
അനീഷ് അൻ വർ എന്ന ചെറുപ്പക്കാരൻ സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണ് “മുല്ലമൊട്ടും മുന്തിരിച്ചാറും” നവാഗതനായ ബിജു കെ ജോസഫ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൽ നല്ല നടനെന്ന് ഖ്യാതിയുള്ള ഇന്ദ്രജിത് നായകനാകുന്നു,ഒപ്പം തിലകൻ, മേഘ്നാരാജ്, അനന്യ, അശോകൻ, ടിനി ടോം തുടങ്ങിയവരും അഭിനയിക്കുന്നു. ‘ഗ്രാമീണ നന്മയുടെ സൌന്ദര്യക്കാഴ്ച” എന്ന തലക്കെട്ടോടെ വന്ന ഈ ചിത്രം ഗ്രാമീണമായ അന്തരീക്ഷത്തിലെ പ്രണയവും ജീവിതവും പറയുന്നു എന്നാണ് വെപ്പ്. പക്ഷെ നിരവധി തവണ കണ്ടുമടുത്ത സന്ദർഭങ്ങളും സംഭാഷണങ്ങളും നായക വേഷവുമായി രണ്ടേമുക്കാൽ മണിക്കൂറോളം പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഈ സിനിമ ഇത്രയും സമയം കണ്ടു മടുക്കുമ്പോഴേക്കും “ഒന്നു നിർത്തൂ ഹേ” എന്ന് പ്രേക്ഷകൻ നിലവിളിച്ചാൽ അതിൽ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല.
80-90കളിൽ മോഹൻലാൽ നായകനായ പല സിനിമകളുടേയും സന്ദർഭങ്ങൾ ഈ സിനിമക്ക് പ്രേരകമായിട്ടുണ്ട് എന്നത് വ്യക്തം. ഒപ്പം ‘പരുത്തി വീരൻ’ പോലുള്ള തമിഴ് സിനിമകളിലെ നായക വേഷവും അന്തരീക്ഷവും ഈ സിനിമയുടെ പശ്ച്ചാത്തലമാക്കി ഇണക്കിച്ചേർക്കാനുള്ള വിഫല ശ്രമവും (“നീയേ നീയേ” എന്ന പാട്ട് സീനിൽ പരുത്തിവീരനിലെ ‘കാർത്തി‘യുടേ നടത്തവും ഷോട്ടും അതേപടി കോപ്പിയടിച്ചിട്ടുമുണ്ട്) പിന്നെ പതിവുപോലെയുള്ള ഇരുനായികമാർ,പ്രണയം, തെറ്റിദ്ധാരണ, കള്ളഷാപ്പ്, മദ്യപാനം, കൊലപാതകം, അതുവരെ സ്നേഹിച്ചവരൊക്കെ നായകനെ തെറ്റിദ്ധരിക്കൽ, എല്ലാം മറന്ന് സത്യം വെളിവാകുമ്പോൾ നായകനു നേരെയുള്ള സഹതാപം. എക്സിട്രാ എക്സിട്രാ....
ജീവിതത്തെക്കുറിച്ച് അധികം ആലോചനകളില്ലാതെ ചെറിയ ക്വൊട്ടേഷനുകളും കള്ള് കുടിയും പരസഹായവും പാമ്പുപിടുത്തവുമായി ഒറ്റക്ക് ജീവിക്കുന്ന ചുരുട്ട് ജോസ് (ഇന്ദ്രജിത്) എന്ന നാടൻ റൌഡിയുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നന്മയും ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.
ഗ്രാമവും ഗ്രാമീണതയുമെന്നാൽ മലയാള സിനിമാക്കാർ പൊതുവേ ധരിച്ചുവെച്ചിട്ടുള്ള ക്ലീഷേ സങ്കൽപ്പങ്ങളിൽ നിന്ന് അണുവിട പോലും ‘മുല്ലമൊട്ടും മുന്തിരിച്ചാറും“ മാറിയിട്ടില്ല. കള്ള് ഷാപ്പും രാവിലെ മുതൽ വൈകീട്ട് വരെ ഇരുന്നു കുടിക്കുന്ന ഗ്രാമീണരും ഇവരൊത്തു ചേരുന്ന സംഘനൃത്തവും, കഥ കൃസ്ത്യൻ പശ്ചാത്തലമാണെങ്കിൽ ദുർഗ്ഗുണ നായകനെ ഉപദേശിക്കാനും സ്നേഹിക്കാനും പോലീസ് സ്റ്റേഷനിൽ നിന്നിറക്കുവാനും സദാ തയ്യാറായിട്ടുള്ള ഇടവകയച്ഛനും ഗ്രാമത്തിൽ ഫൈനാൻസിങ്ങ് നടത്തുന്ന പലിശക്കാരായ അച്ഛായന്മാരുമൊക്കെ ഈ സിനിമയിലുമുണ്ട്. ദുർഗ്ഗുണങ്ങളുടെ വിളനിലമായ നായകനെ വർഷങ്ങളായി വികാരിയച്ചൻ ശ്രമിച്ചിട്ടു പോലും നന്നാക്കാനാവില്ലെങ്കിലും കേവല ദിവസങ്ങൾക്കുള്ളിൽ മുല്ലമൊട്ടിന്റെ സൌന്ദര്യവും നൈർമ്മല്യവുമുള്ള നായിക മാറ്റിയെടുക്കുന്നു. അതിനുവേണ്ടി നായിക പ്രത്യേകിച്ചൊന്നും ചെയ്യുകയൊന്നും വേണ്ട, നായകൻ വിശന്നു വരുമ്പോൾ ചോറു കൊടൂക്കുകയോ അമ്പലത്തിലെ ചന്ദനം നെറ്റിയിൽ തൊടുവിക്കുകയോ നായകന്റെ എല്ലാ ചീത്തവിളിയും ക്ഷമയോടെ കേട്ടു നിൽക്കുകയോ ചെയ്താൽ മതി.
ഒരു തുടക്കക്കാരനു സംഭവിച്ചേക്കാവുന്ന പിഴവുകളും തെറ്റുകുറ്റങ്ങളും സംവിധായകനായ അനീഷ് അൻ വറിനും സംഭവിച്ചിട്ടൂണ്ട്. എങ്കിലും വൃത്തികേടാകാതെ സിനിമയെ അണിയിച്ചൊരുക്കാൻ സാധിച്ചു എന്നത് മേന്മയായിപ്പറയാം. ഭാവിയിൽ നല്ല തിരക്കഥകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നല്ല കൊമേഴ്സ്യൽ ഹിറ്റുകളൊരുക്കാൻ ഈ സംവിധായകനു കഴിഞ്ഞേക്കും. ബിജു കെ ജോസഫിന്റെ തിരനാടകം കമേഴ്സ്യൽ ഹിറ്റുണ്ടാക്കാൻ വേണ്ടി പലയിടത്തുനിന്നും ചോർത്തിയെടുത്ത ചേരുവയാണ്. അവയെ പക്ഷെ ജനപ്രിയമാക്കാനോ, ജീവിതത്തിന്റെ നേർക്കാഴ്ചയാക്കാനോ ഒട്ടും സാധിച്ചില്ല. കഥക്ക് പുതുമയില്ലെങ്കിലും കഥ പറച്ചിലിനെങ്കിലും പുതുമയും ആസ്വാദ്യതയുമുണ്ടാവണം. നിർഭാഗ്യവശാൽ എന്തൊക്കെയോ പറഞ്ഞ് എവിടെയൊക്കെയോ എത്തി മുഷിച്ചിലോടെ അവസാനിക്കുകയാണ് ബിജുവിന്റെ കഥ. സുജിത് വാസുദേവിന്റെ ക്യാമറയാണ് അല്പമെങ്കിലും ആശ്വാസം. തൊടുപുഴയുടെ സൌന്ദര്യ ദൃശ്യങ്ങൾ പകർത്തിയെടുത്തത് കണ്ണിനു കുളിർമയേകുന്നുണ്ട്. അതിലപ്പുറമുള്ള ക്യാമറാ വിരുതൊന്നും സുജിതിനു അവകാശപ്പെടാനില്ല. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും രാജ രത്നത്തിന്റെ എഡിറ്റിങ്ങും ശരാശരി. മോഹൻ സിതാരയുടെ ഗാനങ്ങൾ സുന്ദരം (“നീയേ നീയേ“ എന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നത് വിഷ്ണു ശരത്) ഒരു ഗാനം മോഹൻ സിതാര തന്നെ ആലപിച്ചിരിക്കുന്നു. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ മോഹൻ സിതാര നിർവ്വഹിച്ച പശ്ചാത്തല സംഗീതം വെറും ശബ്ദ കോലാഹലമായിപ്പോയി. കേട്ടു പരിചയമുള്ള പല ഈണങ്ങളും നമുക്കിതിൽ കേൾക്കാം.
ഇന്ദ്രജിതിന്റെ ചുരുട്ട് ജോസ് പലപ്പോഴും മോഹൻലാലിന്റെ നല്ലകാലം ഓർമ്മിപ്പിക്കുന്നുണ്ട്. (മോഹൻലാൽ സിനിമകളുടെ ചേരുവകൾ ചേർത്തിയ ചിത്രമായതു കൊണ്ടും ആവാം) എങ്കിലും ഇന്ദ്രജിത്തിനു വേഷം മോശമാക്കാതെ ചെയ്യാൻ സാധിച്ചു. തിലകന്റെ വാഴക്കുലയച്ഛനും മോശമല്ല. പക്ഷെ തിലകനും വെല്ലുവിളിയാകുന്നൊരു കഥാപാത്രവുമല്ല. മേഘ്നാരാജ്, അനന്യ, അശോകൻ, ടിനിം ടോം എന്നിവരൊക്കെ ചിത്രത്തിന്റെ ഭാഗമായിത്തന്നെ നിൽക്കുന്നു. എടുത്തു പറയാവുന്ന അഭിനയമോ അഭിനയ മുഹൂർത്തങ്ങളോ ആരും പകർന്നു തന്നിട്ടില്ല, അതിനുള്ള വേദിയൊരുക്കുവാൻ തിരക്കഥാകൃത്തിനും സംവിധായകനുമായിട്ടില്ല.
എടുത്ത് പറയാൻ യാതൊരു പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രം, ലൊക്കേഷന്റെ ദൃശ്യഭംഗി കൊണ്ട് കണ്ടിരിക്കാം.