ഇവിടെ - ഇന്നിന്റെ കാഴ്ച.. - മുകേഷ് കുമാർ

യുക്തിബോധമില്ലാത്ത സിനിമകളുടെയും വ്യാജമായ വൈകാരികതകളുടെ മൊത്തക്കച്ചവടം നടത്തുന്ന സിനിമകളുടെയും 'മാസ്' വിശാലതയിലെ ആഘോഷങ്ങളുടെ ഇടയിലാണ് ശ്യാമപ്രസാദിന്റെ 'ഇവിടെ' കടന്നു വരുന്നത്. പൂര്‍ണ്ണമായും US of A-യില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്ന പ്രത്യേകതയും കൂടിയുണ്ട് ഇതിന്. വളരെ കാലികപ്രസക്തമായ ഒരു കഥ ഉദ്വേഗജനകമായി അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ ആവശ്യപ്പെടുന്നത് ഒരു വേറിട്ട ആസ്വാദനക്ഷമതയാണ്.  

ഒരു തട്ടുപൊളിപ്പന്‍ താരചിത്രം കാണുന്ന ലാഘവത്വത്തോടെ കാണേണ്ട സിനിമയല്ല 'ഇവിടെ'. സിനിമയിലെ ഒരു കഥാപാത്രം പറയുന്നതു പോലെ.."read between the lines"..ഒരു വാക്കില്‍, ഒരു ദൃശ്യത്തില്‍ പല അടരുകളും വെളിവാകുന്ന ആഖ്യാന രീതി ആയതിനാല്‍ ബഹള കോലാഹലങ്ങളില്ലാത്ത സൂക്ഷ്മ നിരീക്ഷണം വേണ്ട ചിത്രം കൂടിയാണ്.

ഏഴു വയസ്സില്‍ അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട് അമേരിക്കയിലെത്തി, പൂര്‍ണ്ണമായും അമേരിക്കന്‍ പൗരനായി ജീവിക്കുന്ന വരുണ്‍ ബ്ലേക്ക് (പൃഥ്വിരാജ്) ആണ് കേന്ദ്ര കഥാപാത്രം. അറ്റ്ലാന്റ പോലീസിലെ ഉദ്യോഗസ്ഥനായ വരുണ്‍  നഗരത്തിലെ 17th Street-ല്‍ നടക്കുന്ന സമാന രീതിയിലുള്ള കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതാണ് സിനിമയുടെ തുടക്കം. വ്യക്തി ജീവിതത്തില്‍ ഏറെ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തി കൂടിയാണ് വരുണ്‍. മറുവശത്ത് ഇന്‍ഫോടെക് എന്ന അതിവേഗത്തില്‍ വളരുന്ന ഐ ടി സ്ഥാപനത്തിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഒാഫീസറും CEO Aspirant-ഉം ആയ ക്രിഷ് ഹെബ്ബാര്‍ (നിവിന്‍ പോളി). വരുണില്‍ നിന്ന് വിവാഹ മോചനം നേടിയ റീന മാത്യൂസ് (ഭാവന) ക്രിഷിന്റെ സ്ഥാപനമായ ഇന്‍ഫോടെക്കില്‍ ജോലിയില്‍ പ്രവേശിക്കുന്നു...ഒരു കുറ്റാന്വേഷണ കഥയുടെ പശ്ചാത്തലത്തില്‍ ഈ മൂന്ന് കഥാപാത്രങ്ങളുടെയും മാനസികവ്യാപാരത്തിലൂടെയുള്ള ഒരു വൈകാരിക യാത്രയാണ് 'ഇവിടെ'.

സ്വത്വ പ്രതിസന്ധി, അധികാര മോഹം, സ്നേഹം, നഷ്ടബോധം, ചതി, പ്രതികാരം ഇങ്ങനെ മനുഷ്യ സഹജമായ വികാരങ്ങളെല്ലാം അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതു തന്നെ അതിനാടകീയതയില്‍ അഭിരമിക്കുന്ന സമകാലീന മലയാള സിനിമ കണ്ട് മനസ്സ് മരവിച്ച പ്രേക്ഷകര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന ഒന്നാണ്. ക്രൈം ത്രില്ലര്‍ ശ്രേണിയില്‍പ്പെട്ട ചിത്രമാണെങ്കിലും കഥ വികസിക്കുന്നതോടൊപ്പം കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ പതിയെ തെളിഞ്ഞു വരികയും, അങ്ങനെ അവരുടെ mental make-up ല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുമുള്ള ആഖ്യാനരീതിയാണ് ശ്യാമപ്രസാദ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തെ കുതികാല്‍ വെട്ടുകള്‍, വികസിത രാജ്യങ്ങളിലെ പൗരന്‍മാരുടെ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളൊക്കെ കഥയുടെ ഒഴുക്കില്‍ വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു സംവിധായകന്. ഒരു വിദഗ്ദ്ധനായ ക്യാപ്റ്റന്‍ തന്റെ resources എത്ര ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന് തെളിവ് ചിത്രത്തിന്റെ ഒാരോ ഫ്രെയിമിലും കാണാനാകും. നടപ്പിലും ഭാവത്തിലും അറ്റ്ലാന്റക്കാരനായ വരുണ്‍ ബ്ലേക്കിനെ പൃഥ്വിരാജ് അല്ലാതെ വേറൊരു നടനും ഇത്രയും പൂര്‍ണ്ണതയോടെ അവതരിപ്പിക്കാന്‍ കഴിയില്ല എന്ന് നിസ്സംശയം പറയാം. ഒരു standing ovation അര്‍ഹിക്കുന്ന പ്രകടനം. കോര്‍പ്പറേറ്റ് ഭരണാധികാരിയുടെ വേഷം നിവിന്‍ പോളിയും മോശമാക്കിയില്ല. ഭാവനയുടെ ഇതു വരെയുള്ള വേഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട് നില്ക്കുന്നു ഇതിലെ റീന മാത്യൂസ്. അത് ഒന്നാന്തരമാക്കി ഭാവന.. പ്രകാഷ് ബാരെ ഉള്‍പ്പടെയുള്ള മറ്റു നടീനടന്മാരുടെ മികച്ച പിന്തുണയും ചിത്രത്തിന് ശക്തി പകരുന്നു. Eric Dickinson -ന്റെ അന്തര്‍ദേശീയ നിലവാരമുള്ള ഛായാഗ്രഹണം, കഴിഞ്ഞ ചില സിനിമകളിലെ പാളിപ്പോയ ശ്രമങ്ങള്‍ക്കു ശേഷം പിന്നണിയിലും ഗാനങ്ങളിലും ഗോപിസുന്ദറിന്റെ മികവാര്‍ന്ന പ്രാതിനിധ്യം എന്നിവ ചിത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്ന ഘടകങ്ങളായി. അജയന്‍ വേണുഗോപാലന്റെ തിരക്കഥ ഇതു വരെയുള്ള ക്രൈം ത്രില്ലറുകളില്‍ നിന്നും വ്യത്യസ്തമായ ഘടനയിലൂടെ വേറിട്ടു നില്ക്കുന്നു. സംഭാഷണങ്ങളില്‍ ഏറിയ പങ്കും ഇംഗ്ലീഷിലാണെന്നുള്ളത് ആസ്വാദനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ല. സിനിമാറ്റിക്കായ അവസാന രംഗം ഒഴിവാക്കിയിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ മിഴിവാര്‍ന്നതായേനെ എന്നൊരു അഭിപ്രായം കൂടി രേഖപ്പെടുത്തുന്നു. വാര്‍പ്പു മാതൃകകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രേക്ഷകരിലെ ചിലര്‍ക്കെങ്കിലും തങ്ങളിലെ കുറുനരി സ്വഭാവം പുറത്തെടുക്കാന്‍ വെറുതേ കൊടുത്ത ഒരവസരമായിപ്പോയി അത്.

ഈ സിനിമയുടെ ആദ്യ ദിവസത്തെ തിരക്ക് തുടര്‍ന്നുമുണ്ടായാല്‍ നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന സംഗതിയാകും അത്. ശ്യാമപ്രസാദിനെപ്പോലെയുള്ള പ്രതിഭകള്‍ക്ക് മുഖ്യധാരയില്‍ വേറിട്ട ചിത്രങ്ങളുമായി തുടരെ വരാന്‍ പ്രചോദനവുമാകും...

ഇവിടെ - മാസ് അല്ല...ക്ലാസ്സ്!

Relates to
Contributors