കളക്റ്റർ-സിനിമാറിവ്യു

Submitted by nanz on Sun, 07/15/2012 - 22:22

കൊച്ചി നഗരം എന്നും സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്, ക്രിമിനലിസത്തിന്റെയും കൊട്ടേഷന്റേയും , മറ്റു മാഫിയകളുടേയും ‘പുണ്യഭൂമി’യായാണ് പലപ്പോഴും കൊച്ചി നഗരം മലയാള സിനിമയില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത് (ഈയിടെയായി അത് മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമായിട്ടുണ്ട്) എ ക്യൂബ് പ്രൊഡക്ഷന്‍സ് & വൈ വൈ സിനിമാക്സിന്റെ ബാനറില്‍ അബ്ദുള്‍ അസീസും വി വി സാജനും നിര്‍മ്മിച്ച് അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത “കലക്ടര്‍” എന്ന (രണ്ട് വര്‍ഷം മുന്‍പേ നിര്‍മ്മിച്ച) പുതിയ സിനിമയിലും കഥ മറ്റൊന്നുമല്ല. ഭൂ മാഫിയക്കാരും കൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്ക് തണലായി അധികാരി വര്‍ഗ്ഗങ്ങളും വിഹരിക്കുന്ന കൊച്ചി നഗരത്തില്‍ ഒരു ജില്ലാ കലക്ടര്‍ നടത്തുന്ന ഐതിസാഹസികമായ ശുദ്ധീകരണങ്ങളാണ് ഈ സുരേഷ് ഗോപി ചിത്രത്തിലും.

പ്ലോട്ട് : റിയല്‍ എസ്റ്റേറ്റ് മാഫിയയും തീവ്രവാദികളും അധികാരവും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്ന കേരളത്തിലെ കൊച്ചി നഗരത്തിലേക്ക് കേരള മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ജില്ലാ കലക്ടറായി വരുന്ന അവിനാശ് വര്‍മ്മ ഐ എ എസ് ജില്ലയില്‍ നടപ്പാക്കുന്ന ജനക്ഷേമ നടപടികളും അതിനെത്തുടര്‍ന്ന് മാഫിയകളുടെ എതിര്‍പ്പു നേരിടേണ്ടി വരികയും അവിനാശ് വര്‍മ്മ ഈ ക്രിമിനലുകള്‍ക്കെതിരെ നടത്തുന്ന സന്ധിയില്ലാ യുദ്ധവും.

കഥാസാരവും മറ്റ് വിവരങ്ങളും കലക്ടറുടെ എം3ഡാറ്റാബേസ് പേജിൽ ലഭ്യമാണ്.

മത്സരം, ബെന്‍ ജോണ്‍സന്‍, രാഷ്ട്രം എന്നിവയായിരുന്നു അനില്‍ സി മേനോന്റെ മുന്‍ ചിത്രങ്ങള്‍. ബെന്‍ ജോണ്‍സണ്‍ എന്ന കലാഭവന്‍ മണി ചിത്രം മികച്ച വാണിജ്യ വിജയം നേടീയ ഒന്നായിരുന്നു. മുന്‍ റിവ്യൂവിലെ പരാമര്‍ശിച്ച ‘ഫിലിം സ്റ്റാര്‍‘ എന്ന ചിത്രം പോലെ കലക്ടറും ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയ ചിത്രമായിരുന്നു.

തമിഴ് ആക്ഷന്‍ ചിത്രങ്ങളുടെ ക്യാമറാ രീതിതന്നെയവലംബിച്ച് ഗുണശേഖരനും മനോജ് പരമഹംസയും ചേര്‍ന്നൊരുക്കിയ ദൃശ്യങ്ങള്‍ ഒരു ആക്ഷന്‍ ചിത്രത്തിനു വേണ്ട ചടുലതയുണ്ടാക്കിയിട്ടുണ്ട്. ഡി ഐ ചെയ്ത് പുറത്തിറക്കിയ ഈ ദൃശ്യഖണ്ഡങ്ങള്‍ ആക്ഷന്‍ ചിത്രത്തിന്റെ മൂഡ് സമ്മാനിക്കുമെങ്കിലും നിര്‍മ്മാണത്തിന്റെ കാല ദൈര്‍ഘ്യം കൊണ്ടാണോ എന്നറിയില്ല ചില സമയങ്ങളിലെ ദൃശ്യങ്ങള്‍ക്ക് ടോണ്‍ വ്യതിയാനവും മങ്ങലും സംഭവിക്കുന്നുണ്ട്. വി ടി ശ്രീജിത്തിന്റെ എഡിറ്റിങ്ങും മഹേഷ് ശ്രീധറും ജോസഫ് നെല്ലിക്കനും ഒരുക്കിയ കലാസംവിധാനവും ചിത്രത്തിനു ചേര്‍ന്നു നില്‍ക്കുന്നു. രാജാമണിയുടെ പശ്ച്ചാത്തല സംഗീതം ഒരു മാറ്റവുമില്ലാതെ തുടരുന്നു ഈ സിനിമയിലും, ഏതു ദൃശ്യങ്ങള്‍ക്കും കനത്ത സംഗീതം വേണമെന്നു നിര്‍ബന്ധമുള്ളതുപോലെയാണ് ഇതിലും. മാഫിയ ശശി ഒരുക്കിയ സംഘട്ടനങ്ങളും പതിവില്‍ പടി തന്നെയെങ്കിലും അമാനുഷിക - പറക്കല്‍ പ്രക്രിയക്ക് ഒരുങ്ങിയിട്ടില്ലെന്നത് ആശ്വാസം. അന്തരിച്ച ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് കെ രഘുകുമാര്‍ ഈണം നല്‍കി യേശുദാസ് ആലപിച്ച ഒരു മനോഹരഗാനം ചിത്രത്തിലുണ്ട്. ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ ഗാനമായിത്തന്നെ കേള്‍ക്കാനായിരിക്കും നമ്മള്‍ കൂടുതലിഷ്ടപ്പെടുക. ചമയമെന്നാല്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഭംഗിയായി അണിയിച്ചൊരുക്കുക എന്നതായിരിക്കണം മേക്കപ്പ് ചെയ്ത തോമസ് ധരിച്ചിരിക്കുന്നതെന്നു തോന്നുന്നു. മേയറെ ബന്ദിയാക്കുന്ന പശ്ചിമ കൊച്ചിയിലെ, ആഴ്ചകളോളം കുടിവെള്ളം പോലും കിട്ടാത്ത തെരുവില്‍ നിന്നു വരുന്ന ചേരി നിവാസികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകക്കു പോലുമുണ്ട് കല്യാണപ്പെണ്ണിന്റെ ചമയം.

അന്തരിച്ച നടന്‍ സുബൈറും വിവാഹിതയായി സിനിമാ രംഗം വിട്ട തമിഴ് - മലയാളം നടി മോഹിനിയും ഈ ചിത്രത്തില്‍ ഉണ്ട്. അവര്‍ക്ക് മാത്രമല്ല അഭിനയിച്ച ആര്‍ക്കും തന്നെ പുതിയതായി ഒന്നും ചെയ്യാനില്ല, ഓരോ പോലീസ് - ആക്ഷന്‍ - പൊളിറ്റിക്കല്‍ ചിത്രങ്ങളില്‍ പതിവു വേഷമാടുന്ന തങ്ങളുടെ കഥാപാത്രങ്ങളുടെ മുന്നൊരുക്കത്തിനും പ്രകടനത്തിനും ആര്‍ക്കും അധികം മിനക്കെടേണ്ടിവന്നിട്ടുമുണ്ടാവില്ല. മുന്‍ ഷാജി കൈലാസ് ചിത്രങ്ങളില്‍ കാണുന്ന സ്ഥിരം വേഷങ്ങളുടേ ആവര്‍ത്തനം തന്നെ ഇതിലും.

നിരവധി തമിഴ് ചിത്രങ്ങളില്‍ നമ്മള്‍ കണ്ടു മറന്ന സീനുകളും ഷോട്ടൂകളും മാത്രമല്ല, ഹിറ്റായതും അല്ലാത്തതുമായ മലയാള സിനിമയെ ഓര്‍മ്മപ്പെടൂത്തുന്ന സന്ദര്‍ഭങ്ങളും ഈ ചിത്രത്തില്‍ കാണാം. ഹിറ്റ് ചിത്രങ്ങളുടെ അനുകരണമായിരിക്കണം മൌലികതയേക്കാള്‍ സംവിധായകന്‍ അനില്‍ സി മേനോന്‍ താല്പര്യം. നെടുമുടിയും കവിയൂര്‍ പൊന്നമ്മയും പകര്‍ന്നാടൂന്ന വേഷങ്ങളില്‍ അവര്‍ക്ക് മടുപ്പില്ലെങ്കിലും പ്രേക്ഷകനു മടുത്തിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കണം. സുഹൃത്തുക്കളേപ്പോലെയുള്ള ചേട്ടന്‍ - അനിയന്‍ ഹൃദയ ബന്ധം, സത്യസന്ധനായ നായകനെ ചേട്ടനും കുടൂംബവും തെറ്റിദ്ധരിക്കുന്നതും അമ്മയടക്കമുള്ള കുടുംബക്കാര്‍ തള്ളിപ്പറയുന്നതുമൊക്കെ ഇനിയും ആരു കണ്ടിരിക്കുമെന്നാണ് ഈ സിനിമാക്കാര്‍ കരുതുന്നത്? ക്ലീഷേകളേ പൊളിച്ചടുക്കാന്‍ യൌവ്വനം കത്തിജ്വലിക്കുന്ന നവ സിനിമാ പ്രവര്‍ത്തകര്‍ മലയാള സിനിമയിലെത്തിയതും തുടക്കമിട്ടതുമൊന്നും ഇവര്‍ അറിഞ്ഞില്ലേ? സുരേഷ് ഗോപി എന്ന താരവും ജില്ലാ കലക്ടര്‍ / കമ്മീഷണര്‍ എന്ന പദവിയും കൊട്ടേഷന്‍ സംഘങ്ങളും പശ്ചാത്തലമായി കൊച്ചി നഗരവും പുതിയ മേമ്പൊടിയായ തീവ്രവാദവും ഉണ്ടേങ്കില്‍ (പിന്നെ അവിടവിടെ ഇത്തിരി സമകാലീന സംഭവങ്ങളും) നല്ലൊരു മലയാള സിനിമാക്കറിയായി എന്നു വിശ്വസിക്കുന്ന സിനിമാ പ്രവര്‍ത്തര്‍ ഇപ്പോഴും ഉണ്ടല്ലോ എന്നതില്‍ നമ്മള്‍ പ്രേക്ഷകരാണ് ലജ്ജിക്കേണ്ടത് ( സിനിമാക്കാര്‍ക്ക് നാണം വരുമെന്നോ? ഉം.. നാണം പോലും നാണിച്ചു പോകും)

വാല്‍ക്കഷണം : ഈയിടെയായി മലയാളത്തിലിറങ്ങുന്ന സിനിമകളുടെ ടൈറ്റില്‍ ക്രെഡിറ്റ്സ് നിങ്ങള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഭാഗ്യവാന്മാര്‍. ഓരോ ക്രെഡിറ്റ്സും വായിച്ചു തീരുമ്പോഴേക്കും സെക്കന്റുകള്‍ക്കുള്ളില്‍ മറഞ്ഞു പോകും. ഇതൊന്നും പ്രേക്ഷകന്‍ വായിക്കണ്ട എന്നു കരുതി ബോധപൂര്‍വ്വം ചെയ്യുന്നതാണോ എന്തോ?!

കലക്ടര്‍ എന്ന ഈ സിനിമയുടെ സ്ക്രിപ്റ്റ് ആരാണെന്നറിയാന്‍ സ്ക്രീനില്‍ സാകൂതം നോക്കിയിരുന്നിട്ടും വായിച്ചു വരുമ്പോഴേക്കും മാഞ്ഞുപോയി (രണ്ടു പേരാണ് തിരക്കഥ) എങ്കില്‍ ഓണ്‍ലൈന്‍ പ്രൊമോ സൈറ്റുകളില്‍ നിന്നോ ഒഫീഷ്യല്‍ ട്രെയിലറില്‍ നിന്നോ തപ്പിയെടുക്കാം എന്നു കരുതിയിട്ടും നോ രക്ഷ! ഒരിടത്തും സ്ക്രിപ്റ്റ് റൈറ്ററുടെ പേരില്ല. ഒരിടത്തു പോലും.....:(

Relates to
Contributors