2011 ല്‍ വലിയ സാമ്പത്തിക വിജയവും പ്രേക്ഷകരെ തൃപ്തിപ്പെടൂത്തുകയും ചെയ്ത “ട്രാഫിക്” എന്ന സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ഒരു പിടി പുതിയ സാങ്കേതികപ്രവര്‍ത്തകരേയും താരമൂല്യം ഇല്ലാത്ത അഭിനേതാക്കളേയും അണിനിരത്തിയ പുതിയ ചിത്രമായ “ചാപ്പാക്കുരിശ്” മലയാളത്തിലെ കൊമേഴ്സ്യല്‍ സിനിമയിലെ മറ്റൊരു വ്യത്യസ്ഥ ചിത്രം കൂടിയാണ്. ട്രാഫിക് എന്ന നോണ്‍ ലീനിയര്‍ ചിത്രത്തിന്റെ വിജയം അത്തരം ട്രീറ്റുമെന്റുകളെ അനുകരിക്കുന്ന തരത്തില്‍ കുറച്ച് ചിത്രങ്ങളെ ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ “ട്രാഫികിന്റെ പ്രൊഡ്യൂസറില്‍ നിന്നും” എന്നൊരു പരസ്യ വാചകമാണ് ഈ സിനിമയുടെ മറ്റൊരു ദുരന്തം, കാരണം ; ട്രാഫിക് എന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ രീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു ചാപ്പാകുരിശ് നല്ലൊരു അനുഭവമാകണമെന്നില്ല. എന്നാല്‍ മുന്‍ ധാരണകളില്ലാതെ നല്ലൊരു സിനിമാ ആസ്വാദകനോ സിനിമയെ താല്പര്യപൂര്‍വ്വം പിന്തുടരുന്നവരോ ആണു താങ്കളെങ്കില്‍ ചാപ്പാ കുരിശ് ഭേദപ്പെട്ട (അല്ല; നല്ലതു തന്നെ) ഒരു സിനിമയായി ആസ്വദിക്കാം.
താരങ്ങളല്ലാത്ത കഥാപാത്രങ്ങള്‍, അവരുടെ മികച്ച പെര്‍ഫോര്‍മന്‍സ്, സാങ്കേതിക പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രയത്നം, പുതുമയുള്ള കഥ, സ്വാഭാവികമായ സംഭാഷണ ശൈലി (പല സ്ലാങ്ങുകള്‍ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു) ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയിന്റ്സാണ്. ഒരു പക്ഷേ, മാസ്സ് ഓഡിയന്‍സിനെ തൃപ്തിപ്പെടൂത്താനാവും വിധം ഇതിനെ ഒന്നു Trim ചെയ്തിരുന്നെങ്കില്‍ സമീപകാലത്തെ മറ്റൊരു ഹിറ്റ് ആകുമായിരുന്നു ചിത്രം.
പ്ലോട്ട് : - ഹെഡ് ഓർ ടെയിൽ എന്നതിനു കൊച്ചിയിൽ പറയുന്ന ഒരു സ്ലാംഗ് ആണ് ചാപ്പാ കുരിശ്. ഒരു നാണയത്തിന്റെ രണ്ടുവശം പോലെ വ്യത്യസ്തമായ രണ്ടു വ്യക്തിത്വങ്ങളുടെ കഥയാണ് ചാപ്പാ കുരിശിലൂടെ പറയുന്നത്. എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ച്ചയുള്ളത് പോലെ പ്രകാശത്തിനു പിന്നിൽ ഇരുളുമുണ്ട്..ഉയർച്ചയും താഴ്ച്ചയും പ്രകാശവും ഇരുളും ഒരുമിച്ച് കണ്ടുമുട്ടിയാലെന്താകും എന്നതാണ് ചാപ്പാ കുരിശ് പറയുന്നത്.
ചാപ്പാ കുരിശിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
****************************************************************************************************
വടക്കന്‍ മലബാറില്‍ നിന്നും ഉപജീവനാര്‍ത്ഥം കൊച്ചിയിലെത്തിയ അന്‍സാരി(വിനീത് ശ്രീനിവാസന്‍) യുടെ പ്രാരാബ്ദങ്ങള്‍ അന്‍സാരിയുടെ താല്‍ക്കാലിക ജീവിത പരിസരത്തു നിന്നും ജോലി സ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ്‍ പ്രേക്ഷകനു കൃത്യമായി വായിച്ചെടൂക്കാനാവുന്നത്. നാട്ടില്‍ ഒറ്റക്കാവുന്ന ഉമ്മയും വീടൂം പ്രാരാബ്ദവും കഷ്ടപ്പാടുകളുമൊക്കെ നായകന്റെ നെടുങ്കന്‍ ഡയലോഗുകളിലോ “മോനേ....ഉണ്ണീ...നീയെവിടേ?” എന്നുള്ള അമ്മക്കരച്ചിലു പുരണ്ട ക്ലീഷേ ദൃശ്യങ്ങളിലോ നിന്നല്ല പ്രേക്ഷകന്‍ അറിയുന്നത്, സംവിധായകന്‍ അത് പറയാതെ പറയുകയാണ്. അത്തരത്തില്‍ Subtle ആയിട്ടുള്ള നിരവധി കാര്യങ്ങള്‍, പ്രതികരണങ്ങള്‍ (expressions) ഈ സിനിമയില്‍ ഉടനീളം കാണാം. താമസസ്ഥലത്തെ കളിയാക്കലുകളും കടയിലെ അപമാനവും കേള്‍ക്കുന്ന, പരിക്ഷീണനും അന്തര്‍മുഖനും ഉള്ളുമുടലുമാകെ ഭയം പേറുന്ന ഈ വടക്ക്ന്‍ മലബാറുകാരന്‍ അന്‍സാരിയെ വിനീത് ശ്രീനിവാസന്‍ വളരെ തന്മയത്തത്തോടേയും കയ്യടക്കത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. വിനീതിന്റെ ഇതുവരെയുള്ള സിനിമാ അഭിനയത്തിലെ ഏറ്റവും മെച്ചപ്പെട്ട, വിജയിച്ച വേഷമാണിത്. നഗരത്തിലെ അപ്പര്‍ ക്ലാസ് സന്തതിയും ജീവിതം ആസ്വദിക്കാനുള്ളതാണെന്ന കാഴ്ചപ്പടില്‍ ജീവിക്കുന്ന അര്‍ജുന്‍ എന്ന ആര്‍ക്കിടെക്റ്റിനേ ഫഹദ് ഫാസില്‍ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ‘കയ്യെത്തും ദൂരത്ത്’ എന്ന പിതാവിന്റെ ചിത്രത്തിലൂടെ കയ്യെത്തും ദൂരത്ത് തന്നിലൊരു നടനില്ല എന്നു തോന്നിപ്പിച്ച ഫഹദിന്റെ അത്ഭുത മാറ്റമാണ് ഈ ചിത്രത്തിലെ അര്‍ജുന്‍. അര്‍ജുന്റെ ഓഫിലെ സെക്രട്ടറിയും കാമുകിയുമായ സോണിയയായി അഭിനയിച്ച രമ്യാ നമ്പീശനെ ഇതുവരെ മലയാള സിനിമ ഉപയോഗപ്പെടുത്താഞ്ഞത് മലയാള സിനിമയുടെ നഷ്ടം എന്ന് വേണമെങ്കില്‍ പറയാം.(ഒന്നുരണ്ടിടങ്ങളില്‍ ഏറെ ഉയരത്തിലേക്ക് വരുന്നില്ലയെങ്കിലും) അതോടൊപ്പം സഹ കഥാപാത്രങ്ങളായി സ്ക്രീനില്‍ നിറഞ്ഞ അപ്രധാന അഭിനേതാക്കള്‍ വളരെ സ്വഭാവികമായി അവതരിപ്പിച്ചിട്ടൂണ്ട്. അതൊക്കെയും ഈ സിനിമയുടെ മുതല്‍ക്കൂട്ട് തന്നെയാണ്. ഓരോ പ്രദേശത്തേയും സംസാരഭാഷ കൊണ്ടു വന്നതും തീര്‍ത്തും ഉചിതമായി (ഒരു നഗരത്തിലെ പല ആളുകള്‍ തീര്‍ച്ചയായും പല പ്രദേശത്തുനിന്നുള്ളവരാവുമല്ലോ)
നിരവധി പരസ്യ ചിത്രങ്ങളും ആല്‍ബവും ചെയ്ത ചില സിനിമകളില്‍ ഛായാഗ്രഹണ സഹായിയായിരുന്ന ജോമോന്‍ ടി ജോണ്‍ ആണ് ചാപ്പാകുരിശിന്റെ ഛായാഗ്രാഹകന്‍. വളരെകുറച്ചിടങ്ങളില്‍ കറച്ച്കൂടി നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നു തോന്നിക്കുന്നുവെങ്കിലും സിനിമയുടെ മൊത്തം വിജയത്തിനു ജോമോണിന്റെ ക്യാമറ വലിയൊരു സഹായകമായിട്ടുണ്ട്. മാത്രമല്ല സ്ഥിരം സിനിമകളില്‍ കണ്ടുവരുന്ന മടുപ്പിക്കുന്ന രീതിയുമല്ല ജോമോന്റെ ക്യാമറ ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും 7ഡി - ഡി എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഈ സിനിമയുടെ പലയിടങ്ങളിലും നാലോളം ക്യാമറകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പല സന്ദര്‍ഭങ്ങളിലും കൃത്യമായ ചലന നൈരന്തര്യം (Perfect Action continuity) കൊണ്ടുവരാനും സാധിച്ചു.
ചാപ്പാകുരിശിന്റെ മൂലകഥ, ഹാന്‍ മിന്‍ കിം സംവിധാനം ചെയ്ത ' ഹാന്‍ഡ് ഫോണ്‍ ' എന്ന കൊറിയന്‍ ചിത്രവുമായി തീര്‍ച്ചയായും സാമ്യമുള്ളതാണ്. എങ്കിലും “കോക്ടെയില്‍” എന്ന ചിത്രം പോലെ മുഴുവനായി കോപ്പിയടിക്കാതെ കഥാപാത്രങ്ങളേയും മുഖ്യപ്രമേയത്തെയും അടര്‍ത്തിയെടൂത്ത് മലയാളി ജീവിത പരിസരത്തിലേക്ക്ക് കൊണ്ടു വരാന്‍ കഴിഞ്ഞിട്ടൂണ്ട് (ഇന്‍സ്പൈര്‍ ചെയ്യുന്നതും കോപ്പി ചെയ്യുന്നതും നീതികരിക്കുകയല്ല, കഥക്ക് മൂലകഥ/സിനിമയോട് കടപ്പാട് വെക്കാത്തത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്‍)
ഡോണ്‍ മാക്സിന്റെ എഡിറ്റിങ്ങ് സിനിമയുടെ ദൈര്‍ഘ്യത്തെ ഒരുക്കുന്നതില്‍ പാകപ്പിഴവു പറ്റിയിരിക്കുന്നു എന്നതൊഴിച്ചാല്‍, ചില ചലചിത്ര നിരൂപകര്‍ പറയുന്ന ‘ഡോണ്മാക്സ് കളി’ എന്നൊരു രീതിയേയല്ല ഈ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. സമീറ സനീഷിന്റെ വസ്ത്രാലാങ്കാരം ഈ സിനിമയിലും എടുത്തുപറയേണ്ടുന്ന ഒന്നു തന്നെയാണ്‍. മനോജ് അങ്കമാലിയുടെ മേക്കപ്പും ബംഗ്ലന്റെ കലാ സംവിധാനവും മികച്ചതു തന്നെ. ‘അവിയല്‍‘ മ്യൂസിക് ബാന്‍ഡിലെ റെക്സ് വിജയന്റെ പശ്ചാത്തല സംഗീതം പലയിടങ്ങളിലും മികച്ചു നിന്നുവെങ്കിലും ചിത്രാന്ത്യം വരെ ആ മികവു പുലര്‍ത്താനായില്ല എന്നതാണ് സങ്കടകരം. ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യങ്ങളുടെ തുടര്‍ച്ചക്കു വേണ്ടി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്
സമീര്‍ താഹിര്‍ എന്ന മുന്‍ ക്യാമറാമാന്‍ സംവിധായകനായപ്പോള്‍ ദൃശ്യവിരുന്നു മാത്രം സമ്മാനിക്കാതെ പുതുമയുള്ളൊരു കഥയും പശ്ച്ചാത്തലവും രീതിയുമൊക്കെ തന്നിട്ടുണ്ട് . വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ ടെക്നോളജി എങ്ങിനെ പല രീതിയില്‍ സ്വാധീനിക്കുന്നു എന്നുള്ളതും ടെക്നോളജിയെ എങ്ങിനെ നമ്മള്‍ ഉപയോഗപ്പെടൂത്തുന്നു /ദുരുപയോഗിക്കുന്നു എന്നുള്ളതും പ്രമേയപരിസരത്ത് ഉള്‍ക്കൊള്ളിച്ചതുമൊക്കെ നന്നായിരിക്കുന്നു എന്നാണ് തോന്നിയത്.
പ്രമേയത്തിലും ആഖ്യാനരീതിയിലും അഭിനേതാക്കളേ, സാങ്കേതിക പ്രവര്‍ത്തകരെയൊക്കെ തിരഞ്ഞെടൂക്കുന്നതിലും ഏറേ മികവു പുലര്‍ത്തിയെങ്കിലും ഒരു സിനിമ പൂര്‍ണ്ണമായും എല്ലാ പ്രേക്ഷകനേയും കമ്മ്യൂണിക്കേറ്റ് ചെയ്യാനായോ എന്നിടത്താണ് ചാപ്പാകുരിശിന്റെ പരാജയം. വളരെ ചെറിയൊരു പ്രമേയം വലിച്ചു നീട്ടാതെ ഏറ്റവും ക്രിസ്പായ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ (മിനിമ 15 - 20 മിനുട്ടെങ്കിലും ഇതില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണ്) ഈ സിനിമ മാസ്സ് പ്രേക്ഷകരെ തീര്‍ച്ചയായും ആഹ്ലാദിപ്പിക്കുമായിരുന്നു എന്നു മാത്രമല്ല, അത്രയും സമയമേ ഈ പ്രമേയം ദൃശ്യവല്‍ക്കരിക്കാന്‍ വേണ്ടിയിരുന്നുള്ളു എന്നതാണ് സത്യം. അവിടേ സംവിധായകനും എഡിറ്ററും ചേര്‍ന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്നു കാണാം.
ഒരു പുതുമുഖ സംവിധായകന്‍ / തന്റെ ആദ്യ ചിത്രം എന്ന രീതിയില്‍ കൈകുറ്റപ്പാടുകള്‍ ഏറെയുണ്ടേങ്കിലും സമീര്‍ താഹിറും സംഘവും ഏറേ മുന്നില്‍ തന്നെയാണ്, ആ നിലക്ക് നോക്കിയാല്‍ ഒരു വ്യത്യസ്ഥ സിനിമ എന്ന നിലയില്‍ ചാപ്പാക്കുരിശിന് നല്ലൊരു മാര്‍ക്ക് കൊടൂക്കാം. എന്തുകൊണ്ടെന്നാല്‍, മലയാള കൊമേഴ്സ്യല്‍ സിനിമയിലെ സ്ഥായിയായ സാമ്പ്രദായിക രീതികളെ ദൃശ്യഭാഷ കൊണ്ടും ആഖ്യാന രീതികൊണ്ടും പ്രവര്‍ത്തന രീതികൊണ്ടുമൊക്കെ കീഴ്മേല്‍ മറിക്കുന്നുണ്ട്. ക്രിയാത്മക യുവത്വത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളുള്ള നിരവധി പേര്‍ ചാപ്പാക്കുരിശിന്റെ അകത്തും പുറത്തുമായുണ്ട്, വാര്‍പ്പു മാതൃകളെ തകര്‍ത്തെറിയാന്‍ വേണ്ടിത്തന്നെ. അതുമാത്രം മതി മലയാള കമേഴ്സ്യല്‍ സിനിമ ഇനി പുതിയ ആവിഷ്കാര യുഗത്തിലേക്ക് പ്രവേശിച്ചു എന്നു കരുതാന്‍.
പിന്‍ കുറിപ്പ് : മുന്‍പ് പറഞ്ഞപോലെ വ്യത്യസ്ഥത ആസ്വദിക്കാനുള്ള മനസ്സും, സിനിമയെ ഗൌരവപൂര്‍വ്വവും കൌതുകപൂര്‍വ്വവും പിന്തുടരുന്ന വ്യക്തിയുമാണ് താങ്കളെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണണം, അതല്ല, സിനിമയെന്നാല്‍ ഉച്ച ബിരിയാണിക്കു ശേഷം പോപ്പ്കോണ്‍ കൊറിച്ച് മൊബൈലില്‍ സംസാരിച്ച് റിലീഫ് ചെയ്യാനുള്ള ഒന്നാണെങ്കില്‍ പ്ലീസ് ഒരു മാസം വെയ്റ്റു ചെയ്യു, സുരാജിന്റെ പൊളപ്പന്‍ ഡയലോഗോടെ സിബി കെ തോമാസ്, ഉദയ് കൃഷ്ണ എന്നിവരുടെ പുതിയ സിനിമയിറങ്ങുന്നുണ്ട്. അതുവരെ കാത്തിരിക്കൂ.
Relates to
Article Tags
Contributors