യേശുദാസിനു ജനപ്രിയമേറിയെങ്കിലും പ്രധാനപാട്ട് എ എം രാജ തന്നെ പാടുന്നു.

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.“സിനിക്ക് പറഞ്ഞത് “ എന്ന ലേഖനത്തിന്റെ മറ്റൊരു എപ്പിസോഡ്. ഒരോ എപ്പിസോഡുകളും മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ്.അക്കാലത്ത് പുറത്തിറങ്ങിയ ഒരോ സിനിമകളിലേയും ഗാനങ്ങളെ ഇഴകീറീ വിലയിരുത്തുന്ന പരമ്പര സിനിക്കിന്റെ സഹായത്തോടെ ശ്രീ.എതിരൻ കതിരവൻ തുടരുന്നു.
86. കടത്തുകാരൻ (1965 ഏപ്രിൽ)

കോഴിക്കോടുനിന്നു വാങ്ങിയ പാവക്കുട്ടിയുമായി വീടണയാൻ തോണി തുഴഞ്ഞു വരുന്ന അച്ഛന്റെ സംതൃപ്തമനസ്സും ഹൃദ്യമായ ആ സമ്മാനത്തിനു കൊതിച്ചു മുറ്റത്തു കാത്തിരിക്കുന്ന മകളുടെ കൊച്ചുഹൃദയവും കൂടി പാവക്കുട്ടിയെക്കുറിച്ചാലപിച്ച യുഗ്മഗാനം  (ഒട്ടൊരു രചനാസൌകുമാര്യവുമുണ്ടതിനു്) ഒരു വിധം ഭേദപ്പെട്ടതാണ്. തലങ്ങും വിലങ്ങും തമിഴരും തെലുങ്കരുമുണ്ടായാലേ മലയാളസിനിമയിലെ പിന്നണിപ്പാട്ടുകൾ തൃപ്തികരമാവൂ എന്നു വന്നുചേർന്നിട്ടുള്ള ഇന്നത്തെ ശോച്യമായ ചുറ്റുപാടിൽ ഉദയഭാനുവിനോടൊപ്പം പാടുന്ന മലയാളിയായ ആ കൊച്ചു നവാഗത-ലത-യുടെ പ്രോത്സാഹനാർഹമായ ശബ്ദത്തിനു സ്വാഗതമരുളുകയെന്നതു സമീചീനമേ ആവൂ. പി. ലീലയുടെ “മുത്തോലക്കുടയുമായ്”, “തൃക്കാർത്തികയ്ക്കു തിരികൊളുത്തുവാൻ” എന്നീ പാട്ടുകൾ മോശമല്ലെങ്കിലും ആ ഗാനങ്ങളുടെ ഔചിത്യമോ സന്ദർഭങ്ങളുടെ പ്രസക്തിയോ വ്യക്തമല്ല………. “മണിമുകിലേ”, “കള്ളച്ചിരിയാണ്“ എന്നീ ജാനകിയുടെ പാട്ടുകളോ, മാധുരിക്കാടാൻ വേണ്ടി ഈശ്വരി പാടിയ ‘രാജഹംസമേ” എന്ന പാട്ടോ യേശുദാസിന്റെ “കണ്ണീർക്കടലിതു” എന്ന പാട്ടോ ഒന്നും തന്നെ ഹൃദയത്തിൽ തങ്ങിനിൽക്കത്തക്കവിധം ഇമ്പമിയന്നതായില്ല. ബാബുരാജിന്റെ സംഗീതസംവിധാനം കേവലം ഇടത്തരം മാത്രമേ ആയുള്ളു. വയലാറിന്റെ ഗാനരചനയാവട്ടെ കവിയുടെ പ്രശസ്തിക്കൊത്തുയർന്നിട്ടുമില്ല.

(ശാന്ത പി. നായരുടെ മകൾ ലതയുടെ സിനിമാപ്രവേശമായിരുന്നു സിനിക്ക് പരാമർശിച്ച “പാവക്കുട്ടീ പാവാടക്കുട്ടീ പിച്ച പിച്ച പിച്ച..” എന്ന ഗാനം.  ലത കുട്ടികൾക്കു വേണ്ടി നിരവധി പാട്ടുകൾ പാടുകയുണ്ടായി ലത. മധു സംവിധാനം ചെയ്ത ‘പ്രിയ’ യിലെ “കണ്ണിനും കണ്ണായ കണ്ണാ..” –ജയഭാരതിയ്ക്കു വേണ്ടി പാടിയത്- വളരെ ശ്രദ്ധിക്കപ്പെട്ടു. ലത അഭിനയരംഗത്തും തന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. ‘ചെമ്മീൻ’ ഇലെ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയുടെ റോൾ  പ്രാധാനയ്മുള്ളതിലൊന്നാണ്).

87. പോർട്ടർ കുഞ്ഞാലി (1965 മേയ്)
ഒരുവിധം തരക്കേടില്ലാത്ത ഈ പടത്തിന്റെ വശ്യതകളിൽ ഭേദപ്പെട്ടവയാണ് അഭയദേവിന്റെ ഗാനരചനയും ബാബുരാജിന്റെ സംഗീതസംവിധാനവും. പാട്ടുകൾ മിക്കതും തരക്കേടില്ല. ……………കട്ടുറുമ്പിന്റെ കാതുകുത്ത് കവി ഹൃദ്യമായി വിവരിച്ചിരിക്കുന്നു. കോമള അത് ഏറെക്കുറെ നന്നായി പാടുകയും ചെയ്തു. മകന്റെ ഇംഗിതപ്പടി താരാട്ടു പാടാനാരംഭിച്ച മാധവി  ‘തകരും കരളിൻ തന്തികൾ മീട്ടി പാടാം പാടാം” എന്നാലപിച്ചപ്പോൾ (ജാനകി) അവിടെ ഉചിതശോകരസം തങ്ങി നിന്നു. അമ്മയുടെ ഹൃദയവേദനയുടെ ആഴമറിയാനിടവന്ന മകൻ പാട്ടുതീർന്നിട്ടുമുറങ്ങാഞ്ഞതായി കാട്ടിയതിൽ കലാപരമായ ഔചിത്യം തെളിഞ്ഞുനിന്നു.
പ്രേമത്താൽ പ്രഫുല്ലചിത്തയായ ആമിന “ജന്നത്തിൽ പൂത്ത താമരയുടെ ഒരു പൊന്നിതൾ നുള്ളി മണത്തോട്ടെ”യെന്നു സലീലം സമ്മതം ചോദിയ്ക്കുന്ന ഹൃദ്യമായ ഭാഗത്തിനു ലീല തന്റെ സ്വരമാധുരിയാൽ കൂടുതൽ ഇമ്പമണച്ചു.  ‘ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ” എന്ന യുഗ്മഗാനവും (പി. ബി. ശ്രീനിവാസ്, പി. ലീല) ശ്രീനിവാസിന്റെ “പൂവണിയുകയില്ലിനിയും” എന്ന പാട്ടും തരക്കേടില്ല. സൂക്ഷ്മദൃക്‌കുകൾ അധികപ്പറ്റെന്നാക്ഷേപിച്ചേയ്ക്കാവുന്ന വണ്ടിക്കാരൻ ബീരാൻ കാക്കയുടെ രണ്ടാംകെട്ടിന്റെ കഥപോലും (ഗാനരചന ശ്രീമൂലനഗരം വിജയൻ, ഗായകൻ സീറോ ബാബു) അരോചകമായിട്ടില്ല.

 (“പൂവണിയുകില്ലിനിയും…” പി. ബി ശ്രീനിവാസിന്റെ ശബ്ദഗാംഭീര്യവും ശോകരസസന്നിവേശവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടാണ്. തികച്ചും ഹിന്ദുസ്ഥാനിമട്ടിലുള്ള ആലാപനവും പാട്ട് വേറിട്ട അനുഭവം സമ്മാനിയ്ക്കുന്നു)

88. കളിയോടം (1965 മേയ്)
ബാലമുരളിയുടെ എട്ടുപാട്ടുകളുള്ളതിൽ പലതിന്നും ഭേദപ്പെട്ട രചനാഗുണം കൈവന്നിട്ടുണ്ട്. പരവൂർ ദേവരാജന്റെ സംഗീതസംവിധാനവും പലയിടത്തും ശ്രദ്ധേയമായവിധം ഗുണപുഷ്കലമായ്ക്കലാശിച്ചിരിക്കുന്നു. കഥാരംഭത്തിലും കഥാവസാനത്തിലും കേൾക്കുന്ന കളിയോടത്തിന്റെ പാട്ട് (തീം സോങ്) മനസ്സിലും കാതിലും ഇമ്പത്തിന്റെ മധുരമുള്ള തുള്ളികൾ വീഴ്ത്തുന്നുണ്ട്. (ആദ്യം ലീല, ജാനകി, യേശുദാസ് എന്നിവരും അവസാനം ജാനകി യേശുദാസ്,പുരുഷോത്തമൻ എന്നിവരുമാണ്. ആ ഗാനം ആലപിക്കുന്നത്). ആദ്യത്തെ പാട്ടിനു കുട്ടികളുടെ ശബ്ദമേകുകയായിരുന്നു ഭംഗി. “മാതളമലരേ” എന്ന പ്രേമഗാനം കമുകറ പുരുഷോത്തമൻ സ്നിഗ്ധമധുരമാക്കി. പുരുഷോത്തമനും  സുശീലയും കൂടെപ്പാടുന്ന “തങ്കത്തേരിലെഴുന്നെള്ളുന്നൊരു തമ്പുരാട്ടീ”, സുശീല പാടുന്ന “ഇല്ലൊരുതുള്ളി പനിനീരുമെൻ കയ്യിൽ” (രണ്ടിലും കവിതാഗുണം തെളിഞ്ഞുകാണുന്നുണ്ട്) എന്നീ ഗാനങ്ങളും നന്നായി. ലീലയുടെ “പമ്പയാറൊഴുകുന്ന നാടേ” എന്ന പാട്ടു മോശമല്ലെങ്കിലും അതു പിരിയ്ക്കുന്ന കയറിന്റെ നീളത്തിനു ഇത്രയും കൃത്യമായൊപ്പിക്കേണ്ടിയിരുന്നോ എന്നൊരു ശങ്ക തോന്നാം അകൃത്രിമദ്യുതിക്കാശിച്ചു നിന്നവർക്ക്.

(“കളിയോടം കളിയോടം..’ എന്ന പാട്ട് രണ്ടു വ്യത്യസ്ത് ടീമുകൾ ആവർത്തിക്കുന്നു എന്ന പ്രത്യേകത പേറുന്നതാണ്. “പമ്പയാറൊഴുകുന്ന നാടേ” സംഘഗാനകമ്പോസിങ്ങിൽ വളരെ മികവു  തെളിയിക്കുന്നതാണ്. “ഇല്ലൊരു തുള്ളി പനിനീരുമെന്റെ കയ്യിൽ” ഹിറ്റ് ആവേണ്ടിയിരുന്ന ഒരു പാട്ട് ആണ്.)

89. കല്യാണഫോട്ടോ (1965 ജൂൺ)
വയലാറെഴുതിയ പാട്ടുകൾ മിക്കതുമൊരുവിധം ഭേദപ്പെട്ടവയായിട്ടുണ്ട്. രഘുനാഥിന്റെ സംഗീതസംവിധാനവും സാ‍മാന്യം കൊള്ളാവുന്നവയത്രേ. “ഓമനത്തിങ്കൾക്കിടാവുറങ്ങൂ” (ലീല), ‘കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ” (ലീല, യേശുദാസ്) എന്നീ ഗാനങ്ങൾ ഒട്ടൊരു ശ്രവണസുഖം തരും.  ‘കാൽ വരിമലയ്ക്കുപോകും’ (ലീല), ‘തപ്പോ തപ്പോ തപ്പാണി (ഗോമതി, രേണുക), ‘ഇന്നെലെയും ഞാനൊരാളെ സ്വപ്നം കണ്ടു’ (ഈശ്വരി), ‘മയിലാടും കുന്നിന്മേൽ’ (ഈശ്വരി), ‘പവിഴമുത്തിനു പോണോ’ (ലീല) എന്നീ പാട്ടുകളും വലിയ മോശമില്ല. തീരെ മോശമെന്നു പറയാവുന്ന പാട്ടൊന്നുപോലും ഈ ചിത്രത്തിലില്ലെന്നിരിക്കിലും ഒന്നാംകിട പാട്ട് ഒന്നെങ്കിലും ഇതിലുൾക്കൊള്ളിയ്ക്കാൻ രഘുനാഥ് ശ്രദ്ധിയ്ക്കാഞ്ഞത് കഷ്ടമായി.

(പി. ലീലയുടെ പ്രാഭവകാലം തുടരുന്ന സൂചനയാണ് ഈ സിനിമയും നൽകുന്നത്. യുഗ്മഗാനമടക്കം നാലു പാട്ടുകളാണ് പി. ലീല പാടുന്നത്. യേശുദാസ് ഒരു യുഗ്മഗാനത്തിൽ മാത്രം. എൽ. ആർ ഈശ്വരി രണ്ടു പാട്ടുകൾ പാടുന്നു).

90. കുപ്പിവള  (1965 ജൂൺ)

മുസ്ലീം സാമൂഹ്യചിത്രങ്ങളിൽ ഒഴിച്ചുകൂടാത്ത ഒരിനമായിത്തീർന്നിരിക്കുന്നു ഒപ്പന. മൂന്നാംതരം ആസ്വാദകന്റെ വിഷയവാസനകളെ തൃപ്തിപ്പെടുത്താനോ എന്തോ, നർമ്മരസത്തികവാൽ വെട്ടിത്തിളങ്ങി ശാലീനസുന്ദരമാകേണ്ട ആ രംഗമെപ്പോഴും ഒരു ഡസൻ സ്ത്രീകളുടെ നിതംബാദ്യവയവചലനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് വാർത്തെടുക്കപ്പെടാറ്. വിവേകശാലിയായ സംവിധായകൻ പ്രകൃതകൃതിയിലും ആ പതിവു വഴിപോലെ ഒപ്പിച്ചിട്ടുണ്ട്. (പാട്ട് മധുരപ്പൂവന—പാടിയത് ഈശ്വരിയും കൂട്ടുകാരും). സിതാർ കമ്പക്കാരനായ മജീദ് തുടങ്ങിവയ്ക്കുന്ന “കണ്മണി നീയെൻ കരം പിടിച്ചാൽ’ എന്ന ഭേദപ്പെട്ട യുഗ്മഗാനത്തിനു (രചന ഭാസ്കരൻ; പാടിയത് എ. എം. രാജ, സുശീല. പാടിയത് രചന പോലെത്തന്നെ കൊള്ളാവുന്നതായി). ഖദീജ ഉള്ളഴിഞ്ഞുതന്നെ പിൻ തുണ നൽകുന്നുണ്ട്. മജീദിനുവേണ്ടി രാജ പാടുന്ന “കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ” എന്ന ഹൃദ്യതയെഴുന്ന ഗാനത്തിന്റെ ചിത്രീകരണവും ഭേദപ്പെട്ടതായി. ഭാസ്കരൻ ഈ താരാട്ടിന്റെ രചനയിലും മനസ്സിരുത്തിക്കാണുന്നു. “കുറുകുറുമെച്ച”മെന്ന ഈശ്വരി നയിക്കുന്ന കോറസ്സിന്റെ ചിത്രീകരണത്തിൽ ചേരി പിരിഞ്ഞു വാശിപിടിയ്ക്കുന്ന പെൺ കിടാങ്ങൾ അവരുടെ അവയവങ്ങൾ ഏതെല്ലാം മട്ടുലച്ചു കാണികളെ രസിപ്പിയ്ക്കാൻ മിനക്കെട്ടിരിക്കുന്നു! ശോകസങ്കുലമായ അന്തരീക്ഷത്തിനു കദനക്കനമേറ്റാൻ യേശുദാസ് പാടുന്ന “കാറ്റുപായ തകർന്നല്ലോ” എന്ന അശരീരിഗാനവും  നമ്മുടെ സിനിമയിലെ ഒഴിച്ചുകൂടാത്ത മറ്റൊരു ഘടകമാണ്. താരാബി (രേണുക) പാടുന്ന “ഇതു ബാപ്പായാ(ഞാ)നുമ്മ” എന്ന പാട്ടും പതിവനുസരിച്ച്തന്നെ. പക്ഷേ ആ രംഗത്തിൽ തത്തിക്കളിയ്ക്കുന്ന സ്വാദിഷ്ടമായ ഓമനത്വം സഹൃദയഹൃദയത്തിലാഭാഗത്തിന്നൽ‌പ്പം സ്ഥലം നേടിക്കൊടുക്കുന്നുണ്ട്.

(ഇക്കാലത്തോടെ യേശുദാസ് തന്റെ സാന്നിദ്ധ്യം (ബാബുരാജിന്റെ തന്നെ ‘താമസമെന്തേ‘ യിലൂടെ) തെളിയിച്ചുകഴിഞ്ഞിരുന്നെങ്കിലും പ്രധാനപാട്ട് എ. എം. രാജ തന്നെ പാടുന്നു. “കണ്മണി നീയെൻ കരം പിടിച്ചാൽ…” ബാബുരാജിന്റെ കയ്യൊപ്പു പതിഞ്ഞ ഡ്യൂവെറ്റ് ആണ്. “കുറുകുറുമച്ചം പെണ്ണുണ്ടോ … എന്ന ഒപ്പന താളമേളക്കൊഴുപ്പാൽ ഉത്സാഹഭരിതമാണ്. “പൊട്ടിച്ചിരിക്കല്ലെ പൊന്മകളേ…” എന്ന പാട്ടിനു “നാ ബോലെ നാ ബോലെ നാ ബോല് രേ…” എന്ന ഹിന്ദിപ്പാട്ടുമായി അടുത്ത സാമ്യമുണ്ട്).

Article Tags
Contributors