ഓർമ്മത്തുള്ളികൾ

Submitted by Nisi on Wed, 07/31/2013 - 13:56
Singer
Ormmathullikal

ഓർമ്മത്തുള്ളികൾ

കവിതകോറും കരാംഗുലികൊണ്ടു നിൻ
കവിളിലൂറുന്ന കണ്ണീർക്കണങ്ങളെ
തളിരിൽ മേവും മഴത്തുള്ളിപോലന്നു
തഴുകിമാറ്റിയതോർമ്മയുണ്ടാകുമോ...?
തഴുകിമാറ്റിയതോർമ്മയുണ്ടാകുമോ...?

കൊഞ്ചലോടെന്റെ നെഞ്ചോടു ചാഞ്ഞു നീ
കൈവിരൽത്തുമ്പു നുള്ളിനോവിച്ചതും
ചുംബനംതന്നു വേദനിപ്പിച്ചതും
ചിന്തയായ്പോലുമുള്ളിലുണ്ടാവുമോ...?

നേർത്തജാലകശ്ശീല വിതിർത്തു നിൻ
നിത്യസുന്ദര യൗവ്വനം എന്നിലെ
ചൂടിനാൽ സൂര്യകാന്തി വിടർത്തിയ
ചിത്രമെങ്കിലും ബാക്കിയുണ്ടാവുമോ...?

എത്രയും സ്നേഹമോടു കൈമാറിയ
ഹൃത്തടത്തിലെ സ്നിഗ്ദ്ധമാം ചിന്തകൾ
കാവ്യമായ് നിന്റെ മാനസത്താളിൽ ഞാൻ
ചോരയാൽ തെളിച്ചിട്ടതും മാഞ്ഞുവോ?

കവിതകോറും കരാംഗുലികൊണ്ടു നിൻ……………

തപ്തബാഷ്പകണങ്ങളെ വാർത്തുവാർ-
ത്തത്ര നൊമ്പരം കൊള്ളുമുൾത്താരിനെ
സന്തപിച്ച മനസ്സോടെയെങ്കിലും
സാന്ത്വനിപ്പിച്ചതിന്നുമോർക്കുന്നുവോ...?

നീപിരിഞ്ഞുപോയെങ്കിലും ഇന്നുമാ-
നീറുമോർമ്മകൾ കൂട്ടായിരിക്കവേ,
നിത്യമെന്നാത്മശാന്തിക്കുവീണ്ടുമൊ-
ന്നെത്തിമായുവാനെങ്കിലും തോന്നുമോ...?

മിഥ്യയായ്, ദിവാസ്വപ്നമായ്, മാമക
വ്യർത്ഥമാം ജന്മജീവപ്പിറാവിനെ
ലോലമക്കൈക്കുടന്നയിൽ ചേർത്തുവ-
ച്ചോമനിക്കുവാനാശയുണ്ടാകുമോ...?

കവിതകോറും കരാംഗുലികൊണ്ടു നിൻ………..

നഷ്ടസ്വപ്നങ്ങൾതൻ മരുഭൂമിയിൽ
പെട്ടുദാഹിച്ചലഞ്ഞിടും ജീവനിൽ
നിന്റെ മാറിലൂടോലും വിയർപ്പുനീർ-
ത്തുള്ളിയാലുദകം പകർന്നീടുമോ?

ആശയാണിതെല്ലാമെന്നറിഞ്ഞു ഞാ-
നാഗ്രഹിക്കുന്നു പൊയ്പ്പോയനാളുകൾ
നീയുമാതിരേ നിൻസ്മൃതിപ്പൂക്കളും
ഇല്ലയെങ്കിൽ ഞാൻ ഞാനായിരിക്കുമോ...?

നിന്റെ സ്വപ്നങ്ങളോടൊത്തു നീവാഴ്ക,
എന്റെദു:ഖങ്ങൾ വിട്ടുതന്നേക്കുക!
ദൈവമേകും വരും പിറവിക്കെന്റെ-
മാത്രമായ് നീ പുനർജ്ജനിച്ചീടുക…

കവിതകോറും കരാംഗുലികൊണ്ടു നിൻ
കവിളിലൂറുന്ന കണ്ണീക്കണങ്ങളെ
തളിരിൽ മേവും മഴത്തുള്ളിപോലന്നു
തഴുകിമാറ്റിയതോർമ്മയുണ്ടാകുമോ...?
തഴുകിമാറ്റിയതോർമ്മയുണ്ടാകുമോ...?
തഴുകിമാറ്റിയതോർമ്മയുണ്ടാകുമോ...?

Submitted by Nisi on Wed, 07/31/2013 - 13:41