31. പാടാത്ത പൈങ്കിളി
(1957 ഏപ്രിൽ)
ഇന്നു മിക്ക ഇന്ത്യൻ ചിത്രങ്ങളുടേയും വശ്യത പ്രധാനമായി അതിന്റെ ഗാനവിഭാഗത്തെ ആശ്രയിച്ചാണല്ലോ കിടക്കുന്നത്. ഇതിൽ എട്ടൊമ്പതു പാട്ടുകളുണ്ട്. തിരുനൈനാർ കുറിച്ചി എഴുതിയതും ബ്രദർ ലക്ഷ്മണന്റെ സംവിധാനത്തിൻ കീഴിൽ പുരുഷോത്തമൻ, ശാന്ത, ഗംഗാധരൻ നായർ, രാധാദേവി ഇവർ പാടിയതുമായ പാട്ടുകളിൽ ചിലതു തരക്കേടില്ലെങ്കിലും സംഗീതസംവിധാനം വെറും സാധാരണമായേ കലാശിച്ചിട്ടുള്ളു. പശ്ചാത്തലത്തിൽ പൊതുജനപ്രീതി സമ്പാദിച്ച ചില ഹിന്ദി ട്യൂണുകൾ പ്രയൊഗിച്ചതിന്റെ നിലയും വിലയും മോശം. കപ്പ പറിക്കുമ്പൊഴുള്ള സംഘഗാനം ആ രംഗം പോലെതന്നെ ഗുണം കുറഞ്ഞതാണ്. ശൈലനും തേവിയും കൂടിയുള്ള യുഗ്മഗാനം വേണ്ടില്ലായിരുന്നു.പിച്ചക്കാരുടെ ആ വിവിധവിനോദപരിപാടിയുടെ ആവശ്യമെന്തായിരുന്നു? ‘സ്നേഹമേ കറയറ്റ നിൻ കൈ’ എന്ന പുരുഷോത്തമന്റെ പാട്ടു കൊള്ളാം.ആർഭാടവും അകമ്പടിയുമില്ലാത്ത ‘കാലിതൻ തൊഴുത്തിൽ’ എന്ന സ്തുതിഗീതത്തിന്റെ വിശുദ്ധിയും മാധുര്യവും ഒന്നു വേറെത്തന്നെയാണ്.
(സിനിക്ക് പരാമർശിച്ച കപ്പ പറിയ്ക്കുന്ന പാട്ടുസീൻ കേരളീയസാംസ്കാരികപശ്ചാത്തലത്തിനു വിരുദ്ധമായി സംഘഗാനങ്ങൾ മലയാളസിനിമയിൽ കടന്നുവന്നതിന്റെ ദൃഷ്ടാന്തമാണ്. “പാടെടി പാടെടി പഞ്ഞം തീരാൻ പാലക്കൊമ്പിലിരുന്ന്” എന്ന ഈപാട്ട് അക്കാലത്തെ ഹിന്ദി സിനിമയിൽ കാണാറുള്ള വയൽ/കൊയ്ത്തു പാട്ടുകൾ, പ്രത്യേകിച്ചും “സാഥീ ഹാഥ് ബഢാനാ’ പോലെയുള്ളവയു ടെ ചിത്രീകരണത്തെ അനുകരിച്ചായിരുന്നു. കപ്പ പറിക്കാനും ചെത്താനും വരിവരിയായി പെണ്ണുങ്ങൾ പാടിക്കൊണ്ടു പോകുന്നതും ഒരു വലിയ സംഘം പാടിക്കൊണ്ട് കപ്പചെത്തുന്നതും തമാശ പൊലെയേ തോന്നൂ. പ്രേക്ഷകുരുടെ നേരേ തിരിഞ്ഞ് കൃത്യമായി പഠിച്ചെടുത്തിട്ടെന്നപോലെ, പാശ്ചാത്യ മ്യൂസിക്കത്സിലെ അവതരണം പോലെ ചെയ്യുന്ന ഇന്നത്തെ സംഘഗാനനൃത്തങ്ങളൊളം ആഭാസവും വൈകൃതവും ഇതിനില്ലായിരുന്നു എന്നത് ആശ്വാസകരം).
32. അച്ഛനും മകനും
(1957 മേയ്)
തിരുനെല്ലൂർ കരുണാകരനും തിരുനൈനാർകുറിച്ചിയും ഭാസ്കരനും കൂടി പതിനൊന്നു പാട്ടെഴുതിയിട്ടുണ്ട് ഈ ചിത്രത്തിന്റെ പൊള്ളയായ ഹൃദയം നിറയ്ക്കാൻ. മാധവൻ നായരുടെ മാരൻ പാട്ട് ഒഴിവാക്കാമായിരുന്നില്ലേ എന്നൊരു ശങ്ക. ബാക്കി പാട്ടുകൾ തരക്കേടില്ല. വിശേഷിച്ചും ഭാസ്കരൻ എഴുതിയ വേടൻ പാട്ട്. എ. എം. രാജാ, ശാന്താ പി. നായർ, ജിക്കി തുടങ്ങിയവർ പാടിയ പാട്ടുകളിൽ പലതും മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ മനോവേദനയ്ക്ക് ആശ്വാസപ്രദങ്ങളായ കൊച്ചു വിരാമങ്ങളിടുന്നുണ്ട്. വിമൽ കുമാറിന്റെ സംഗീതസംവിധാനം-സംവിധാനത്തെ തട്ടിച്ചു നോക്കുമ്പോൾ വിശേഷിച്ചും-കൊള്ളാവുന്നതാണ്. ഒപ്പിച്ചുമാറിയ സാങ്കേതിക വൈഭവങ്ങളോടെ ഫിലിംസെന്ററിൽ വച്ചു നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിനുള്ള ചില്ലറ ആകർഷകത്വത്തിൽ പൊറുപ്പിക്കാവുന്ന സംഗീതവിഭാഗവും വലിയ പ്രസക്തി പോരെങ്കിലും തങ്കപ്പന്റെ നേതൃത്വത്തിൽ നടന്ന കാണാൻ കൊള്ളാവുന്ന ആ വേടനൃത്തവും എടുത്തുപറയത്തക്കവയാണ്.
33. മിന്നാമിനുങ്ങ്
(1957 ജൂൺ)
ഇന്ന് ഏതു ചിത്രത്തിന്റേയും പ്രധാനവശ്യതയ്ക്കു നിദാനമായിത്തീർന്നിരിക്കുന്നത് അതിന്റെ സംഗീതവിഭാഗമാണല്ലൊ.എല്ലാറ്റിനും വേണ്ടത്ര പ്രസ്ക്തിയുണ്ടെന്നു പറയാനൊക്കില്ലെന്നിരിക്കിലും, പത്തു പാട്ടുകളിതിലുൾക്കൊള്ളിച്ചിട്ടുണ്ട്. പാട്ടെഴുതി പാകം വന്ന പി. ഭാസ്കരന്റേതാണ് ഈ പത്തു പാട്ടുകളും. ബാബുരാജാണു സംഗീതസംവിധായകൻ. “ഒരു വട്ടിപ്പൂ തരേണം”, “പണ്ടു പെരുന്തച്ചനുണ്ടാക്കി”, “ഇത്രനാളീവസന്തം” എന്നീ പാട്ടുകളിൽ കവിത കാണാം. ശാന്തയും കോഴിക്കോട് അബ്ദുൾഖാദറും പാടിയ പാട്ടുകളേറെക്കുറെ തരക്കേടില്ല. പക്ഷേ കാതിൽ തേൻ തളിയ്ക്കുന്ന പാട്ടുകളവകാശപ്പെടാൻ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല. ആകെത്തുകയിൽ പശ്ചാത്തല സംഗീതമോ താണ നിലവാരമാണു് പുലർത്തിയിട്ടുള്ളതും. കൊള്ളാവുന്ന പാട്ടുകൾ പോലും ശബ്ദലേഖനത്തിന്റെ തകരാറുകൾ മൂലം-സാധാരണ സംഭാഷണത്തെപ്പോലും പല സ്ഥലങ്ങളിലും അതലങ്കോലപ്പെടുത്തുന്നുണ്ട്-അസുഖപ്രദമായ് പരിണമിച്ചിട്ടുണ്ട്.
34. മിന്നുന്നതെല്ലാം പൊന്നല്ല
(1957 സപ്തംബർ)
പി. എൻ. ദേവെഴുതിയ ഏഴു പാട്ടുകൾ ലീല, ജാനമ്മ, ശ്രീനിവാസൻ മുതൽപ്പേരാണു പാടിയിട്ടുള്ളത്. ലീല പാടിയ ആദ്യഗാനം ശ്രദ്ധേയമാണ്. സംഗീതസംവിധായകനായ എസ്. എൻ. ചാരി ‘ഈ ലോകമേ എന്റെ വീടാണ്” “കണ്ണും എൻ കണ്ണുമായ്” എന്നീ ഗാനങ്ങൾക്ക് സി. ഐ. ഡി.യിൽ നിന്നു (ഒ. പി. നയ്യാരറിയാതെയാവണം) ട്യൂൺ കടം വാങ്ങിക്കാണുന്നു. മറ്റൊരു പാട്ടിനു ഹിന്ദി അനാർക്കലിയെ ആണ് ആ പ്രതിഭാസമ്പന്നൻ ശരനം പ്രാപിച്ചിരിക്കുന്നത്. ഇങ്ങനെയെല്ലാം വിഷമിച്ചിട്ടും ഈ ചിത്രത്തിന്റെ സംഗീതവിഭാഗവും ആനന്ദസന്ദായകമാവാതെ പൊയതു കഷ്ടമെന്നേ പറയാവൂ.
(എസ്. ജാനകിയുടെ മലയാളത്തിലേക്കുള്ള വരവ് ഈ സിനിമയിലൂടെയാണ്. ഒരു അനുകരണപാട്ടായതു കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി. “ഇരുൾ മൂടുകയോ എൻ വാനിൽ” എന്ന ഈ പാട്ട് “മേരെ ദിൽ യേ പുകാരേ ആ ജാ” യുടെ കോപ്പി ആയിരുന്നു).
35. ജയിൽപ്പുള്ളി
(1957 നവംബർ)
സംഗീതത്തിന്റെ കാര്യവും മെച്ചമാണെന്നോതിക്കൂടാ. എണ്ണത്തിനു ഒരു ഡസൻ പാട്ടുകളുണ്ടിതിൽ, തിരുനൈനാർകുറിച്ചിയുടേതായി. പാട്ടുകളുടെ ശിൽപ്പഭംഗിയൊക്കെ ഒരു വകയാണ്. എന്നിരിക്കിലും ബ്രദർ ലക്ഷ്മണന്റെ സംഗീതസംവിധാനത്തെക്കാൾ ഭേദമാണ്. കടം വാങ്ങിയ തൂവലുകളിൽ (കടം വാങ്ങത്തക്ക വിധം അവയത്രയ്ക്കാകർഷകമല്ലതാനും) ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാതെ സംഗീതസംവിധാനം നടത്തിയാൽ ഈ സോദരനു മനസ്സമാധാനം കിട്ടില്ലെന്നു വേണം ശങ്കിയ്ക്കാൻ. ലീല, ശാന്ത, കമുകറ മുതൽപ്പേർ പാടിയ പന്ത്രണ്ടു പാട്ടുകളിൽ ഒന്നെങ്കിലും സവിശേഷപ്രശംസയർഹിക്കുന്നില്ല-ലീലയുടെ ‘നമസ്തേ കൈരളീ’ പോലും!