നമ്മുടെ നായകന്‍ ദുര്‍ഗ്ഗാപ്രസാദും ഭാര്യയും ഇരുപത് വര്‍ഷം മുമ്പ് ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നിന്ന് കേരളത്തില്‍ എത്തിയവരാണ്. തങ്ങളുടെ സ്നേഹബന്ധം വീട്ടുകാരും നാട്ടുകാരും എതിര്‍ത്തപ്പോഴാണ് അഭയം തേടി അവര്‍ 'ഗോഡ്സ് ഒാണ്‍ കണ്‍ട്രി'യിലെത്തിയത്. പതിനഞ്ചു വര്‍ഷം മുമ്പ് രൂപീകൃതമായ ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നിന്ന് ഇരുപത് വര്‍ഷം മുമ്പ് പുറപ്പെടണമെങ്കില്‍ അവര്‍ സാധാരണക്കാരല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. വേണമെങ്കില്‍ ഇരുപത്തഞ്ച് വര്‍ഷം മുമ്പേയും പുറപ്പെട്ട് വന്ന് കളയും. അജ്ജാതി ഐറ്റംസാ ദുര്‍ഗ്ഗയും ഭാര്യയും.
കേരളത്തിലെത്തിയ ദുര്‍ഗ്ഗാ പ്രസാദ് കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, എല്ലുമുറിയെ പണിയെടുത്ത് ഇരുപത് വര്‍ഷം കൊണ്ട് ആകെ സമ്പാദിച്ചത് ഒരു ഹെര്‍ക്കുലീസ് മാത്രമാണ്.. റമ്മല്ല...സൈക്കിള്‍..സൈക്കിള്‍!മദ്യപാനമോ പുകവലിയോ ഇല്ലാത്ത ദുര്‍ഗാപ്രസാദിന് എന്തു കൊണ്ട് വേറൊന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല? കാരണം വേറൊന്നുമല്ല. നമ്മുടെ നായകന്‍ ദുര്‍ഗക്ക് ഒരു വീക്നെസ് ഉണ്ട്. 'Fab India'- ല്‍ നിന്നേ കുര്‍ത്തയും പൈജാമയും ഡിസൈനര്‍ ഷാളും മേടിക്കൂ. പുരുഷന്‍മാര്‍ക്ക് ഷാളോ എന്ന് ചോദിക്കരുത്. ജാര്‍ക്കണ്ടിലെ പരുഷന്‍മാര്‍ ഷാള്‍ ധരിക്കും..അതങ്ങനാ! ഇന്ത്യാ ഗവണ്‍മെന്റ് ടി വി പരസ്യങ്ങളില്‍ ദക്ഷിണേന്ത്യക്കാരെ കാണിക്കുമ്പോള്‍ തോളത്തൊരു മേല്‍ മുണ്ട് കണ്ടിട്ടില്ലേ? അത് പോലെ മലയാള സിനിമക്ക് ഉത്തരേന്ത്യക്കാരായാല്‍ തലേക്കെട്ടോ, ഷാളോ വേണം.. അത് നിര്‍ബന്ധാ!! ഒരു കലാകാരനാണ് നായകന്‍ ദുര്‍ഗ്ഗ. നന്നായി പടം വരക്കും. പക്ഷേ ഒരൊറ്റ കുഴപ്പമേയുള്ളൂ. ടോയ്ലറ്റിലിരുന്നാലേ വര വരൂ. ഒാരോരോ ശീലങ്ങളേ!
കൊച്ചി മെട്രോക്ക് കടുത്ത ഭീഷണി കൂടിയാണ് ദുര്‍ഗ്ഗ. കളമശ്ശേരിയില്‍ നിന്ന് കടവന്ത്രയിലേക്ക് വെറും പത്തു മിനിട്ട് കൊണ്ട് തന്റെ സൈക്കിളിലെത്തും കക്ഷി...എത്ര ഭീകരമായ ട്രാഫിക് ബ്ലോക്കുണ്ടെങ്കിലും! ആ ബെഞ്ച്മാര്‍ക് മറി കടക്കാന്‍ ഇ ശ്രീധരനും ടീമും കുറച്ചധികം ബുദ്ധിമുട്ടേണ്ടി വരും! ജാര്‍ഖണ്ഡിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും ദുര്‍ഗ്ഗ മലയാളം സംസാരിക്കുന്നത് കേട്ടാല്‍ പന്മന രാമചന്ദ്രന്‍ നായര്‍ മാഷ് വെറ്റിലയും അടയ്ക്കയും നാണയവും ദക്ഷിണ വച്ച് ശിഷ്യത്വം സ്വീകരിക്കും. മലയാളി ടി വി അവതാരകരൊക്കെ
കണ്ട് പഠിക്കണം...
ഇങ്ങനെയുള്ള ബഹുമുഖപ്രതിഭയായ ദുര്‍ഗ്ഗാപ്രസാദിന്റെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് "അച്ഛാ ദിന്‍'. ദുര്‍ഗ്ഗയുടെ ഭാര്യയെ പ്രസവത്തിനായി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുന്നതാണ് സംഭവ പരമ്പരകളുടെ തുടക്കം. അന്നാകട്ടെ ഡോക്ടര്‍മാരുടെ സമരം. "തന്നേ തീരൂ..തന്നേ തീരൂ..പ്രൈവറ്റ് പ്രാക്ടീസ് തന്നേ തീരു" എന്ന മുദ്രാവാക്യവുമായി ഡോക്ടര്‍മാര്‍ ഒരു വശത്തും 'തന്നേ തീരൂ..തന്നേ തീരൂ..മരുന്ന് ഞങ്ങള്‍ക്ക് തന്നേ തീരൂ' എന്ന് പറഞ്ഞ് രോഗികള്‍ മറുവശത്തും. "തന്നേ തീരൂ...തന്നേ തീരൂ..കൊച്ചിനെ എനിക്ക് തന്നേ തീരൂ" എന്ന് നായകനും കൂടി മുദ്രാവാക്യം മുഴക്കുമോ എന്ന് പേടിച്ചു.. ഭാഗ്യം..അതുണ്ടായില്ല! ദീനാനുകമ്പയുള്ള അവിടത്തെ ഒരു ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഭാര്യയെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു ദുര്‍ഗ്ഗ. സര്‍ജറി നിര്‍ദ്ദേശിക്കുന്ന അവിടെ ഒരു ലക്ഷം രൂപ മുന്‍കൂര്‍ അടക്കണം. അതും രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍. ദുര്‍ഗ്ഗയുടെ കയ്യിലോ പൈനായിരം രൂപയേ ഉള്ളൂ... ഒരു ലക്ഷം രൂപക്ക് വേണ്ടി ദുര്‍ഗ്ഗ അനുഭവിക്കേണ്ടി വരുന്ന തത്രപ്പാടുകളാണ് പിന്നീട്. വളരെ യാദൃശ്ചികമായി ഒരു തീവ്രവാദി സംഘത്തെ കണ്ടു മുട്ടുന്ന ദുര്‍ഗ്ഗ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് വയ്ക്കാനുള്ള അവരുടെ ശ്രമത്തെ എങ്ങനെ പരാജയപ്പെടുത്തുന്നു..ഭാര്യയുടെ സര്‍ജറി നടത്തി എങ്ങനെ കൊച്ചിന്റേം കൊച്ചീന്റേം അച്ഛനാകുന്നു എന്നതാണ് ബാക്കി കഥ.
Baby's Day Out എന്ന ഇംഗ്ലീഷ് സിനിമയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച് ഒാരോ തവണയും പരാജയപ്പെടുന്ന മൂന്ന് മണ്ടന്‍ വില്ലന്‍മാര്‍ക്കു ശേഷം അതു പോലുള്ള മൂന്ന് മണ്ടന്‍ കൊണാപ്പികളെ ഈ സിനിമയിലാണ് കാണുന്നത്. അന്താരാഷ്ട്ര തീവ്രവാദികളാണെങ്കിലും (ട്വിന്‍ ടവര്‍ ആക്രമണമാണ് അവരുടെ മോട്ടിവേഷന്‍), എല്ലാ കാര്യങ്ങളും കിറുകൃത്യമായി ആസൂത്രണം ചെയ്യുന്നവരാണേലും ഗണേശോല്‍വസത്തിന് ഗണപതി വിഗ്രഹം കടലിലാണ് ആണ് നിമജ്ജനം ചെയ്യുന്നത് എന്ന കാര്യം പോലുമവര്‍ക്കറിയില്ല. അഗ്മാര്‍ക്ക് പൊട്ടന്‍മാരാ മൂന്നു പേരും. മറിച്ച് ദുര്‍ഗ്ഗായാകട്ടെ 'ആം ആദ്മി' ആണെങ്കിലും അന്യായ തലച്ചോറാ. കൊച്ചിയിലെ നഗര വീഥികളിലൂടെ നൂറ്റി ഇരുപത് കിലോമീറ്റര്‍ സ്പീഡില്‍ തന്റെ സൈക്കിള്‍ പറപ്പിച്ച് തീവ്രവാദ സംഘത്തെ ഒാരോ അവസരത്തിലും 'പ്ലിംഗി'ക്കുന്നു പുള്ളി.
ഇതിനിടക്ക് ഒരു പോലീസ് ഒാഫീസര്‍ വന്നിട്ട് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിന് സൗജന്യ പബ്ളിസിറ്റി നല്കുന്നുമുണ്ട്. "പത്ത് ദിവസം മുരിങ്ങൂര് ധ്യാനം കൂടിയിട്ട് വന്നിരിക്കുവാ ഞാന്‍" എന്ന് ഇടയ്ക്കിടെ പറയുന്നത് കേട്ടാല്‍ 'വെറും രണ്ടാഴ്ച കൊണ്ട് മുടി കൊഴിച്ചില്‍ മാറ്റും' എന്ന പരസ്യം ഒാര്‍മ്മ വരും.
സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഇപ്പോഴും വേണാട്ട് രാജ വംശത്തിന്റെ കാലത്തിലാണെന്ന് തോന്നുന്നു. തമിഴ്, തെലുങ്ക് സിനിമകള്‍ പോലും എന്നേ ഉപേക്ഷിച്ച രീതികളാണ് പുള്ളിക്കാരന് താല്പര്യം. നായകനെ introduce ചെയ്യുന്നതിന് തൊട്ടു മുമ്പ് ഒരാള്‍ ചോദിക്കുന്നു "ഈ ദുര്‍ഗ്ഗാപ്രസാദ് ഇപ്പോ എവിടെയാ?" കട്ട് ചെയ്ത് നേരെ കൊച്ചി നഗരവീഥിയുടെ ഏരിയല്‍ ഷോട്ട്.. ദാ വരുന്നു നായകന്‍ സൈക്കിളില്‍!! അമ്പത് വര്‍ഷം മുമ്പുള്ള തമിഴ് സിനിമകളില്‍ ഡോക്ടര്‍ കഥാപാത്രം സീനില്‍ വരുമ്പോള്‍ മറ്റേതെങ്കിലും കഥാപാത്രം പറയും.."അതോ..ഡാക്ടര്‍ വന്തിട്ടാര്‍". അതു പോലെ ഈ സിനിമയില്‍ ദുര്‍ഗാപ്രസാദ് "കടവന്ത്ര എത്തി" എന്ന് പറയുമ്പോള്‍ കടവന്ത്ര എന്ന സ്ഥലനാമം എഴുതിയ ബോര്‍ഡ് ടൈറ്റ് ക്ലോസപ്പില്‍!! അമ്പത് വര്‍ഷം പിന്നോട്ടോടുന്ന വണ്ടിയാണല്ലോ സംവിധായകാ മുപ്പതിലേറെ വര്‍ഷമായി മലയാളത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന നടന് നിങ്ങള്‍ നല്കിയത്!!
മമ്മൂട്ടിയിലെ നടന് ഒന്നും ചെയ്യാനില്ലാത്ത സിനിമയാണിത്. മമ്മൂട്ടിക്ക് മാത്രമല്ല ആര്‍ക്കും. സിനിമ കഴിയുമ്പോള്‍ ഒരു കഥാപാത്രം പോലും മനസ്സില്‍ നില്ക്കുന്നില്ല. കനത്ത മഴ പെയ്യുമ്പോള്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് പോലുള്ള വൃഥാ വ്യായാമമാണ് സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരും സംഗീത വിഭാഗവും ചെയ്തിരിക്കുന്നത്. ഒന്നും ഏശുന്നില്ല.
മമ്മൂട്ടി അവതരിപ്പിക്കുന്ന ദുര്‍ഗാപ്രസാദ് അച്ഛനാകുന്ന ദിവസം നടക്കുന്ന കഥയായതിനാല്‍ സിനിമക്ക് "അച്ഛാ ദിന്‍" എന്ന് പേരിട്ട ആ ബുദ്ധി ആരുടേതായാലും തല അധികം പുറത്ത് കാണിക്കണ്ട.. പിച്ച വച്ച് നടക്കാന്‍ തുടങ്ങുന്ന പിഞ്ചു കുഞ്ഞിനെ കൊല്ലുന്നതിനു തുല്യമാണ് തന്റെ സിനിമക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ എന്ന് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഇന്ന് പറഞ്ഞതായി വായിച്ചു. ന്യൂസ്പേപ്പര്‍ ബോയില്‍ തുടങ്ങി ഇത്രയും കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകന്‍ വളര്‍ത്തിയെടുത്ത ഉന്നത നിലവാരമുള്ള സിനിമാസ്വാദന ശീലത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഇത്തരം സൃഷ്ടികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല മിസ്റ്റര്‍ മാര്‍ത്താണ്ഡന്‍. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ മാറി മാറി പടച്ചു വിടുന്ന ഇത്തരം വികല സൃഷ്ടികളെ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളയുന്ന കാലമായിരിക്കും മലയാള സിനിമയുടെ യഥാര്‍ത്ഥ "അച്ഛാ ദിന്‍"...