ബാലൻ

മലയാളത്തില്‍ നിര്‍മിച്ച ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമാണ് ബാലന്‍. 1928ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ വിഗതകുമാരന് ശേഷം പത്തുവർഷം കഴിഞ്ഞാണ് ബാലൻ പുറത്തിറങ്ങിയതെങ്കിലും പലരും ആദ്യ മലയാളസിനിമയായി കണക്കാക്കുന്നത് "ബാലനെ"യാണ്.വിഗതകുമാരനു ശേഷം 1933ൽ പുറത്തിറങ്ങിയ മാർത്താണ്ഡവർമ്മയും നിശബ്ദ ചിത്രമായിരുന്നതിനാലാണ് ഇത്തരമൊരു സവിശേഷത "ബാലനു" കൈവന്നത്.

റിലീസ് തിയ്യതി
Balan
1938
അനുബന്ധ വർത്തമാനം

മലയാളത്തില്‍ നിര്‍മിച്ച ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമാണ് ബാലന്‍.പക്ഷേ നമ്മുടെ ഭാഷയിലെ ആദ്യശബ്ദചിത്രത്തിലെ ആദ്യവാചകം മലയാളത്തില്‍ അല്ലായിരുന്നു എന്നതാണ് വൈരുധ്യം. 'ഗുഡ് ലക്ക് റ്റു എവരിബഡി' എന്നായിരുന്നു ആ വാചകം.

സേലം മോഡേണ്‍ തിയറ്റേഴ്സിന്റെ ഉടമയായിരുന്ന ടി.ആര്‍. സുന്ദരമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഈ പ്രഥമ മലയാള ചിത്രത്തിന്റെ നിര്‍മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. നാഗര്‍ കോവില്‍ സ്വദേശിയും അർദ്ധമലയാളിയുമായിരുന്ന എ.സുന്ദരം ഒരു മലയാള ചിത്രം നിര്‍മിക്കണമെന്ന് മോഹിച്ചു. 'വിധിയും മിസിസ് നായരും' എന്ന പേരില്‍ ഒരു കഥയെഴുതി അദ്ദേഹം മദിരാശിയില്‍ എത്തി. ഒരു മലയാളി അസോസിയേഷന്‍ രൂപവത്കരിച്ച് നടീനടന്മാരെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് ടി.ആര്‍. സുന്ദരം എ.സുന്ദരവുമായി കണ്ടുമുട്ടിയത്. അവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ടി.ആര്‍. സുന്ദരത്തിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെ തിയറ്റര്‍ ഉടമകളെ ഉദ്ദേശിച്ച് ഒരു പരസ്യംചെയ്തു. അതിനു ഫലമുണ്ടായി. 25000 രൂപ മുന്‍കൂറായി കൈവശം വന്നു. ചിത്രത്തിന്റെ പ്രാരംഭജോലികള്‍ ആരംഭിച്ചു. പക്ഷേ ഇതിനിടെ സംവിധായകനായിരുന്ന എ.സുന്ദരം ചിത്രത്തിലെ നായികയുമായി അനുരാഗബദ്ധയാവുകയും റിഹേഴ്സലിനിടെ ഒളിച്ചോടുകയും ചെയ്തു. അതിനുശേഷമാണ് മുതുകുളം രാഘവന്‍ പിള്ളയെക്കൊണ്ട് കഥയും ഗാനങ്ങളും എഴുതിച്ച് മലയാളി അല്ലാത്ത നൊട്ടാണിയെക്കൊണ്ട് സംവിധാനം ചെയ്യിച്ച് ടി.ആര്‍. സുന്ദരം ചിത്രം തിയറ്ററില്‍ എത്തിച്ചത്.

പതിനഞ്ചാം വയസ്സില്‍ ഈ ചിത്രത്തില്‍ വേഷമിട്ട കോട്ടയം സ്വദേശി എം.കെ.കമലം 2010 ഏപ്രില്‍ 20നാണ് അന്തരിച്ചത്.

2004 ജനുവരി പതിനെട്ടിന് 'ബാലന്‍' റിലീസ് ചെയ്ത് 66 വര്‍ഷം തികയുന്ന ദിവസം ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അടങ്ങിയ 'ഗുഡ് ലക്ക് റ്റു എവരിബഡി' എന്ന ആര്‍. ഗോപാലകൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.

മലയാളത്തിലെ ആദ്യശബ്ദ ചിത്രമായിരുന്ന ബാലനിൽ ഒരു മലയാളി മാത്രമേ സാങ്കേതികപ്രവർത്തകാനായി ഉണ്ടായിരുന്നുള്ളു..ചെങ്ങന്നൂർക്കാരനായ വർഗ്ഗീസായിരുന്നു അത്.ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചത് ഇദ്ദേഹമാണ്.

കഥാസംഗ്രഹം

വിഭാര്യനായിക്കഴിഞ്ഞിരുന്ന നല്ലവനും ധനാഢ്യനുമായ ഡോക്ടര്‍ ഗോവിന്ദന്‍ നായരുടെ മക്കളാണ് ബാലനും സരസയും. ഡോക്ടര്‍ പുനര്‍വിവാഹം ചെയ്യുന്നു. രണ്ടാം ഭാര്യയായ മീനാക്ഷി അമ്മയില്ലാത്ത ആ രണ്ട് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നു. ഒടുവില്‍ അവരെ കൊല്ലാന്‍ തന്നെ തീരുമാനിക്കുന്ന ഘട്ടം വരെയെത്തി. ബാലനെയും സരസയെയും തീയിലിട്ട് കൊല്ലാന്‍ തുനിഞ്ഞ മീനാക്ഷിയുടെ ക്രൂരത താങ്ങാനാവാതെ ഡോക്ടര്‍ ഗോവിന്ദന്‍ നായര്‍ ഹൃദയംപൊട്ടി മരിക്കുന്നു. അനാഥരായി തീര്‍ന്ന ബാലനും സരസയും പിന്നീട് അനുഭവിക്കേണ്ടി വരുന്ന കൊടുംയാതനകളിലൂടെയാണ് കഥ വികസിക്കുന്നത്.

കുടിലബുദ്ധിയായ കിട്ടുപ്പണിക്കരെ മീനാക്ഷി അതിനിടെ ഭര്‍ത്താവായി സ്വീകരിച്ചിരുന്നു. ഈ രണ്ട് ദുര്‍ഭൂതങ്ങള്‍ക്കിടയില്‍നിന്ന് ആ കുട്ടികള്‍ രക്ഷപ്പെട്ടോടുകയാണ്. വഴിയില്‍ ഭക്ഷണവും പാര്‍പ്പിടവും കിട്ടാതെ അവര്‍ അലയുന്നു. പെരുവഴിയില്‍ വിശന്നു വലഞ്ഞ് തളര്‍ന്നുവീണ കുട്ടികളെ അതുവഴി വന്ന ബാരിസ്റ്റര്‍ പ്രഭാകരമേനോന്‍ എടുത്തുകൊണ്ടുപോയി സ്വന്തം കുട്ടികളെ പോലെ വളര്‍ത്തുന്നു. കുട്ടികളെ സംരക്ഷിക്കുകയാണെങ്കില്‍ തന്റെ സ്വത്ത് അനുഭവിക്കാന്‍ മീനാക്ഷിയെ അനുവദിക്കുമെന്ന് മരണപത്രത്തില്‍ ഡോക്ടര്‍ എഴുതിയിരുന്നു. സ്വത്ത് മോഹിച്ച് സ്വാര്‍ഥമതിയായ മീനാക്ഷി കുട്ടികളെ തേടിപ്പിടിക്കാന്‍ ഭര്‍ത്താവ് കിട്ടുപ്പണിക്കരെ ചുമതലപ്പെടുത്തുന്നു. സ്കൂളില്‍നിന്നു വരുന്ന വഴി കുട്ടികളെ കണ്ട കിട്ടു അവരെ കൂട്ടിക്കൊണ്ടുപോയി കേളു എന്ന വേലക്കാരന്റെ വീട്ടില്‍ താമസിപ്പിക്കുന്നു. എന്നാല്‍ കുട്ടികള്‍ അവിടെ നിന്ന് രക്ഷപ്പെടുന്നു. അലഞ്ഞുനടന്ന അവര്‍ ഒരു സത്രത്തില്‍ അന്തിയുറങ്ങുന്നു. പിന്നീട് അവര്‍ ഒരു തോട്ടത്തില്‍ പണിക്കാരായി കഴിഞ്ഞുകൂടുന്നു. അങ്ങനെ കാലം കുറേ കടന്നുപോയി.

ഒരിക്കല്‍ ആ തോട്ടത്തില്‍ സുഖവാസത്തിനായി എത്തിച്ചേര്‍ന്ന പ്രഭാകരമേനോന്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ബാലനെയും സരസയെയും കണ്ടുമുട്ടുന്നു. അവരെ വീണ്ടും തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുന്നു. മീനാക്ഷി കൈക്കലാക്കി വെച്ചിരുന്ന ഡോക്ടറുടെ മരണപത്രം ബാലന്‍ കൈവശപ്പെടുത്തി മേനോനെ ഏല്‍പ്പിക്കുന്നു. പ്രഭാകരമേനോന്‍ മീനാക്ഷിക്കും കിട്ടുവിനും എതിരെ കേസു കൊടുത്ത് അവര്‍ക്ക് എതിരായ വിധി നേടുന്നു. കോപാകുലയായ മീനാക്ഷി മേനോന്റെ നേര്‍ക്ക് നിറയൊഴിക്കുന്നു. തടുക്കാന്‍ ശ്രമിച്ച് മുന്നില്‍ ചാടിയ ബാലന്‍ വെടിയേറ്റ് പിടഞ്ഞു മരിക്കുന്നു. മീനാക്ഷി ശിക്ഷിക്കപ്പെടുന്നു.അതിനകം വളര്‍ന്നു കഴിഞ്ഞിരുന്ന സരസയെ പ്രഭാകരമേനോന്‍ വിവാഹം കഴിക്കുന്നു. അവരുടെ ആദ്യ പുത്രന് ബാലന്‍ എന്നാണ് പേരിടുന്നത്. മരണമടഞ്ഞ ബാലന്റെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രം അവസാനിക്കുന്നു.

റിലീസ് തിയ്യതി

മലയാളത്തില്‍ നിര്‍മിച്ച ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമാണ് ബാലന്‍. 1928ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ വിഗതകുമാരന് ശേഷം പത്തുവർഷം കഴിഞ്ഞാണ് ബാലൻ പുറത്തിറങ്ങിയതെങ്കിലും പലരും ആദ്യ മലയാളസിനിമയായി കണക്കാക്കുന്നത് "ബാലനെ"യാണ്.വിഗതകുമാരനു ശേഷം 1933ൽ പുറത്തിറങ്ങിയ മാർത്താണ്ഡവർമ്മയും നിശബ്ദ ചിത്രമായിരുന്നതിനാലാണ് ഇത്തരമൊരു സവിശേഷത "ബാലനു" കൈവന്നത്.

Submitted by sajeesh on Fri, 08/27/2010 - 01:08