1988-ല്‍ കമല്‍ സംവിധാനം ചെയ്ത 'ഓര്‍ക്കാപ്പുറത്ത്' എന്ന ചിത്രം, രത്നങ്ങൾ ഒളിപ്പിച്ച സ്ഥലത്തിന്റെ മാപ്പ്, ഒരു പിയാനോയിൽ ഉണ്ടെന്നു മനസിലാക്കിയ ചിലര്‍ അത് ലഭിക്കുവാനായി പിയാനോ അന്വേഷിച്ചിറങ്ങുന്നതാണ്. 2015-ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഡബിള്‍ ബാരല്‍', ശതകോടികള്‍ വരെ വിലകിട്ടിയേക്കാവുന്ന ലൈലാ-മജ്നുവെന്ന, ഒറ്റയ്ക്ക് വിലയില്ലാത്ത, രണ്ട് അമൂല്യരത്നങ്ങളുടെ കച്ചവടത്തിനിറങ്ങുന്ന പാഞ്ചോയും വിന്സിയുമെന്ന രണ്ട് പേരെയും, ഈ രത്നങ്ങള്‍ കൈവശപ്പെടുത്താനോ കച്ചവടത്തിലൂടെ സ്വന്തമാക്കാനോ അവക്ക് പിറകെ പരക്കം പായുന്ന ഒരു കൂട്ടം ആളുകളെയുമാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളില്‍ സിനിമയില്‍, ആഖ്യാനങ്ങളില്‍, സാങ്കേതികതയില്‍ പരീക്ഷണങ്ങള്‍ പലതുണ്ടായി, പല മാറ്റങ്ങളും സ്വീകരിക്കപ്പെട്ടു. നമ്മുടെ മുഖ്യധാര സിനിമ, കാലങ്ങളായി അനുവര്‍ത്തിക്കുന്ന ആഖ്യാന രീതി ഏതാണ്ട് ഒന്നുതന്നെയാണ്. അതില്‍ തുടര്‍ച്ചയായി വലിയ പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചവര്‍ വളരെ കുറവാണ്. സിനിമയുടെ വിജയമെന്നത് പൊതുവെ വിലയിരുത്തുന്നത് അതിന്റെ ജനപ്രിയതയില്‍ ആയതുകൊണ്ട് തന്നെ, ഇവിടുത്തെ പരീക്ഷണങ്ങള്‍ നടത്തിയവരില്‍ വിജയിച്ചവര്‍ വളരെ കുറവാണ്.
പ്രധാന കഥാപാത്രങ്ങള്‍-അവരുടെ പശ്ചാത്തലം, കഥയിലുണ്ടാകുന്ന വഴിത്തിരിവുകള്‍, സ്വാഭാവികമായ കഥാന്ത്യം, എന്നിങ്ങനെ സാധാരണമായ കഥാരൂപം ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ 'ഓര്‍ക്കാപ്പുറത്ത്' പോലെയാകുവാന്‍ ചിലപ്പോള്‍ 'ഡബിള്‍ ബാരലി'നും കഴിയുമായിരുന്നു. തന്റെ സമകാലീനരായ സംവിധായകര്‍ വിജയഫോര്‍മുലകളില്‍ വട്ടം കറങ്ങുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഇതുവരെയുള്ള നാല് ചിത്രങ്ങളിലും ആഖ്യാനരീതി ആവര്‍ത്തിക്കുന്നില്ലെന്ന് കാണാം. 'ഡബിള്‍ ബാരലി'ലും പുതിയ ചില ആഖ്യാനങ്ങള്‍ക്ക് ശ്രമങ്ങളുണ്ട്.
എണ്ണമറ്റ കഥാപാത്രങ്ങളും അവയുടെ പശ്ചാത്തലങ്ങളും അന്യോന്യം കൂടിച്ചേരുക, കാഴ്ചയില്‍ അസാധാരണരായ കഥാപാത്രങ്ങളും അവരുടെ പേരുകളും, ആക്ഷന്‍ രംഗങ്ങളിലെ ഹൈ സ്പീഡ് സിനിമാട്ടോഗ്രാഫിയുടെ ഉപയോഗം എന്നിങ്ങനെ ഗായ് റിച്ചിയുടെ ആദ്യ രണ്ട് സിനിമകളുടെ സ്വാധീനം ('ലോക്ക് സ്റ്റോക്ക് ആന്‍ഡ് ടു സ്മോക്കിംഗ് ബാരല്‍സ്, സ്നാച്ച്) 'ഡബിള്‍ ബാരലി'ല്‍ പ്രകടമാണ്. ഇവയ്ക്കൊപ്പം സിനിമയുടെ സ്വഭാവത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നതും അല്ലാത്തതുമായ കോമിക്സുകളുടെ ശൈലി, ഗാംഗ്സ്റ്റര് കോമഡി എന്നിങ്ങനെ ചിലത് കൂടി ചേര്‍ക്കാം. ചുരുക്കത്തില്‍ അധോലോക കഥകള്‍ കൂടിക്കലരുന്ന ഒരസംബന്ധ സിനിമയാണ് 'ഡബിള്‍ ബാരല്‍'.
'ഡബിള്‍ ബാരല്‍' എന്ന ചിത്രത്തിന്റെ ആരംഭത്തില്‍ പ്രധാനപ്പെട്ട മൂന്ന് സ്ലൈഡുകളുണ്ട്. "എഴുതിവെക്കാവുന്നതും സങ്കല്പ്പിച്ചെടുക്കുവാന് സാധിക്കുന്നതെല്ലാം നിങ്ങള്‍ക്ക് തീര്‍ച്ചയായും സിനിമയാക്കാ"മെന്ന (If it can be written, if it can be imagined, it can be shot) സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കിന്റെ വാചകമാണ് ആദ്യത്തേത്. രണ്ടാമത്തേതും മൂന്നാമത്തേതും ലിജോയുടെ മുന്‍ ചിത്രമായ 'ആമേനി'ലെ കുമരംങ്കരിയില് നിന്നുള്ള പരിചിതരായ രണ്ട് കഥാപാത്രങ്ങള്‍, ചാച്ചപ്പനും തെറുതയും, പ്രേക്ഷകരോട് പറയുന്നതായാണ്. അവയില്‍ ഒന്ന്, "ശാസ്ത്രജ്ഞര്‍ ലോജിക്കുകളെ കുറിച്ച് ഗവേഷണം ചെയ്യുന്നതിനും മുന്‍പുള്ള കാലഘട്ടത്തിലാണ് ഈ സിനിമ"യെന്നും, മറ്റൊന്ന്, "ഈ ചിത്രത്തില്‍ കെനിയ, ജപ്പാന്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരെല്ലാം സംസാരിക്കുന്നത് മലയാളമാണെ"ന്നും പറയുന്നു (വാചകങ്ങള്‍ ഓര്‍മ്മയില്‍ നിന്നും എഴുതുന്നതുകൊണ്ട് ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം). ചുരുക്കത്തില്‍ പ്രേക്ഷകന്റെ യുക്തിബോധവും ചിന്തയും തീരെ പരിഗണിക്കാതെയുള്ള അസംബന്ധ ജടിലമായൊരു സിനിമയാണിതെന്ന് തുടക്കത്തില്‍ തന്നെ സംവിധായകന് കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട്.
സിനിമയുടെ ആസ്വാദനം എപ്പോഴും സിനിമയെക്കുറിച്ചുള്ള പ്രേക്ഷകന്റെ അറിവുമായി ബന്ധപ്പെട്ടതാണ്. സിനിമയെ സംബന്ധിച്ച അറിവുണ്ടാകുന്നത് സിനിമയെ കണ്ടും അതിനെ കുറിച്ച് വായിച്ചുമുള്ള പരിചയത്തില്‍ നിന്നാണ്. പൊതുവേ സിനിമയെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ക്കിടയില്‍ ഭേദപ്പെട്ട അഭിപ്രായം നേടിയിരുന്നുവെങ്കിലും ലിജോയുടെ 'സിറ്റി ഓഫ് ഗോഡ്' പൊതുപ്രേക്ഷകസമൂഹം പാടേ നിരാകരിച്ച ചിത്രമാണ്. മുഖ്യധാരാ സിനിമയുടെ പൊതുആഖ്യാനരീതിയായ ആദിമദ്ധ്യാന്തമുള്ള കഥാകഥനമല്ലാതെ ഹൈപ്പര്‍ ലിങ്ക് ആഖ്യാനരീതിയായിരുന്നു ആ ചിത്രത്തിലേത്. പ്രേക്ഷകര്‍ക്ക് പൊതുവേ പരിചിതമല്ലാത്ത ആഖ്യാനമല്ലാത്തതുകൊണ്ട് തന്നെ വളരെ കൃത്യമായ ഏകോപനം ആ ചിത്രം ആവശ്യപ്പെട്ടിരുന്നു. അതിലെ പോരായ്മകള്‍ ആയിരുന്നിരിക്കാം നടപ്പുരീതി പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്ക് അരുചിയായി ചിത്രം അനുഭവപ്പെട്ടത്.
'ഡബിള്‍ ബാരലി'ല്‍ തീയറ്ററിലെ മോശം പ്രതികരണത്തിന് പ്രധാനമായും നാല് കാരണങ്ങളാണ് തോന്നിയത്. വളരെ മുന്‍പേ പുറത്ത് വന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ 'അടിയില്ല, വെടിമാത്രം' എന്നായിരുന്നു. തുടര്‍ന്നുവന്ന ചിത്രത്തിന്റെ താരനിബിഡമായ പരസ്യങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക ഒരു 'ആക്ഷന്‍ പാക്കേജ്' ആയിരുന്നിരിക്കണം. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ ഒരസംബന്ധ ഗാംഗ്സ്റ്റര് കോമഡിയാണ് ചിത്രം. ചിക്കന്‍ ബിരിയാണി പ്രതീക്ഷിച്ചെത്തിയവര്‍ തൈര് സാദം കിട്ടി തൃപ്തിയാകാതെ പതിവിന്‍പടി തനിനിറം കാണിച്ചു. രണ്ടാമത്, സിനിമയുടെ റിലീസിന് തൊട്ടുമുന്‍പ് പുറത്തുവന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന ടീസറുകള്‍ അല്‍പ്പം വൈകിപ്പോയി, അല്ലെങ്കില്‍ പ്രേക്ഷകരിലേക്ക് അവ വേണ്ടത്ര എത്തിയില്ല. അവ കുറച്ചുകൂടി പ്രചരിച്ചിരുന്നുവെങ്കില് പ്രേക്ഷകര്‍ക്ക് കൃത്യമായ തെരഞ്ഞടുപ്പിന് സാധിക്കുകയോ, ചിത്രത്തിനെ കുറിച്ച് ഒരു ധാരണയില്‍ എത്തുന്നതിന് സഹായകമാകുകയോ ചെയ്യുമായിരുന്നു. മൂന്നാമത്, ഈ ചിത്രം തീയറ്ററില്‍ എത്തിയ സമയമാണ്. കുടുംബങ്ങള്‍ കൂട്ടത്തോടെ നമ്മുടെ നാട്ടില്‍ സിനിമക്കെത്തുന്ന കാലമാണ്, ഓണവും ക്രിസ്തുമസ്സും വിഷുവുമെല്ലാം. വിദ്യാര്‍ത്ഥികളുടെ അവധിക്കാലവും കുടുംബങ്ങള്‍ കൂട്ടമായി ഈ സമയത്ത് എത്തുന്നതിന് കാരണമാണ്. കുടുംബ പ്രേക്ഷകര്‍ വര്‍ഷങ്ങളായി സ്വയം പരുവപ്പെടുത്തിയിരിക്കുന്നത് സീരിയലിന് തൊട്ട് മുകളില്‍ നില്ക്കുന്ന, ആഖ്യാനത്തിന്റെ പ്രാകൃതരൂപം പിന്തുടരുന്ന 'താരങ്ങള്‍ അഭിനയിച്ച ഒരു സിനിമ' കാണാനാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിജയിച്ച ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. പുതിയതെന്തെങ്കിലുമുള്ള സിനിമകള്‍ ആദ്യ നാളുകളില്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചരിത്രം തന്നെയില്ലല്ലോ.. നാലാമത്, സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ സിനിമയില്‍ കയറി വരുന്ന ചില പാട്ടുകള്‍ അവസാന തീരുമാനംപോലെ സിനിമയെ കയ്യൊഴിയുവാന്‍ പ്രേക്ഷകരെ നിര്‍ബന്ധിക്കുന്നു.
'ഡബിള്‍ ബാരലി'ല്‍ ശ്രദ്ധിക്കേണ്ട, രസാവഹമായ ചിലതുണ്ട്. കോമിക് പുസ്തകങ്ങളുടെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്ന വിധം കാരിക്കേച്ചര്‍ ശൈലിയിലാണ് നടീനടന്മാര് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സമാനമായ ഒന്ന്, മലയാളത്തില്‍ ഓര്‍മ്മ വരുന്നത് കെ.ജി ജോര്‍ജിന്റെ 'പഞ്ചവടിപ്പാല'ത്തിലെ കഥാപാത്രങ്ങളാണ്. ഹോളിവുഡ് സിനിമകള്‍ മലയാളത്തില്‍ ഡബ്ബുചെയ്ത് വൃത്തികേടാക്കുന്നതിന്റെ രീതിയിലാണ് ചിത്രത്തില്‍ മലയാളത്തില്‍ കെനിയന്‍ സംഘങ്ങളും റഷ്യന്‍ സംഘങ്ങളുമൊക്കെ സംസാരിക്കുന്നത്. മുന്‍ചിത്രമായ 'സിറ്റി ഓഫ് ഗോഡി'ല്‍ അനില്‍ മുരളി അവതരിപ്പിച്ച പൊടിയാടി സോമൻ എന്ന കഥാപാത്രം 'ഡബിള്‍ ബാരലി'ലും പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. മറ്റൊരു ചിത്രത്തില്‍, തീര്‍ത്തും വ്യത്യസ്തമായ കഥാപശ്ചാത്തലത്തില്‍ ഒരു കഥാപാത്രം, പ്രധാന കഥാപാത്രങ്ങളിലൊന്നായി അവതരിപ്പിക്കപ്പെടുന്നതിന് മലയാളത്തില്‍ ഏറെ ഉദാഹരണങ്ങള്‍ ഉണ്ടാകാനിടയില്ല. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലെ തങ്ങള്‍ വി.കെ പ്രകാശിന്റെ 'ട്രിവാണ്ട്രം ലോഡ്ജി'ലും 'അഴകിയ രാവണനി'ലെ ടൈയ്ലര്‍ അംബുജാക്ഷന് 'ചിറകൊടിഞ്ഞ കിനാവുകളി'ലും ആവര്‍ത്തിച്ചതാണ് ഇതിന് മുന്‍പുള്ള ചില ഉദാഹരണങ്ങള്‍ (ഉദാഹരണങ്ങള്‍ ഫേസ്ബുക്കിലെ m3db ഗ്രൂപ്പ് ചര്‍ച്ചയില്‍ നിന്ന്). 'ആമേനി'ല്‍ അപ്പച്ചനോടൊപ്പം പ്രത്യക്ഷപ്പെടുന്ന മാലാഖമാര്‍ ചിത്രത്തില്‍ ക്രിസ്തുവിനൊപ്പം പ്രത്യക്ഷപ്പെടുകയും, ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങള്‍ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്യുന്നുണ്ട്.
'ഗുഡ് ഫെല്ലാസ്', 'സൈക്കോ' മുതലായ ചിത്രങ്ങളുടെ ടൈറ്റില്‍സ് വിഭാവനം ചെയ്ത സോള്‍ ബാസ് പറയുന്നത്, ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനും അതിന്റെ സ്വഭാവത്തിനും ഇണങ്ങുന്ന മാനസികാവസ്ഥയിലേക്ക് ടൈറ്റില്‍ സീക്വന്‍സിലൂടെ പ്രേക്ഷകനെ ഉയര്‍ത്തുവാന്‍ കഴിയുമെന്നാണ്. ടൈറ്റിലിന് ശേഷം ചിത്രം തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകന് ചിത്രവുമായി ഇഴുകി ചേര്‍ന്നിരിക്കും. സമീപകാലത്ത് ഓര്‍മ്മയില്‍ നില്ക്കുന്ന അത്തരത്തിലുള്ള ഒന്നായിരുന്നു, 'ആമേനി'ലെ ടൈറ്റില്‍ സോങ്ങും അനിമേഷനും. 'ഡബിള്‍ ബാരലി'ല്‍ ടൈറ്റില്‍ സീക്വന്‍സിന് ഒരു ആനിമേറ്റഡ് സ്റ്റോറിലൈന്‍ തന്നെയുണ്ട്. 'അത്തള പിത്തള തവളാച്ചി'യെന്ന ടൈറ്റില്‍ സോങ് വരാനിരിക്കുന്ന സിനിമയുടെ സ്വഭാവത്തിനെ അടയാളപ്പെടുത്തുന്നുണ്ട്.
മലയാള സിനിമാ പ്രേക്ഷകന് പരിചിതമായ ഒരു കഥയെ, പുതിയ അന്തരീക്ഷത്തില്‍ അവതരിപ്പിക്കുകയായിരുന്നു ലിജോ 'ആമേനി'ല്‍ ചെയ്തത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ആ പരിചിത കഥാരൂപമായിരിക്കണം ഒരുപക്ഷേ, പൊതുപ്രേക്ഷകസമൂഹത്തെ തീയറ്ററില്‍ പിടിച്ചിരുത്തിയത്. 'ഡബിള്‍ ബാരലി'ല്‍ കഥയും അന്തരീക്ഷവും ആഖ്യാനവും അപരിചിതമായപ്പോള് പ്രേക്ഷകര്‍ അസ്വസ്ഥരായി. പതിവ് കാഴ്ചയില്‍ നിന്നും വേറിട്ട ചിത്രങ്ങളെ വിജയിപ്പിക്കുകയാണ് വേണ്ടത്, അല്ലെങ്കില്‍ കുറഞ്ഞപക്ഷം പ്രോത്സാഹിപ്പിക്കുന്ന സമീപനമെങ്കിലും കൈക്കൊളുവാന് കഴിയുക. അതില്‍ കാലങ്ങളായി പ്രേക്ഷകര്‍ താല്‍പ്പര്യമൊന്നും തീരെ പ്രകടിപ്പിക്കാത്തതുകൊണ്ട് നമുക്കിടയിലേക്ക് വില്ലാളിവീരന്മാരും രാജാധിരാജകളും ഇനിയും വേഷം മാറി വരുമെന്ന് ഉറപ്പിക്കാം.
ഈ സിനിമയോട് വിയോജിപ്പുകള്‍ ഇല്ലെന്നല്ല, മലയാളത്തില്‍ തീര്‍ത്തും പുതിയ ഒന്നിനെ അവതരിപ്പിച്ചതിലെ ധൈര്യവും, സാങ്കേതികതയുടെ ഉപയോഗത്തിലെ മികവും കണ്ടില്ലെന്ന് നടിക്കാനാകാത്തതുകൊണ്ട് വിയോജിപ്പുകളെ മനപൂര്‍വ്വം മറക്കുകയാണ്. അറിവുള്ള, ഉത്തരവാദിത്തമുള്ള പ്രേക്ഷകര്‍ക്കാണ് നല്ലൊരു സിനിമാമേഖലയെ ഉണ്ടാക്കി എടുക്കുവാന്‍ കഴിയുന്നത്. കണ്ടുപരിചയിച്ച സിനിമാ രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായ സിനിമകള്‍ ഉണ്ടെന്ന് പരിചയപ്പെടാനോ അറിയുവാനോ വേണ്ടിയെങ്കിലും സിനിമയോട് അനുഭാവമുള്ള പ്രേക്ഷകര്‍ നിര്‍ബന്ധമായും ഈ സിനിമ കാണണം.
നല്ല ലേഖനം ഷാജി , വേറിട്ട
നല്ല ലേഖനം ഷാജി , വേറിട്ട ശ്രമം എന്ന നിലയിൽ ഡബിൾ ബാരൽ അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും -നല്ല സിനിമ ,കാണേണ്ട സിനിമ എന്ന ലെവലിലേക്ക് വിവിധ കാരണങ്ങളാൽ എത്താതെ പോയൊരു ശ്രമം -എന്നാണ് മനസ്സിലാകുന്നത് -എന്നാൽ വ്യത്യസ്ഥത മനസ്സിലാകാതെ ,ഈ സിനിമയുടെ രീതി മനസ്സിലാവാഞ്ഞിട്ടാണ് പ്രേക്ഷകർ തെറി വിളിക്കുന്നത് എന്നെനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് ,ലോക സിനിമയുമായി അത്യാവശ്യം നല്ല രീതിയിൽ ബന്ധമുള്ള ,നിലവാരമുള്ള ലോക സിനിമകൾ കാണുന്നൊരു ജെനരെഷനാണ് ഇപ്പോഴുള്ളത് -
ഒരു സിനിമ നന്നായോ അല്ലയോ എന്നൊക്കെ മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി അവർക്കുണ്ട് -
ഡബിള്‍ ബാരലി'ല്‍ കഥയും അന്തരീക്ഷവും ആഖ്യാനവും അപരിചിതമായപ്പോള് പ്രേക്ഷകര്‍ അസ്വസ്ഥരായതാവില്ല -അപരിചിതമായത് കണ്‍വിന്‍സിംഗ് ആയി ചെയ്യുവാൻ സംവിധായകൻ പരാജയപ്പെട്ട് കാണണം ,അതുകൊണ്ടാവണം പ്രേക്ഷകർക്ക് പിടിക്കാതെപോയതും .
ഇപ്പോൾ കണ്ടു വന്നതേ ഉള്ളൂ
ഇപ്പോൾ കണ്ടു വന്നതേ ഉള്ളൂ
ഈ പറഞ്ഞതു ന്യായം << സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ സിനിമയില്‍ കയറി വരുന്ന ചില പാട്ടുകള്‍ >>
ചിത്രത്തിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ ആയിരുന്നു അവസാന പത്ത് മിനിറ്റ് .