മുല്ലമൊട്ട് vs മുന്തിരിച്ചാറ് - സിനിമാസ്വാദനം

'ന്യൂവേവ്' ഇവിടെ വേവില്ല, വേവിക്കൂല മക്കളെ എന്ന് വാശിയുള്ള മലയാളികൾക്കായുള്ള 'അസല് കഥപ്പടം'. വേണ്ടുവോളം കഥയുണ്ട് എന്നതാണ് മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന സിനിമയുടെ പ്ളസ് പോയിന്റ്. ദീർഘവും കെട്ടുപ്പിണഞ്ഞ് സങ്കീർണവുമായ കഥ(കൾ) ആയതിനാൽ വിസ്തരിക്കുന്നില്ല. (കഥ പറയാത്തതിന് നന്ദി അറിയിച്ച് പുഞ്ചിരിക്കുന്ന മുഖങ്ങൾ..! ) മലയാളത്തിൽ മുൻപിറങ്ങിയ സിനിമകളുമായോ, നായകന് മോഹൻലാലിന്റെ മാനറിസങ്ങളുമായോ വല്ല ബന്ധം തോന്നിയാൽ ഉത്തരവാദപ്പെട്ട പ്രേക്ഷകൻ എന്ന നിലയിൽ 'അതെല്ലാം മറന്നേക്കൂ' !

സമവാക്യങ്ങളും ചേരുവകളും കൃത്യമായി ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യം ആക്ഷൻ, പിന്നെ കള്ളുകുടി, തമാശ, പാട്ട്, ഇമോഷണൽ സീൻ (അതന്നെ. പ്രണയം, കുടുംബ സ്നേഹം... ). വീണ്ടും ആക്ഷൻ, കള്ളുകുടി, തമാശ, പാട്ട്, ഇമോഷണൽ സീൻ... രണ്ടര മണിക്കൂറും ഇത് ആവർത്തിച്ചു കൊണ്ടിരിക്കും. പുട്ടില് പീര പോലെ ഈ ചേരുവ വിദഗ്ദ്ധമായി ചേർത്തിരിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിട്ടുണ്ട്.
Aneesh Anwar ആണ് സംവിധായകൻ. മോഹൻ സിത്താരയുടെ സംഗീതവും മോശമില്ല. പാട്ടുകളിലെ സീനുകൾ ഭംഗിയുള്ളതായിരുന്നെങ്കിലും മറ്റു സീനുകളിലെ കാമറ ഉപയോഗത്തിൽ പിഴവ് വന്നതു പോലെ തോന്നി (തോന്നലാന്നേ). white നിറവും മണ്ണും over exposure ആയി പൊള്ളി പോയിരിക്കുന്നു. സിനിമ കണ്ട് ആദ്യമായാണ് ഇങ്ങനെ പൊള്ളിയത് !

തിലകന്റെ മുഴുനീള സാന്നിദ്ധ്യം സിനിമയുടെ ഒഴുക്ക് സുഗമമാക്കുന്നുണ്ട്. ഉസ്താദ് ഹോട്ടലിലെ കരീമിക്കയെയും ഇന്ത്യൻ റുപ്പിയിലെ അച്ചുത മേനോനേയും അനശ്വരമാക്കിയ തിലകന് പക്ഷേ ഈ ചിത്രത്തിൽ വേണ്ടത്ര ശോഭിക്കാനിയിട്ടില്ല. ഇന്ദ്രജിത്താണ് ആണ് നായകൻ. മേഘ്ന രാജ്, അനന്യ, പ്രവീണ, ടിനി ടോം, കൊച്ചുപ്രേമൻ, അശോകൻ... എന്നിവരാണ് മറ്റു അഭിനേതാക്കൾ. പ്രവീണയെ പോലെ മികച്ചൊരു അഭിനേത്രി ഡയലോഗില്ലാതെ ഭർത്താവിന്റെ അടിയേറ്റും മറ്റും സർവംസഹയായ പെണ്ണായി ഒതുങ്ങി പോയത് എന്തു കൊണ്ടാണാവോ?

ഊർദ്ധ്വാൻ വലിക്കുന്ന മലയാള സിനിമയെ ബുദ്ധിയും ബോധവുമില്ലാത്ത ഓൺലൈൻ കപട സദാചാര_ബുദ്ധിജീവികൾ ലക്കും ലഗാനുമില്ലാതെ വിമർശിച്ച് review എഴുതി നശിപ്പിക്കുന്നു എന്ന വ്യാപകമായ പരാതി കേട്ടതിനാലും മാന്യരായ പ്രേക്ഷകരുടെ തെറി ക്വട്ടേഷൻ പരിഗണിച്ചും ആസ്വാദന കുറിപ്പിൽ മിതത്വം പാലിക്കുന്നു, അല്ലാതെ ഈ സിനിമ മോശമായത് കൊണ്ടല്ലാട്ടോ. നിറുത്തുന്നു..

@ പി.സനിൽകുമാർ .