പൂങ്കാറ്റിനോടും കിളികളോടും

പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായ് അലസമലസമായ്
അരികിലൊഴുകി ഞാൻ
(പൂങ്കാറ്റിനോടും..)

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
(പൂങ്കാറ്റിനോടും..)

നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ
(പൂങ്കാറ്റിനോടും..)

Submitted by admin on Tue, 01/27/2009 - 23:32