽ പ്രേക്ഷകനറിയാതെ ഓരോ സിനിമയും കടന്നുപോകും. ഇന്നലെ റിലീസായ “ഈ തിരക്കിനിടയിൽ” എന്ന സിനിമയുടെ ഗതിയും മറ്റൊന്നല്ല. തിയ്യറ്ററിലെത്തിയ ഈ ചിത്രത്തെക്കുറിച്ച്  ഭൂരിഭാഗം പ്രേക്ഷകനും അറിഞ്ഞിട്ടില്ല. ഉള്ള പ്രചരണങ്ങളാകട്ടെ(പോസ്റ്റേഴ്സ്) ഈ സിനിമ കാണുന്നതിൽ നിന്നും പ്രേക്ഷകനെ പിൻ വലിക്കുന്നതും. 

Contributors