ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്





1967 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലൂടെ മൂന്നു വ്യക്തികളുടെ സ്വകാര്യവും രാഷ്ട്രീയവും സാമൂഹികവുമായ ജീവിതങ്ങൾ കാണിക്കുന്നു. ചെഗുവേരാ റോയ് എന്ന റോയി(മുരളി ഗോപി)യുടേയും, കൈതേരി സഹദേവൻ(ഹരീഷ് പേരഡി) റെവലൂഷണറി പാർട്ടി സെക്രട്ടറിയുടേയും ഒപ്പം വട്ട് ജയൻ എന്നു വിളിക്കുന്ന പോലിസു കാരൻ ജയന്റേ(ഇന്ദ്രജിത്)യും ബാല്യവും ശേഷം 2013 ലുള്ള അവരുടെ ജീവിതവും വിജയപരാജയങ്ങളും സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ പരാമർശിക്കുന്നു.
1969 ലെ വടക്കൻ കേരളത്തിൽ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കൈതേരി അമ്പു എന്ന സഖാവ് കൊല്ലപ്പെടുന്നതും അയാളുടെ സഹോദരപുത്രൻ, കൊച്ചു പയ്യനായ കൈതേരി സഹദേവൻ അനാഥനാവുകയുമാണ്. കൈതേരി അമ്പുവിന്റെ സഹോദരൻ സഹദേവനെ പാർട്ടി ഓഫീസിൽ നിർത്തി വളർത്തുന്നു. കാലങ്ങൾ കഴിഞ്ഞ് 1976ലെ അടിയന്തിരാവസ്ഥകാലത്ത് പാർട്ടിയുടെ നിർദ്ദേശപ്രകാരം ഒളിവിലിരുന്നു പാർട്ടിപ്രവർത്തനത്തിനു തയ്യാറായെത്തിയ സഖാവും അയാളുടെ മകൻ റോയിയും. ഒരു രാത്രിയിൽ ഏതോ ഗ്രാമത്തിലെ ചായക്കടയിൽ നിന്ന് പാർട്ടി നേതാവായ എസ് ആറിനു ഫോൺ ചെയ്ത് തിരികെ പോരുന്നേരം റോയിയുടെ അപ്പൻ ആരുടേയോ വെട്ടേറ്റ് മരിക്കുന്നു. 1986 ലെ ഒരു ദാരിദ്രത്തിൽ ചേച്ചിക്ക് അസുഖമായതിനെത്തുടർന്ന് ചേച്ചിയും അമ്മയുമൊത്ത് ആശുപത്രിയിൽ എത്തിയിരിക്കുകയാണ് ആറു വയസ്സുകാരനായ ജയൻ. ഭാഗ്യവശാൽ ഒരു പോലീസുകാരൻ അവരെ സഹായിക്കുന്നു. എന്നാൽ ദാരിദ്ര്യം നിമിത്തവും സർക്കാർ ആശുപത്രിയിലെ ബുദ്ധിമുട്ടും നിമിത്തവും അവന്റെ ചേച്ചി മരണപ്പെടുന്നു. അന്നത്തെ സംഭവത്തിൽ നിന്ന് കൊച്ചു ജയൻ ഒരു കാര്യം മനസ്സിലാക്കുന്നു. ജീവിക്കണമെങ്കിൽ ഒരു പോലീസുകാരനാകണം ഒപ്പം കൈ നിറയെ പണവും വേണം.
കാലം 2013ലേക്ക് മാറുന്നു. കൈതേരി സഹദേവൻ ഇന്ന് റെവലൂഷണറി പാർട്ടീ ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ്. റോയി എന്ന അനാഥൻ പിന്നീട് ചെഗുവേര റോയി എന്നറിയപ്പെട്ടു ഏതോ ആക്രമണത്താൽ ശരീരം തളർന്ന് പാർട്ടി സഖാവായി ജീവിക്കുന്നു. ജയൻ എന്ന പയ്യൻ വളർന്നു പോലീസ് ജോലിയോട് ആകൃഷ്ടപ്പെട്ട് ഏതു വഴിക്കും കൈക്കൂലി വാങ്ങിക്കുന്ന പോലീസുകാരനായി വട്ട് ജയൻ എന്ന പേരിൽ ജീവിക്കുന്നു. റെവലൂഷണറി പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് പല കാരണങ്ങളാൽ പുറത്തുപോയ രണ്ടു സഖാക്കളയായിരുന്നു സുരേഷും അലിയാരും. ഇവർക്ക് ചെഗുവേര റോയിയോട് ഇപ്പോഴും ബന്ധമുണ്ട്. പക്ഷെ പാർട്ടിയോടും പാർട്ടിയുടേ ഇന്നത്തെ പോക്കിലും താല്പര്യമില്ല. അലിയാർ ഒരു ദിവസം റോയിയെ തലസ്ഥാന നഗരിയിൽ കാണാനെത്തുന്നു. അതേ ദിവസം തന്നെയാണ് വൈ എഫ് ഐ യുടെ സെക്രട്ടറിയേറ്റ് മാർച്ചും. മാർച്ചിനെ നേരിടുന്ന പോലീസ് സേനയുടെ മുൻ നിരയിൽ ഉണ്ടായിരുന്ന ജയൻ. സമരം അക്രമാസക്തമാകുന്നതോടെ നിരവധി സഖാക്കളെ ജയൻ തല്ലിച്ചതക്കുന്നു അത് ടി വിയിൽ വരുന്നു.
അലിയാർ റോയിയെ കണ്ടത് സംസ്ഥാനം നടുങ്ങുന്ന വാർത്ത പങ്കുവെയ്ക്കാനായിരുന്നു. ചെമ്മറ ഡാമിന്റെ പുനർനിർമ്മാണത്തിലും അനുബന്ധപ്രവർത്തനങ്ങളിലും കാനഡ കമ്പനിയുമായി നടത്തിയ ഇടപാടിൽ മൂന്നരകോടിയോളം രൂപ സഖാവ് കൈതേരി സഹദേവൻ കൈപ്പറ്റി എന്നതായിരുന്നു. അത് പാർട്ടിക്ക് വേണ്ടിയാണോ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയാണോ എന്ന് അലിയാർക്കും റോയിക്കും അറിയില്ല. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആയിട്ടാണ് അലിയാർ വന്നിരിക്കുന്നത്. പാർട്ടി വിട്ട് റിബലുകളായി ജീവിക്കുന്ന സുരേഷും അലിയാരും സ്വന്തമായി “ദി കമ്മ്യൂണിസ്റ്റ്” എന്ന പേരിൽ ഒരു പത്രം പുറത്തിറങ്ങുന്നുണ്ട്. ഈ വിവരങ്ങളും കൈതേരി സഹദേവനെതിരെയുള്ള തെളിവുകളും തങ്ങളുടെ സ്വന്തം പത്രത്തിൽ അച്ചടിക്കാൻ ഉള്ള തീരുമാനത്തിലായിരുന്നു ഇരുവരും. എന്നാൽ ഇത് പാർട്ടിയെ ബാധിക്കുമെന്നതിനാലും സഖാവ് സഹദേവനെ നേരിട്ടൂ ബാധിക്കുമെന്നതിനാലും റോയ് അത് തടയുന്നു.
ആരെയും കൂസാക്കില്ല എങ്കിലും, റോയിയുടെ ഭാര്യ അന്നക്ക് തന്റെ ചേച്ചിയുടെ ഛായയാണെന്ന് പറഞ്ഞ് അവരോടിരുവരോടും ജയന് വലിയ സ്നേഹമാണ്. ജയൻ, തന്റെ സഹോദരിയെ ചികിത്സിച്ച നേഴ്സിന്റെ മുഖഛായയുള്ള ജെനിഫർ എന്നൊരു നഴ്സിനെ സ്നേഹിക്കുന്നു. അവൾക്ക് ഒരു കുട്ടി ഉണ്ടെന്നുള്ളത് അവൻ കാര്യമാക്കുന്നില്ല. മാനസിക രോഗിയായ ഭർത്താവ് മാത്യൂസിനെ പേടിച്ച് കഴിയുകയാണ് അവൾ. അതിനിടയിൽ ജയന്റെ സാമീപ്യം അവൾക്കൊരു ധൈര്യമാണ്. സഖാവ് റോയ് പ്രതിപക്ഷ നേതാവ് സഖാവ് എസ് ആറിനെ ചെന്നു കാണുന്നു. അദ്ദേഹവും പാർട്ടീ സെക്രട്ടറിയും തമ്മിൽ നല്ല അടുപ്പമല്ല. എസ് ആർ ഒരു നിർദ്ദേശം പറയുന്നു. ദി കമ്മ്യൂണിസ്റ്റിലെ മൂന്നാം പേജിൽ രണ്ടു കോളം വാർത്തയാക്കി പ്രസിദ്ധീകരിച്ചാൽ മതി. ബാക്കി ഈ പ്രശ്നം ഞാൻ ഏറ്റെടുത്തോളാം, ഈ രണ്ടു സഖാക്കളേയും സംരക്ഷിച്ചോളാം എന്ന്. ആ നിർദ്ദേശപ്രകാരം വാർത്ത അച്ചടിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അവസാന നിമിഷം സുരേഷിനു മനം മാറ്റമുണ്ടാകുന്നു. പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടും കൂറുള്ള സുരേഷ് ഈ വിവരങ്ങൾ പൂർണ്ണമായും സഖാവ് സഹദേവന്റെ പേരുവെച്ചും ഫ്രണ്ട് പേജിൽ തന്നെ അച്ചടിക്കുന്നു. പിറ്റേ ദിവസം ആ വാർത്ത കേരള മുഴുവൻ ചർച്ചാവിഷയമാകുന്നു.
ജെനിഫറിനെ അന്വേഷിച്ച് മാത്യൂസെത്തുന്നു. ജെനിഫർ ജയനെ വിളിക്കുന്നു. അവർ തമ്മിലുള്ള സംഘട്ടനത്തിനിടയിൽ മാത്യൂസ് കൊല്ലപ്പെടുന്നു. ആ കേസിൽ ജയൻ പ്രതിയാകുന്നു. സുരേഷിനും അലിയാർക്കും ഭീഷണി നേരിടേണ്ടിവരുന്നു. അവർ ഒളിവിൽ പോകുന്നു. ജയൻ കീഴടങ്ങി ജയിലിൽ പോകുന്നു. കൈതേരി സഹദേവൻ റോയിയെ വിളിച്ചു ഭീഷണിപ്പെടുത്തുന്നു. സഖാവ് സുരേഷ് കൊല്ലപ്പെടുന്നു. റോയ് അസുഖബാധിതനാകുന്നു. അലിയാർ നാട്ടില നിന്നും ഒളിച്ചോടുന്നു. റോയി കൈതേരിയെ കാണാൻ ശ്രമിക്കുന്നുവെങ്കിലും അത് സാധ്യമാകാതെ വരുന്നു. ഒടുവിൽ വഴിയിൽ തടഞ്ഞ് റോയി സഹദേവനെ കാണുന്നു. ചെമ്പട ഡാമിന്റെ കാര്യം സത്യമാണെന്നും പക്ഷേ അത് പറയുന്നവരുടെ വാ മൂടിക്കെട്ടുമെന്നും സഹദേവൻ റോയിയോട് പറയുന്നു. തന്റെ വഴിയിൽ ഇനിയും കടന്നു വരരുതെന്ന് സഹദേവൻ റോയിയെ ഭീഷണിപ്പെടുത്തുന്നു. അന്നക്ക് പാർട്ടിയുടെ കോളേജിൽ ജോലി സ്ഥിരപ്പെടാതെ വരുന്നു. അലിയാരുടെ കാര്യത്തിൽ സഖാവ് എസ് ആറും റോയിയെ കൈവെടിയുന്നു. ജെനിഫറിന് കാനഡയിൽ ജോലി ശരിയാകുന്നു.
- നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഈ ചിത്രത്തിലെ ഒരു ഗാനം പാടിയിരിക്കുന്നു.
- വട്ട് ജയൻ എന്ന ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ച സേതുലക്ഷ്മിയുടെ ചെറുപ്പകാലം അഭിനയിച്ചത് അവരുടെ മൂത്ത മകള്‍ ലക്ഷ്മി തന്നെയാണ്
ജയൻ ജാമ്യത്തിലിറങ്ങുന്നു. അവൻ ജെനിഫറിനെ അന്വേഷിച്ച് എയർപോർട്ടിൽ എത്തുന്നു. പക്ഷേ അവൻ അവളെ തടയുന്നില്ല. അലിയാർ തമിഴ് നാട്ടിൽ വച്ച് കൊല്ലപ്പെടുന്നു. വക്കീലിന്റെ നിർബന്ധപ്രകാരം ജയൻ കൈതേരി സഹദേവനെ കാണാൻ പോകുന്നു. അയാൾ തന്റെ ആളുകളോട് മാപ്പ് പറയാൻ ജയനോട് ആവശ്യപ്പെടുന്നു. പക്ഷേ ജയൻ അത് ചെയ്യുന്നില്ല. അതോടെ വക്കീലും അയാളെ കയ്യൊഴിയുന്നു. ജയന്റെ ജോലി നഷ്ടപ്പെടുന്നു. ജയിലിലാകുമെന്ന് ഉറപ്പായതോടെ ജയൻ അമ്മയോട് അന്നയുടെ ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുന്നു. അലിയാരുടെ മരണവിവരം അറിയുന്ന റോയ് തളർന്നു വീഴുന്നു. അന്ന ഡോക്ടറെ വിളിക്കുന്നുവെങ്കിലും അയാൾ വരുന്നില്ല. റോയിയെ ചികിത്സിക്കുന്ന ജൂനിയർ ഡോക്ടരുടെ അശ്രദ്ധ കൊണ്ട് റോയ് മരിക്കുന്നു. പഴയ വിദ്യാർത്ഥി നേതാവായിരുന്ന റോയിയെ ഒരു വശം തളർത്തി സ്വാധീനമില്ലാതാക്കിയതിനു പിറകിൽ കൈതേരി സഹദേവനാണെന്ന് സഖാവ് അനിയിൽ നിന്നും ജയൻ മനസ്സിലാക്കുന്നു. പാർട്ടി സമ്മേളനത്തിൽ സംസാരിച്ചു കൊണ്ടിരുന്ന സഹദേവനെ സ്റ്റേജിൽ കയറി ജയൻ കുത്തി കൊലപ്പെടുത്തുന്നു. ജയന് വധശിക്ഷ ലഭിക്കുന്നു. ജയന്റെ അമ്മ അന്നയോടൊപ്പം ബാക്കിയുള്ള കാലം കഴിയുന്നു.
- Read more about ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
- 1346 views