മിസ്റ്റർ മരുമകൻ - സിനിമാ റിവ്യൂ

Submitted by nanz on Mon, 08/20/2012 - 12:08

1986 ൽ ഇലഞ്ഞിപ്പൂക്കൾ എന്ന സിനിമയുമായാണ് സംവിധായകൻ സന്ധ്യാമോഹന്റെ സിനിമാപ്രവേശം. തുടർന്ന്, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കൽ തൊമ്മിച്ചൻ, ഹിറ്റ്ലർ ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയർ കരടി, കിലുക്കം കിലുക്കം എന്നീ ചിത്രങ്ങളിൽ പലതും ലോ ബഡ്ജറ്റും കമേഴ്സ്യൽ വിജയ ചിത്രങ്ങളുമായിരുന്നു. തന്റെ ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഉദയ് കൃഷ്ണ സിബി കെ തോമസ് തിരക്കഥാദ്വയത്തെ സന്ധ്യാമോഹൻ കൊണ്ടുവരുന്നത്. പിന്നീട് തന്റെ ‘അമ്മ അമ്മായിയമ്മ, കിലുക്കം കിലുകിലുക്കം’ എന്നീ ചിത്രങ്ങൾക്ക് കൂടി ഈ ദ്വയം തിരക്കഥ രചിച്ചു. പക്ഷെ, സിനിമയുടെ വിജയ ചരിത്രത്തിൽ സന്ധ്യാമോഹൻ പിന്നിലേക്കും സിബി-ഉദയന്മാർ ഏറെ ഉയരങ്ങളിലേക്കും പോകുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ശിഷ്യന്മാർ മലയാളത്തിലെ വിലപിടിച്ച തിരക്കഥാകൃത്തുക്കൾ ആകുകയും ഗുരു സിനിമകളൊന്നുമില്ലാതെ വെറുതെയിരിക്കേണ്ടിയും വന്നപ്പോഴാണ് ശിഷ്യന്മാർ ഗുരുദക്ഷിണയായി സംവിധായകനെ വീണ്ടും കൊണ്ടുവരുന്നത്. അതാണ് വർണ്ണ ചിത്രയുടേ ബാനറിൽ മഹാ സുബെറും, നെത്സൺ ഐപ്പും നിർമ്മിച്ച്, ദിലീപ് നായകനായും ബേബി സനുഷ (ഇപ്പോൾ സനുഷ) നായികയായും അഭിനയിച്ച മിസ്റ്റർ മരുമകൻ.

പണവും പ്രതാപവും അധികാരവും ഉള്ളതിനാൽ വളരെ അഹങ്കാരവുമുള്ള സ്ത്രീ കഥാപാത്രങ്ങളുടെ കരണത്തടിച്ചും ദ്വയാർത്ഥസംഭാഷണങ്ങൾ കൊണ്ട് ഉത്തരം മുട്ടിച്ചും കഴുത്തിൽ താലി ചാർത്തി വിവാഹം ചെയ്തും അവരുടെ അഹങ്കാരം മാറ്റി ഉത്തമ കുടുംബിനികളാക്കി കുടുംബവും സമൂഹവും സംരക്ഷിച്ചു നിർത്തുന്ന സകലകലാ വല്ലഭനായ നായകന്റെ വിജയ കഥയാണ് മിസ്റ്റർ മരുമകൻ!!.

സിനിമയുടെ വിശദവിവരങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക

നായകൻ ജനപ്രിയ നായകൻ ദിലീപാണ്. അതുകൊണ്ട് തന്നെ നായകനു അറിയാൻ വയ്യാത്തതും ചെയ്യാൻ വയ്യാത്തതുമായി യാതൊന്നുമില്ല. ഒറ്റപ്പാലത്തെ വലിയൊരു തറവാട്ടിലെ (ഈ വരിക്കാശ്ശേരി മന ഇടിഞ്ഞുവീണാൽ...ഹോ! ഈ മലയാള സിനിമയുടേ ഭാവി!! ഓർക്കാൻ വയ്യ)  അവസാന സന്തതി. സുന്ദരൻ, സുമുഖൻ, സരസൻ, കലാകാരൻ, അച്ഛന്റെ തകർന്നടിഞ്ഞുപോയ നാടക സമിതി സജീവമാക്കാൻ ശ്രമിക്കുന്ന നാടക കലാകാരൻ, ഇതൊന്നും പോരാതെ എൽ എൽ ബി പാസായി സന്നദും എടുത്തിട്ടുണ്ടത്രേ!!. പക്ഷെ, ഒരു ജോലിക്കും പോകില്ല, ഒരു പണിയും ചെയ്യില്ല. ഇംഗ്ലണ്ടിൽ പോയി എം ബി എ പാസ്സായി വന്ന ചേട്ടൻ ഒരു കമ്പനി തുടങ്ങി ആറു മാസത്തിനുള്ളിൽ പൂട്ടിക്കെട്ടി, ഈ അനിയൻ നാടക സമിതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും ഒരു വഴിക്കായി. ഇതിനൊക്കെ മുടക്കുമുതൽ ഉണ്ടാക്കിയതോ, നാട്ടിലെ ബാങ്കിൽ ആധാരം പണയം വെച്ച് ലക്ഷക്കണക്കിനു തുക ലോൺ എടുത്തും!. ഒരു തവണ പോലും തിരിച്ചടക്കാത്ത ലോൺ തുക മുതലാക്കാൻ ബാങ്ക് ജപ്തി നടപടിക്കൊരുങ്ങിയെങ്കിലും ചേട്ടനും അനിയനും കുലുക്കമില്ല. അച്ഛൻ തമ്പിയെന്ന ആഡ്യനും കുലുക്കമില്ല. തറവാട്ടിൽ എന്നും മൃഷ്ടാന്നം തന്നെ (എങ്ങിനെയാണാവോ?) അനിയത്തിക്കുട്ടിയ്ക്കാണെങ്കിൽ എല്ലാ ദിവസവും പട്ടു പാവാടയിട്ട് അമ്പലത്തിൽ പോകുകയും ചേട്ടന്റെ പ്രണയത്തിനു സപ്പോർട്ട് ചെയ്യുകയുമാണ് ജോലി.

ഒറ്റപ്പാലം തറവാട്ടിലെ അമ്മയും അനിയത്തിയും ചന്ദനക്കുറിയും സെറ്റുമുണ്ടും പട്ടുപാവാടയുമണിഞ്ഞ പാവങ്ങൾ. ജപ്തി നടപടിയെക്കുറിച്ച് അന്വേഷിക്കാൻ വന്ന ഓംബുഡ്സ്മാൻ ബാലസുബ്രഹ്മണ്യം, പട്ടരാണ്. ശുദ്ധ വെജിറ്റേറിയൻ. അതുകൊണ്ട് തന്നെ പാവം, സത്യസന്ധ്യൻ, നിഷ്കളങ്കൻ, ശുദ്ധഹൃദയൻ. പക്ഷെ അയാൾ വിവാഹം കഴിച്ച രാജമല്ലികയൂം, മകൾ രാജലക്ഷ്മിയും, രാജമല്ലികയുടെ അമ്മ രാജകോകിലയും നഗരത്തിലെ വലിയ സമ്പന്നർ, ബിസിനസ്സ് ഗ്രൂപ്പ് ഉടമകൾ, പണവും അധികാരവുമുള്ള സ്ത്രീകൾ. അതുകൊണ്ട് തന്നെ അഹങ്കാരികൾ, ആരേയും കൂസാത്തവർ.പോരെ പൂരം?! പിന്നെ ഇവരുടെയൊക്കെ അഹങ്കാരവും ആഡംബര ജീവിതവും മാറ്റി ഉത്തമ കുലസ്ത്രീകളാക്കാൻ എന്തിനും പോന്ന നായകൻ ഉണ്ടെന്നാണ് ഒരേയൊരു ആശ്വാസം!!.

സിനിമയിൽ ഒരു മേൽ വിലാസമുണ്ടാക്കിത്തന്ന ഗുരുവിനോട് എന്തീനീ ചതി ചെയ്തു എന്ന് നിശ്ചയമായും പ്രേക്ഷകൻ ചോദിച്ചു പോകും സിബി ഉദയന്മാരോട്. സിബി ഉദയന്മാരുടെ തിരക്കഥക്ക് ലോജിക്ക് പോയിട്ട് എന്തെങ്കിലും.....കഥയോ തിരക്കഥയോ എന്നുപോലുമല്ല...എന്തെങ്കിലും ഉണ്ടോ എന്നു ചോദിക്കുന്നത് തന്നെ വിവരക്കേടാണ് എന്നറിയാഞ്ഞിട്ടല്ല, പക്ഷെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങൾ ഇവരുടേതാണെന്നു കൂടി പറയാതെയും വയ്യ!! എങ്ങിനെയിതു സംഭവിക്കുന്നു എന്നാണെങ്കിൽ ഉത്തരം പറയേണ്ടത് സിബി-ഉദയന്മാരല്ല, മറിച്ച് പ്രേക്ഷകൻ തന്നെയാണ്.

ജനപ്രിയ നായകൻ ദിലീപ്, തമിഴ് ആഘോഷ സിനിമകളോട് ആരാധന മൂത്തിട്ടോ എന്തോ, വിജയ്, രജനി ചിത്രങ്ങളുടെ ശൈലിയിൽ സ്വന്തം സ്റ്റാർഡം ഉറപ്പിക്കാൻ പരമാവധി ചെയ്തുകൂട്ടിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യഗാനം തന്നെ ഉദാഹരണം. നെടുമുടി വേണു നല്ലൊരു നടനാണ്, അഭിനേതാ‍വാണ്, മനസ്സിൽ കൂട് കെട്ടിയ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ചെയ്തിട്ടൂണ്ട്, പക്ഷെ കഴിഞ്ഞ കുറേ നാളുകളായി തന്നെത്തന്നെ അനുകരിക്കുന്ന അദ്ദേഹം സ്ഥിരം മാനറിസങ്ങളാലും സംഭാഷണശൈലിയാലും പ്രേക്ഷകരെ വെറുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ. സോൾട്ട് & പെപ്പറിൽ തുടങ്ങിയ ബാബുരാജിന്റെ കോമഡി വേഷങ്ങൾ ഇതിലൂടേയും തുടരുന്നു. സലിം കുമാർ, ഹരിശ്രീ അശോകൻ എന്നിവരെ കയറൂരി വിട്ടില്ലെങ്കിലും സുരാജിനെക്കൊണ്ട് പരമാവധി വെറുപ്പിച്ചിട്ടുണ്ട്. ഖുശ്ബുവിന്റെ രാജമല്ലിക കഥാപാത്രത്തൊട് ഭേദപ്പെട്ടതായി തോന്നി. നായികയായി വന്ന സനുഷ, നായികയുമല്ല, ബാല നടിയുമല്ല എന്ന പരുവത്തിലാണ്. സനുഷയുടേ ശരീരത്തെ പ്രദർശിപ്പിക്കുക എന്നതിക്കവിഞ്ഞ് ഈ സിനിമക്കും സനുഷക്കും മറ്റൊരു ഉദ്ദേശവുമില്ലെന്നു തോന്നുന്നു. പി. സുകുമാറിന്റെ ഛായാഗ്രഹണത്തിനു വലിയ പ്രത്യേകതയൊന്നുമില്ല. സന്തോഷ് വർമ്മയും പി ടി ബിനുവും എഴുതിയ നാലു ഗാനങ്ങൾക്ക് സുരേഷ് പീറ്റർ ഈണം നൽകിയിരിക്കുന്നു. ( മരുമകനിലെ “വായോ വായോ ചക്കരക്കുടം വായോ” എന്ന ഗാനത്തിനു സുരേഷ് പീറ്ററിന്റെ “തകിലു പുകിലു കുരവ കുഴലു..” എന്ന രാവണപ്രഭുവിന്റെ ഗാനത്തിന്റെ അതേ ഛായ!)

കുലസ്ത്രീകളുടേ കുലമഹിമ പ്രഘോഷണം ചെയ്യുന്ന സിനിമകൾ എം ജി ആർ കാലഘട്ടം മുതൽ ഈ അടുത്തകാലത്തും തമിഴ് സിനിമയിലും ഉണ്ടായിരുന്നു. അവിടേയും അതൊക്കെ ഇല്ലാതായിത്തുടങ്ങി. മലയാളത്തിലും മോശമല്ലായിരുന്നു. മെയിൽ ഷോവനിസ്റ്റ് പ്രേക്ഷകരുടെ കയ്യടി വാങ്ങാൻ വേണ്ടി നായികയുടേയും മറ്റു സ്ത്രീ കഥാപാത്രങ്ങളുടേയും മേൽ അസഭ്യം ചൊരിയുക, പുളിമാങ്ങ തീറ്റിക്കുന്ന, പ്രസവിപ്പിക്കുന്ന സംഭാഷണങ്ങൾ പറയാനും ഇനി അതും പോരാതെ വന്നാൽ കരണത്തടിക്കുക (അതോടെ ഏത് നായികയും സ്ത്രീ കഥാപാത്രവും തെറ്റ് തിരിച്ചറിഞ്ഞ് നായകന്റെ കാൽക്കീഴിലെ നായയാകും!) ഇമ്മാതിരി പൊറാട്ടു നാടകങ്ങൾങ്ങക്ക് മലയാള സിനിമയിൽ പണ്ടും ഇന്നും കയ്യടിയുണ്ട്. അത്തരം സിനിമകൾ വാണിജ്യ വിജയങ്ങളുമായിട്ടുണ്ട്. മി. മരുമകനും ഒരു പക്ഷെ ആ വഴിക്ക് വിജയമായേക്കാം. പക്ഷെ, മാറിയ കാലത്ത്, സമൂഹ സാഹചര്യങ്ങളിൽ ഇത്തരം പ്രതിലോമകരമായ അശ്ലീല സൃഷ്ടികൾ പടച്ചു വിടുന്നവരുടേ കരണത്തടിക്കാൻ പ്രേക്ഷക സമൂഹം മാറിയേ പറ്റൂ. അതില്ലാത്തിടത്തോളം കാലം മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വിജയ ചിത്രങ്ങളായി/ നല്ല ചിത്രങ്ങളായി ആധുനിക പ്രേക്ഷക സമൂഹത്തിനു നേരെ ഇവ പല്ലിളിച്ചുകൊണ്ടിരിക്കും.

Contributors