കൃഷ്ണനും രാധയും - സിനിമാ റിവ്യൂ

Submitted by nanz on Mon, 10/24/2011 - 09:13

 

“മലയാളത്തിലെ ആദ്യത്തെ അമേച്ച്വര്‍ ഫീച്ചര്‍ ഫിലിം“ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് ഒട്ടു മിക്ക മേഖലകളും കൈകാര്യം ചെയ്ത “കൃഷ്ണനും രാധയും” എന്ന സിനിമ(?). റിലീസ് ചെയ്യുന്നതിനു മുന്‍പേ ഇതിലെ ഗാനങ്ങള്‍ യു ട്യൂബ് വഴി ഏറെ പരിഹസിക്കപ്പെടൂകയും അതുമൂലം ഹിറ്റാകുകയും ചെയ്തതാണ്. ഗാനചിത്രീകരണങ്ങളും ട്രെയിലറുകളുമൊക്കെ യുട്യൂബ് പ്രേക്ഷകര്‍ക്ക് കൌതുകകരമാകുകയും തമാശയുണര്‍ത്തുകയും അതുവഴി ഏറെ വിവാദങ്ങളുമുണ്ടാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിനു പലരും കാത്തിരുന്നു എന്നത് സത്യം. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നതിനും സിനിമയെ പരിഹസിക്കുന്നതിനും വേണ്ടിത്തന്നെ ഈ ചിത്രം കാണാന്‍ അത്യപൂര്‍വ്വ ജനത്തിരക്കുമുണ്ട്. സിനിമ റിലീസ് ആയി മൂന്നാം ദിവസവുംകഴിഞ്ഞിട്ടും ചിത്രം ഹൌസ്ഫുള്‍. സിനിമയുടേ ലാവണ്യരീതികളെ ഒട്ടും പിന്തുടരാത്ത, സമസ്തമേഖലകളിലും പരിപൂര്‍ണ്ണ നിലവാരത്തകര്‍ച്ചയുള്ള വളരെ അമച്ച്വെറിഷ് ആയ (അതിനേക്കാള്‍ താഴെയെന്നും പറയാം) ഒരു സാഹസമാണ്‍ ‘കൃഷ്ണനും രാധയും”.

പ്ലോട്ട് :- വീട്ടുകാരുടെ സമ്മതമില്ലാതെ മിശ്ര വിവാഹിതരായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) രാധ ദമ്പതികളുടെ ദാമ്പത്യജീവിതവും പ്രശ്നങ്ങളുമാണ്‍ മുഖ്യപ്രമേയം.

കഥാസാരം :- വിദ്യാസമ്പന്നനായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) ഫ്ലെക്സ് ബോര്‍ഡ് ഡിസൈനിങ്ങും മറ്റു ആര്‍ട്ട് വര്‍ക്കുകളും ചെയ്യുന്ന ഒരു കലാകാരന്‍ കൂടിയാണ്. സത്യസന്ധനും നീതിമാനുമായ ജോണ്‍ ജോലിക്കൊപ്പം മ്യൂസിക് ആള്‍ബങ്ങളും ചെയ്യുന്നുണ്ട്. ജോണ്‍ സ്നേഹിക്കുന്ന യുവതിയാണ് ഹിന്ദു മതക്കാരിയായ രാധ. ഇവരുടെ പ്രണയം രാധയുടെ അച്ഛന്‍ അറിയുന്നതോടെ ജോണിനെ കാണുന്നതില്‍ നിന്ന് രാധയെ വിലക്കുന്നു. പൂർണ്ണമായ കഥാസാരവും സിനിമയുടെ അണിയറപ്രവർത്തകരുടെ വിവരങ്ങളും മറ്റ് കൗതുകങ്ങളുമൊക്കെ "കൃഷ്ണനും രാധയും" എന്ന ഡാറ്റാബേസ് എൻട്രിയിൽ ലഭ്യമാണ്. ഇവിടെ വായിക്കാം.

സന്തോഷ് പണ്ഡിറ്റ് ആരാണ് എന്താണ് എന്ന് അയാള്‍ തന്നെ അഭിമുഖങ്ങളിലൂടെ വെളിപ്പെടൂത്തിയ അതേ സ്വഭാവങ്ങള്‍ തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിലെ നായകനും കുറേയൊക്കെ നല്‍കിയിരിക്കുന്നത്. മനശാസ്ത്രത്തില്‍ ബിരുദധാരിയായ, ബുദ്ധിമാനായ, ഫ്ലെക്സ് ബോര്‍ഡുകളും ചിത്രങ്ങളും വരക്കുന്ന, ഇടവേളകളില്‍ മ്യൂസിക് ആല്‍ബം ചെയ്യുന്ന നായകന്‍. സ്ക്രിപ്റ്റും സംവിധാനവും അഭിനയവും മാത്രമല്ല സാങ്കേതികവുമായ എല്ല മേഖലകളിലുമടക്കം ഒരു സിനിമ എന്തായിരിക്കരുത്, എങ്ങിനെയായിരിക്കരുത് എന്നതിനു ഏറ്റവും നല്ലൊരു ഉദാഹരണമായി ഈ സിനിമയെ വിലയിരുത്താം (ഇതിനെ ഒരു ‘സിനിമ’ എന്നു വിശേഷിപ്പിക്കാമോ എന്നു എനിക്ക് സംശയമുണ്ട്) അതുകൊണ്ട് തന്നെ ഇതിന്റെ കഥയോ, ഗാനങ്ങളോ, ചിത്രീകരണമോ, അഭിനയമോ ഒന്നും കൂടുതല്‍ പരാമര്‍ശിക്കേണ്ടതില്ല എന്നു തോന്നുന്നു.

ഒരു സിനിമയേയും അതിന്റെ സംവിധായകനേയും തെറിവിളിക്കാനും പരിഹസിക്കാനും വേണ്ടി ആളുകള്‍ കാശ് മുടക്കി തിയ്യറ്ററില്‍ വരുന്നത് ഒരുപക്ഷെ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കണം. ഇന്നലെ സിനിമ കണ്ടപ്പോള്‍ വ്യക്തമായ ഒരു കാര്യം അതാണ്. ഈ സിനിമ കാണാനല്ല, മറിച്ച് അതിന്റെ നിലവാരത്തകര്‍ച്ചയെ ആസ്വദിക്കാനും പരിഹസിക്കാനുമാണ് ജനം എത്തിയിരിക്കുന്നത്. ഓരോ സംഭാഷണങ്ങള്‍ക്കും ജനത്തിന്റെ കയ്യടിയും ബഹളവും (സത്യത്തില്‍ സിനിമയിലെ ഓരോ സീനുകളും സംഭാഷണങ്ങളും വളരെ സീരിയസ് ആണെങ്കിലും നമ്മില്‍ ചിരിയുണര്‍ത്തുമെന്നതാണ്‍ സത്യം) തിയ്യറ്ററില്‍ ജനം ആര്‍ത്തലക്കുകയായിരുന്നു. എന്റെ സിനിമകാണല്‍ അനുഭവത്തില്‍ ഇത്തരത്തിലൊരു പ്രേക്ഷകവൃന്ദത്തേയും തിയറ്റര്‍ സിനിമാകാണല്‍ അനുഭവവും മുന്‍പ് ഉണ്ടായിട്ടില്ല (ഫോര്‍ ദി പ്യൂപ്പിള്‍ എന്ന ചിത്രത്തിലെ ഗാനരംഗത്തിനു പ്രേക്ഷകന്‍ സ്ക്രീനിനു മുന്നില്‍ നൃത്തം ചെയ്യുന്നത് നേരിട്ട് കണ്ടിട്ടൂണ്ട് എന്തായാലും ഈ സിനിമ പകര്‍ന്നു തന്നത് വലിയൊരു എന്റര്‍ടെയ്നര്‍ ആണ്. അത് സിനിമയല്ല സിനിമ കാണാന്‍ വന്ന പ്രേക്ഷക്ന്‍ നല്‍കിയതാണ്‍. കാരണം തിയറ്റര്‍ മുഴുവന്‍ നിറഞ്ഞാടി ആഘോഷമാക്കുകയായിരുന്നു ഈ സിനിമ. ഇടക്ക് ഇന്ത്യാവിഷന്‍ ചാനലുകാരും തിയ്യറ്ററില്‍ വന്ന് എല്ലാം റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു, ഇതെല്ലാം ഒരു നല്ല സിനിമയുടേ ആഘോഷമല്ല മറിച്ച് ആ സിനിമയോടുള്ള പരിഹാസവും പുശ്ചവും കൊണ്ടായിരുന്നു എന്നതാണ്‍ ഏറെ കൌതുകകരം.

വിജയിക്കുന്നവന്റെ കലയാണ് സിനിമ എന്ന് ആരോ പറഞ്ഞിട്ടുണ്ട്. സിനിമയെ ഒരു വിനോദോപാധിയായി ക്കാണാനുമാണ് നല്ലൊരു ശതമാനം പ്രേക്ഷകനും ആഗ്രഹിക്കുന്നത്. സിനിമയുടെ നിലവാരം ഏതുമാകട്ടെ സാമ്പത്തിക വിജയമായാല്‍ ആ സിനിമ നല്ലത് എന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകനും ഇന്‍ഡസ്ട്രിയിലുള്ളവരും ഏറെ. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ കലാപരതയോ നിലവാരമോ ഉയര്‍ത്താനല്ല മറിച്ച് സാമ്പത്തിക വിജയം ഉറപ്പാക്കാനാണ് സിനിമയുടെ സൃഷ്ടാക്കള്‍ മുതല്‍ ഫാന്‍സ് വരെ ശ്രമിക്കുന്നത്. സൂപ്പര്‍ ഹിറ്റും സാമ്പത്തിക വിജയവും ഒരു സിനിമയുടെ വലിയൊരു ഘടകമെങ്കില്‍ റിലീസ് ചെയ്ത് ഇന്നേക്ക് മൂന്നു ദിവസമായിട്ടും എല്ലാ ഷോയും ഹൌസ് ഫുള്ളിലുള്ള സൂപ്പര്‍ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന (കുറഞ്ഞ മുടക്കു മുതലില്‍ കൂടുതല്‍ സാമ്പത്തിക വിജയം) സന്തോഷ് പണ്ഡിറ്റിന്റെ “കൃഷ്ണനും രാധയും“ എന്ന സിനിമയെ എങ്ങിനെ വിശേഷിപ്പിക്കും എന്നതൊരു ചോദ്യമാണ്.

പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സിനിമയല്ല “കൃഷ്ണനും രാധയും”. സിനിമയുടെ ലാവണ്യരീതികളെല്ലാം പോട്ടേ, ഒരു കലാസൃഷ്ടിയുടേ മിനിമം നിലവാരങ്ങള്‍ ഈ സിനിമയില്‍ നമുക്ക് കണ്ടെടുക്കാനാവില്ല. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഇതിനേക്കാള്‍ നിലവാരത്തില്‍ ഒരു സിനിമ ചെയ്യാനായേക്കും പക്ഷെ, ഈ സമകാലിക അവസ്ഥയില്‍ ഇത്തരത്തിലുള്ള ഒരു സിനിമ ഒറ്റക്ക് കൈകാര്യം ചെയ്ത് റിലീസ് ചെയ്യുക എന്നത് വളരെ എളുപ്പമുള്ള സംഗതിയല്ല. കാക്കത്തൊള്ളായിരം സംഘടകളും അവരുടെ ലിഖിതവും അലിഖിതവുമായ ശാസനകളും ഓരോ ആഴ്ചയിലും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന മാടമ്പി നേതാക്കന്മാരും വിദേശ സിനിമകള്‍ ഉളുപ്പില്ലാതെ കോപ്പിയടിച്ച് സ്വന്തം പേരിലിറക്കുന്നവരും പഴയ രതി ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് പണം അടിച്ചുമാറ്റുന്നവരും ഇന്‍ഡസ്ട്രിയിലും പുറത്തും അഹങ്കാരത്തിന്റേയും മാടമ്പിത്തരത്തിന്റേയും പൊങ്ങച്ചത്തിന്റേയും ആള്രൂപങ്ങളാവുകയുമൊക്കെ ചെയ്യുന്ന ഈ മലയാള സിനിമാ വ്യവസായത്തില്‍ ഒരു സന്തോഷ് പണ്ഡിറ്റ് മാത്രം എന്തിനാണ് ഈ തെറിവിളികളും പരിഹാസങ്ങളും കേള്‍ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു സിനിമയുടേ പരമാവധി മേഖലകളും ഒറ്റക്ക് കൈകാര്യം ചെയ്ത് ക്യാമറക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങളെ അണി നിരത്തി ഏറ്റവും കുറഞ്ഞ മുടക്ക് മുതലില്‍ സിനിമ നിര്‍മ്മിച്ച് വിതരണം ചെയ്ത് അത് സൂപ്പര്‍ഹിറ്റാക്കുകയും ചെയ്തിട്ടൂണ്ട് സന്തോഷ് പണ്ഡിറ്റ്. അതൊരു മിടുക്ക് തന്നെയാണ്. സൂപ്പര്‍ എഴുത്തുകാരുടേയും സംവിധായകരുടേയും താ‍രങ്ങളുടേയും ചിത്രങ്ങള്‍ ആദ്യദിവസത്തോടേ ആളില്ലാകസേരകള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ആദ്യ ആഴ്ചയില്‍ ഹോള്‍ഡോവര്‍ ആവുകയും ചെയ്യുന്ന ഈ കാലത്ത് തിയ്യറ്ററിലേക്ക് ബഹുസഹസ്രത്തെ ആകര്‍ഷിക്കുകയും ഓരോ ഷോയും ഹൌസ് ഫുള്ളാക്കുകയും ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റിന്റെ മിടുക്ക് തന്നെയെന്ന് സമ്മതിക്കേണ്ടിവരും. അതൊരു നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ആ നെഗറ്റീവ് പബ്ലിസിറ്റിയെ സന്തോഷ് പണ്ഡിറ്റ് ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചോ ഇല്ലയോ എങ്കിലും.

ഈ സിനിമ മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാള സിനിമയുടെ ഇന്നത്തെ നിലവാരത്തിന്റെ ഒരു “സ്പൂഫ് അവതരണം“ ആണെന്നും പറയാം. ഈ സിനിമയിലെ കഥയോടും ചിത്രീകരണ രീതിയോടുമൊക്കെ ഏറിയും കുറഞ്ഞുമൊക്കെത്തന്നെയാണ് മലയാളത്തിലെ മറ്റു സിനിമകളും. വര്‍ഷങ്ങളായി ഈ പ്രൊഫഷനില്‍ നിലനില്‍ക്കുന്ന പല കലാകാരന്മാര്‍ക്കും ചവറുകള്‍ പടച്ചുവിട്ട് സൂപ്പര്‍ഹിറ്റാക്കാമെന്നിരിക്കേ പുതിയതായി വന്ന സന്തോഷ് പണ്ഡിറ്റിനു ഇത്രക്കെങ്കിലും എന്തുകൊണ്ടായിക്കൂടാ എന്നും ചോദിക്കാം.

എന്തായാലും ഇതൊരു താല്‍ക്കാലിക പ്രതിഭാസമായിട്ടേ കാണാന്‍ കഴിയുന്നുള്ളു. സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമ ഇത്പോലെ സ്വീകരിക്കപ്പെടൂകയോ ഹൌസ് ഫുള്‍ ആകുകയോ ചെയ്യണമെന്നില്ല. യു ട്യൂബിലും മറ്റു ഓണ്‍ലൈന്‍ സ്പേസിലും ഹിറ്റായ/പരാമര്‍ശിക്കപ്പെട്ട/ പരിഹസിക്കപ്പെട്ട ഒരു ആല്‍ബം, സിനിമ എന്ന പേരില്‍ തിയ്യറ്ററില്‍ വരുമ്പോള്‍ എങ്ങിനെയുണ്ടായിരിക്കും എന്നൊരു ക്യൂരിയോസിറ്റി തന്നെയാണ് ഇതിന്റെ വിജയത്തിന്റെ ഘടകമായത്. ഇതിനെത്തുടന്ന് പലരും ഈ രംഗത്തേക്ക് വന്നാലും സന്തോഷ് പണ്ഡിറ്റ് അടുത്ത സിനിമ ചെയ്താലും ഇങ്ങിനെ സംഭവിക്കണമെന്ന് തോന്നുന്നില്ല.

വാല്‍ക്കഷ്ണം : ഈ സിനിമ തിയ്യറ്ററില്‍ മാത്രമേ ആസ്വദിക്കാനാവൂ എന്നതാണ് മറ്റൊരു കാര്യം. അഭിനേതാക്കളുടെ ഓരോ എക്സ്പ്രെഷനും, സംഭാഷണങ്ങള്‍ക്കും ആര്‍ത്തലച്ചു ചിരിക്കുന്ന, സിനിമയിലെ ഗാനങ്ങള്‍ക്കൊപ്പം ജനവും ഏറ്റു പാടുന്ന, മരണ സീനില്‍ പോലും കയ്യടിച്ചു ചിരിക്കുന്ന മൊത്തം ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതിയുണര്‍ത്തുന്ന അന്തരീക്ഷത്തിലാണ് ഈ സിനിമ കാണേണ്ടത്. അതുതന്നെയാണ് ഈ സിനിമ ഇപ്പോള്‍ ഉണ്ടാക്കുന്ന ആഘോഷവും. അതിലപ്പുറം ഇതൊരു സിനിമയേയല്ല..

Contributors