വെണ്ണക്കൽക്കൊട്ടാരവാതിൽ നമുക്കായ് തുറക്കും
സങ്കൽപസൗഗന്ധികങ്ങൾ നമുക്കായ് വിടരും
പുതിയൊരു പുലർകാലം തിരിയുഴിയുകയായി
മിഴിനീർ തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി പോരൂ... പോരൂ....
(വെണ്ണക്കൽ)
നീയില്ലെങ്കിൽ ഞാനില്ലെന്നായ്
കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നിൽ തീർക്കാൻ
മണ്ണിൽ വരും കന്നിത്തിങ്കൾ
മാലിനിയുടെ കരയിൽ ഞാൻ മാധവമലരാകും
താരകമണി തേടും നിൻ കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും...
കുടകുമലയിൽ അമൃതമഴയിൽ ഉയിരു കുളിരും
(വെണ്ണക്കൽ)
നേരം നല്ല നേരം നോക്കും
നാലുനിലപ്പന്തൽ തീർക്കും
പള്ളിയറ മഞ്ചത്തിൽ നാം
പഞ്ചവർണ്ണക്കിളികളാകും
പട്ടുപുടവയുലയും നിൻ കുപ്പിവളകളുടയും
തണ്ടുലയണ മെയ്യിൽ കരിവണ്ടുപോൽ ഞാനലയും
ഓളങ്ങളിൽ നാം ഇലയായ് ഒഴുകും...
കനവിലുരുകിയലിയുമിരവിൻ മധുരം നുണയും
(വെണ്ണക്കൽ)