അമ്മാത്ത് ചെല്ലാനാവാതെ ചിറകൊടിഞ്ഞ കിനാവുകൾ.. - മുകേഷ് കുമാർ

മലയാളത്തിലെ മുഴുനീള സ്പൂഫ് എന്ന ലേബലുമായാണ് "ചിറകൊടിഞ്ഞ കിനാവുകള്‍" വരുന്നത്. (ആദ്യത്തേതാണോ എന്നത് സിനിമാ ചരിത്രകാരന്‍മാര്‍ പറയേണ്ട കാര്യമാണ്). ഉദയനാണു താരത്തിലും, സരോജ് കുമാറിലുമൊക്കെ നമ്മള്‍ ഇത് കണ്ടിട്ടുള്ളതുമാണ്. മറ്റു ഭാഷകളുടെ കാര്യമെടുത്താല്‍ ലക്ഷണമൊത്ത 2 സ്പൂഫ് സിനിമകളാണ് പെട്ടെന്ന് ഒാര്‍മ്മയില്‍ വരുന്നത്. ശശാങ്ക് ഘോഷിന്റെ ഹിന്ദി ചിത്രമായ "ക്വിക് ഗണ്‍ മുരുകന്‍"...പിന്നെ തമിഴില്‍ സി വി അമുദന്റെ "തമിഴ് പടം". ഷാരൂഖ് ഖാന്റെ "ഒാം ശാന്തി ഒാം", "ചെന്നൈ എക്സ്പ്രസ്" എന്നീ സിനിമകളിലും നിരവധി സ്പൂഫ് രംഗങ്ങളുണ്ടായിരുന്നുവല്ലോ!

ലാല്‍ ജോസിന്റെ 'അഴകിയ രാവണനിലെ' കഥാപാത്രമായ അംബുജാക്ഷനും അയാളുടെ തിരക്കഥയായ "ചിറകൊടിഞ്ഞ കിനാവുകളും' സിനിമാ പ്രേമികള്‍ ആരും മറക്കാനിടയില്ല. "ഇവിടെ കല്യാണം...അവിടെ പാലുകാച്ച്" എന്ന പ്രയോഗം മലയാളികളുടെ നിത്യജീവിതത്തിലെ സംഭാഷണത്തിന്റെ ഭാഗമായി വരെ മാറി. അതില്‍ ഒരു സിനിമയ്ക്കുള്ള കഥാ തന്തു കണ്ടെത്തിയ തിരക്കഥാകൃത്ത് പ്രവീണും സംവിധായകന്‍ സന്തോഷ് വിശ്വനാഥും അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ അതില്‍ എത്ര മാത്രം വിജയിച്ചിട്ടുണ്ട് എന്നത് നമുക്ക് പരിശോധിക്കാം..

ലാല്‍ജോസിന്റെ തന്നെ നറേഷനില്‍ തുടങ്ങുന്ന സിനിമയില്‍ നാം കാണുന്നത് അംബുജാക്ഷന്‍ തന്റെ തിരക്കഥയുമായി ഒരു സംവിധായകനെയും നിര്‍മ്മാതാവിനെയും "ഹോളിഡേ ഇന്നി"ല്‍ വച്ച് കാണുന്നതാണ്. അംബുജാക്ഷന്‍ തിരക്കഥ വായിക്കുമ്പോള്‍ അതൊരു സിനിമയായി നമ്മുടെ മുന്നില്‍ തെളിയുന്നു. തയ്യല്‍ക്കാരനും സുമതിയും ഗള്‍ഫ്കാരനും (യു കെ-ക്കാരനും) ഒക്കെ കഥാപാത്രങ്ങളാകുന്ന ആ സിനിമയ്ക്കുള്ളിലെ സിനിമയും അംബുജാക്ഷന്റെ കഥ പറച്ചിലും ഇടകലര്‍ത്തിയാണ് സിനിമ മുന്നോട്ടു പോകുന്നത്. തയ്യല്‍ക്കാരനെ പ്രേമിക്കുന്ന സുമതിയും അവളെ UK-ക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനും അതിലെ സംഘര്‍ഷങ്ങളും എന്ന ക്ലീഷേ ആയ കഥ. കഥയും സന്ദര്‍ഭങ്ങളും ക്ലീഷേ ആയാലല്ലേ സ്പൂഫിനു സാദ്ധ്യതയുള്ളൂ?

ഹാസ്യാനുകരണം കുറിക്കു കൊള്ളണമെങ്കില്‍ ഒരു "no holds barred" നിലപാടുണ്ടാവണം (ഒരന്തവും കുന്തവും ഇല്ലാത്ത മനോഭാവം). അവിടെയാണ് ചിറകൊടിഞ്ഞ കിനാവുകള്‍ ലക്ഷ്യത്തിലെത്താതെ പോകുന്നത്. ആക്ഷേപം ഒന്ന് മയപ്പെടുത്തി പറയണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച പോലെ... അത് കൊണ്ടു തന്നെ പൊട്ടിച്ചിരിക്കു വകയുള്ള സന്ദര്‍ഭങ്ങള്‍ വരെ ഒരു ചെറു ചിരി മാത്രം സമ്മാനിച്ചു കടന്നു പോകുന്നു. സ്പൂഫ് സിനിമകള്‍ ഏറ്റവും ആകര്‍ഷകമായി അനുഭവപ്പെടുന്നത് എല്ലാത്തരം സിനിമകള്‍ കാണുകയും സിനിമാ ലോകത്തെ സംഭവ വികാസങ്ങളില്‍ തല്പരരായിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക പ്രേക്ഷക സമൂഹത്തിനാണ്. ഒരു സംഭാഷണം കേള്‍ക്കുമ്പോള്‍ ഒരു രംഗം കാണുമ്പോള്‍ ഇതേത് സിനിമയെ, ഏത് വ്യക്തിയെ കുറിക്കുന്നു എന്ന് ഞൊടിയിടയില്‍ പ്രേക്ഷകന്‍ ഊഹിച്ചെടുക്കുമ്പോഴാണ് ആ സംഭാഷണം/രംഗം ഉദ്ദേശ്യപ്രാപ്തി നേടുന്നത്. അവിടെ അനാവശ്യ വിശദീകരണത്തിനു മുതിര്‍ന്നാല്‍ സ്വാഭാവിക നര്‍മ്മമാകും നഷ്ടപ്പെടുക. ഉദാഹരണത്തിന് 'ഒാം ശാന്തി ഒാശാന' യിലെ ഒരു രംഗമെടുക്കാം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന നസ്രിയയെ അച്ഛന്‍ രണ്‍ജി പണിക്കര്‍ തടയുന്ന രംഗം.. "എന്താ ഞാന്‍ പോയാല്" എന്ന് നസ്രിയ ചോദിക്കുമ്പോള്‍ മുഖഭാവവും പിന്നണി സംഗീതവും കൊണ്ട് സംവിധായകന്‍ 'മണിച്ചിത്രത്താഴി'ന്റെ ഒരുഗ്രന്‍ സ്പൂഫ് moment അവിടെ സൃഷ്ടിച്ചെടുക്കുന്നു. ഇത് എല്ലാവര്‍ക്കും മനസ്സിലാകുമോ എന്ന സന്ദേഹത്തില്‍ സംവിധായകന്‍ രണ്‍ജി പണിക്കരെക്കൊണ്ട് "ഇവളെന്താ നാഗവല്ലിയായോ?" എന്ന് ചോദിപ്പിച്ചിരുന്നെങ്കില്‍ ആ സ്വാഭാവികത നഷ്ടപ്പെട്ടേനെ. രംഗത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടേനേ..നിര്‍ഭാഗ്യവശാല്‍ ചിറകൊടിഞ്ഞ കിനാവുകളുടെ തിരക്കഥാകൃത്തിനും സംവിധായകനും പ്രേക്ഷകര്‍ക്ക് തങ്ങളുദ്ദേശിക്കുന്ന കാര്യം പിടികിട്ടുമോ എന്നൊരു ഉത്കണ്ഠയുള്ളതു പോലെ...അല്ലെങ്കില്‍ എല്ലാവര്‍ക്കും അത് മനസ്സിലാകണമെന്ന് നിര്‍ബന്ധമുള്ളതു പോലെ. സ്പൂഫ് സിനിമകള്‍ക്ക് ഒരു niche പ്രേക്ഷക സമൂഹമാണുള്ളത് എന്ന വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നെങ്കില്‍ ഈ ധാരണകള്‍ ഒഴിവാക്കുകയും രസച്ചരട് പൊട്ടിക്കുന്ന അനാവശ്യ വിശദീകരണങ്ങള്‍ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.

ഇത്തരം സിനിമകളിലെ ഒരു സുവര്‍ണ്ണാവസരമാണ് ഗാനരംഗങ്ങള്‍ (തമിഴ് പടം, ക്വിക് ഗണ്‍ മുരുകന്‍ എന്നീ ചിത്രങ്ങളില്‍ ഗാനരംഗങ്ങളെ സ്പൂഫിനുള്ള ഫലപ്രദമായ അവസരങ്ങളാക്കി മാറ്റിയിട്ടുള്ളത് ശ്രദ്ധിക്കുക. 'അയാള്‍ കഥയെഴുതുകയാണി'ലെ ഒരു ഗാനരംഗവും ഒാര്‍മ്മപ്പെടുത്തട്ടെ..). പക്ഷേ ആ സുവര്‍ണ്ണാവസരം തീര്‍ത്തും നഷ്ടപ്പെടുത്തിയിരിക്കുകയാണ് ഈ സിനിമയില്‍. ക്ലൈമാക്സിനോടടുക്കുമ്പോള്‍ തങ്ങളുടെ സിനിമ വെറുമൊരു സ്പൂഫ് ആയാല്‍ മതിയോ എന്ന ചിന്താ കുഴപ്പത്തിലായ സംവിധായകനെയും തിരക്കഥാകൃത്തിനെയുമാണ് കാണാന്‍ കഴിയുന്നത്. പെട്ടെന്ന് സിനിമാ ഗൗരവ രൂപം പ്രാപിക്കുകയും മലയാള സിനിമക്ക് ഒരു കനത്ത സന്ദേശം നല്കാന്‍ മുതിരുകയും ചെയ്യുമ്പോള്‍ ഈ genre-ന്റെ രൂപഭാവങ്ങള്‍ വെടിഞ്ഞ് അവസാന രംഗങ്ങള്‍ ആറാം വിരല് പോലെ മുഴച്ചു നില്ക്കുന്നു.

ഒത്തിരി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും ഇവിടെ അത് വിശദീകരിക്കുന്നില്ല. രണ്ട് വ്യത്യസ്ത വേഷങ്ങളിലായി കുഞ്ചാക്കോ ബോബന്‍ ഏല്പിച്ച കാര്യം ഭംഗിയായി ചെയ്തു. ഒരിടവേളയ്ക്കു ശേഷം വരുന്ന റിമയും നന്നായി. സുനില്‍ സുഖദയുടെ നിര്‍മ്മാതാവ് കലക്കി. അതു പോലെ സേതുലക്ഷ്മിയിടെ DDLJ ഡയലോഗും. ശ്രീനിവാസന്‍ പതിവു പോലെ.

ഒരു തരത്തിലുള്ള ആശങ്കയും കൂടാതെ മുഖം നോക്കാതെ മലയാള സിനിമയിലെ ക്ലീഷേകളെ തകര്‍ത്ത് മറിച്ച് പരിഹസിച്ചിരുന്നെങ്കില്‍ 'ചിറകൊടിഞ്ഞ കിനാവുകള്‍' മലയാള സിനിമയിലെ മറക്കാനാവാത്ത സിനിമയായേനെ. തങ്ങളുടെ സിനിമയിലൂടെ ആരെയും കാര്യമായി വേദനിപ്പിക്കണ്ട എന്ന മുന്‍തീരുമാനത്തോടെ സിനിമ ചെയ്തപ്പോള്‍ അതിന് ചിറകൊടിഞ്ഞ് ആവറേജ് ലെവലില്‍ നിന്ന് മുകളിലേക്ക് ഉയരാന്‍ കഴിയാതെ പോയി. മൊത്തത്തില്‍ ചിറകൊടിഞ്ഞ കിനാവുകള്‍ - 'ഇല്ലത്തു നിന്ന് പുറപ്പെട്ടു...അമ്മാത്ത് എത്തിയതുമില്ല'..

Contributors