ഇതൊക്കെ പറയാൻ താനാരാ..??"
"ഞാനോ, ഒരു മണ്ടൻ, നിനക്കൊക്കെ വോട്ടു ചെയ്യാൻ വിരൽ നീട്ടുന്ന മന്ദബുദ്ധി"
ഈ സിനിമയുടെ സ്വഭാവത്തെപ്പറ്റി ഒരേകദേശ ധാരണ ഉണ്ടാക്കാൻ സി.പി.സ്വതന്ത്രൻ ഒരു രാഷ്ട്രീയ നേതാവിനോട് പറയുന്നതായ ഈ സംഭാഷണങ്ങളും ദിവസങ്ങൾക്ക് മുന്നേ നമ്മളൊക്കെ രണ്ടുകൈയും നീട്ടി സ്വീകരിച്ച "ഉപ്പിനു പോണ വഴിയേത്?" എന്ന പാട്ടും ധാരാളം..
പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ആദരവ് പറ്റാൻ വേണ്ടി നിർമ്മിക്കപ്പെട്ട് ചില പ്രതിസന്ധികൾ നേരിടുന്ന ഒരു ഗാന്ധിയന്റെ പ്രതിമയുടെയും, സ്ഥിരം ഭാവത്തിനൊരയവ് പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ആർക്കും വേണ്ടാതായിപ്പോയ ഒരേശു പ്രതിമയുടെയും കണ്ണും കണ്ണും നോക്കിയുള്ള നോട്ടം പിന്നീട് നമ്മളോട് കഥ പറയാനുള്ള ദൌത്യമണിഞ്ഞെന്നോണം പരസ്പരം സംസാരിച്ച് തുടങ്ങുകയാണ്.
മരുമകന്റെ സ്വത്ത് മോഹവും, അവസാനകാലത്ത് ഉണ്ടായ അവകാശിയുടെ വിശേഷങ്ങളും ഒക്കെ ഗാന്ധിയൻ യേശുവിനോട് പങ്കു വെക്കുന്നു. കൂടുതൽ സപ്പോർട്ടിനായി ഒരു കാക്ക അവരുടെ ഇടയിൽ എത്തുന്നു. കാക്കക്കും സ്വനതമായൊരു ഐഡൻ്റിറ്റി ഉണ്ട് എന്നത് അവതരണത്തിൽ കാണിക്കാൻ ശ്രമിച്ച കൌശലങ്ങളിലൊന്ന്.
കോക്രാങ്കരയും, സി.പി.സ്വതന്ത്രനും, മൂപ്പരുടെ ചങ്ങായിമാരും, അവർ പങ്കുവെക്കുന്ന വർത്തമാന സാമൂഹികാവസ്ഥയിൽ നിന്ന് കടം കൊണ്ട ചില ഫലിതങ്ങളും ആയി മുന്നോട്ട് പോയ കഥ , നിന്നും ഇരുന്നും കിടന്നും പരീക്ഷിച്ച് പരാജയമാകുന്ന സമരങ്ങളെ പോലെ ഹീറോയിസത്തിന് അടിയറ വെച്ച് അവസാന ഭാഗങ്ങളിൽ കാട്ടിക്കൂട്ടലിലൊതുങ്ങുന്നു. സ്വതന്ത്രനിലെ "നായക" പരിവേഷത്തിനൊരവധി കൊടുത്തിരുന്നെങ്കിൽ പ്രതിമകളും കാക്കയും ചേർന്ന് മുന്നോട്ട് നയിക്കുന്ന സിനിമ നല്ലൊരന്ത്യത്തോടെ വേറൊരു ലെവലിലേക്ക് ഉയർന്നേനെ..ഈ വിധം ഒഴിവാക്കാനാവാത്തതെന്നോണം പിന്തുടർന്ന ചില കീഴ്വഴക്കങ്ങൾക്കപ്പുറം പരീക്ഷണ സിനിമയുടെ മുഴുവൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സംവിധായകൻ ശ്രമിച്ചെങ്കിലെന്ന് ആശിച്ച് പോയി.
ഒരു ഗ്രാമത്തെ മുൻ നിർത്തി കഥ പറയുമ്പോൾ മുഖ്യ കഥാപാത്രത്തിന് അകമ്പടി പറ്റേണ്ട സാധാരണക്കാർ ഇവിടെയും ഉണ്ട്. കമ്മ്യൂണിസവും വിപ്ലവവും ഒക്കെ അവിടെയും ഇവിടെയുമായി അവരിൽ ചിലർ പറയുന്നുമുണ്ട്. സ്വയം വലിയവനാകുക, അച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള സമ്മതം നേടിയെടുക്കുക, തന്റെ സ്വത്ത് കൈയടക്കി വച്ചിരിക്കുന്ന പഞ്ചായത്ത് അധികാരികൂടിയായ സോമൻ തമ്പിയെ തോൽപ്പിക്കുക.. ഈ വകകളായ ലക്ഷ്യങ്ങളിലേക്കുള്ള ശ്രമങ്ങളും അമളികളും ആണ് ആദ്യഭാഗങ്ങളിൽ. സമരങ്ങൾക്ക് വെറൈറ്റികളേറെ പരീക്ഷിക്കപ്പെടുന്ന നാട്ടിൽ തന്റെ പ്രതിമാ ആവശ്യം നേടിയെടുക്കാനായി സെക്രട്ടറിയേറ്റിനു മുന്നിലെത്തുകയാണ് സ്വതന്ത്രൻ. മാസങ്ങളും, വർഷങ്ങളുമായി നീതിക്ക് വേണ്ടി സമരം ചെയ്യുന്നവരുടെയും, വാർത്തകൾക്ക് ആഘോഷിക്കപ്പെടലിന്റെ മുഖം കൽപ്പിച്ചു വെച്ച നവയുഗ മാധ്യമപ്രവർത്തകരുടെയും ഇടയിൽ നിന്നയാൾ തിരിച്ചറിവിലേക്ക് എത്തുന്നു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും അത് ആവശ്യമുള്ളിടത്ത് മാത്രം പ്രയോഗിക്കപ്പെടേണ്ടതാണെന്ന തോതിൽ ഒരു വക്കീൽ കഥാപാത്രം സ്വതന്ത്രനോട് സംസാരിക്കുന്നുണ്ട്. ഒരു പക്ഷേ ഇതിന് ശേഷം സംഹാരത്തിന്റെ കുപ്പായമണിയുന്നതെന്ന പോലെ നായകൻ സാഹസികനാകുന്നു. സ്വതന്ത്രന്റെ ചില പ്രവൃത്തികൾ സ്വാർത്ഥവും , അയാൾക്കുണ്ടാവുന്ന ബോധോദയത്തിന്റെ നേർ വിപരീതമായി അനുഭവപ്പെടുന്നതും ആകുന്നിടത്ത് രാഷ്ട്രീയത്തെയോ സാമൂഹ്യാന്തരീക്ഷത്തെയോ പ്രത്യക്ഷത്തിൽ ഒന്ന് തലോടുക എന്നതിലധികമായി എന്തെങ്കിലും ചെയ്യാനുള്ള ഒരു ശ്രമം തിരക്കഥയുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് വ്യക്തമാകുന്നു.
കുറച്ച് ചിരിയും പ്രമോ സോംഗിൽ പരാമർശിച്ചു കേട്ട സമകാലീന രാഷ്ട്രീയത്തിൽ നിന്നുടലെടുത്ത അത്തരം ഹാസ്യ പരാമർശങ്ങളുടെ തുടർച്ചയും പ്രതീക്ഷിച്ചെടുത്ത് ഞാൻ വലിയൊരു നിരാശയെ അഭിമുഖീകരിക്കേണ്ടി വന്നില്ല. പ്രത്യക്ഷമായ ആസ്വാദനത്തിനുമപ്പുറത്തുള്ള കാര്യങ്ങളെ ഇഴകീറി പറയാമെങ്കിലും , ഇന്നത്തെ സാഹചര്യത്തിൽ സമാന്തര സംരംഭങ്ങളൊഴിച്ചുള്ള ഒന്നിനും അത്തരം സാഹസങ്ങളാവശ്യമല്ലെന്ന് തോന്നുന്നു. മനപ്പൂർവ്വം ചെയ്യുന്ന വിട്ടുവീഴ്ചകൾ തന്നെയാവണം പലപ്പോഴും ലാഭത്തെ മുടക്കു മുതലിന്റെ ഇരട്ടികളായി അവരിലേക്ക് എത്തിക്കുന്നത്.
പൂർണ്ണമായും സത്യസന്ധമായ പരീക്ഷണ സമീപനങ്ങളുടെ തകർച്ചകൾ എല്ലാവർക്കും ഒരു ഭീഷണി തന്നെയാവും. സീനിയോരിറ്റി ഇന്ന് ഒന്നിന്റെയും തോതായി ആരും കണക്കാത്തിടത്ത് പ്രത്യേകിച്ചും..
എന്നിരുന്നാലും ഇതു പോലൊരു നല്ല ചിന്തയെ അപൂർണ്ണമായ തൃപ്തി മാത്രം നൽകി അവതരിപ്പിച്ചാൽ പോരായിരുന്നു..
പഞ്ചവടിപ്പാലം പോലൊരു സറ്റയർ സിനിമയിലേക്ക് ഇനിയുമൊരുപാട് അടി ദൂരം ഉണ്ടെന്നത് വ്യക്തമാണെങ്കിലും ചെറിയ തോതിലെങ്കിലും സിനിമ ശ്രമിച്ചിരിക്കുന്നത് സാമൂഹിക വിമർശനം തമാശാ രൂപത്തിലവതരിപ്പിച്ച് ആ പാലത്തിനടുത്ത് എത്താനാവണം..
എന്തൊക്കെയായാലും ഈ ഓണക്കാലത്ത് തിയേറ്ററില്‍ പോയി മുൻവിധികളില്ലാതെ, ചെറു ചിരികളോടെ ഒരു തവണ ഉട്ടോപ്യയുടെ രാജാവിനെ കാണാം..