വാർതിങ്കൾ തോണിയേറി
വാസന്ത രാവിൽ വന്ന
ലാവണ്യ ദേവതയല്ലേ നീ - വിശ്വ
ലാവണ്യ ദേവതയല്ലേ
(വാർതിങ്കൾ..)
നീലമേഘങ്ങൾ നിന്റെ പീലിപ്പൂമുടി കണ്ടാൽ
നീർമണി കാഴ്ചവെച്ച് തൊഴുതു പോകും
നിൻ തിരുനെറ്റി കണ്ടാൽ
കസ്തൂരിക്കുറി കണ്ടാൽ
പഞ്ചമിതിങ്കൾ നാണിച്ചൊളിച്ചു പോകും
നാണിച്ചൊളിച്ചു പോകും
(വാർതിങ്കൾ..)
മാരന്റെ കൊടികളിൽ നീന്തിക്കളിക്കും - പരൽ
മീനുകളല്ലേ നിന്റെ നീർമിഴികൾ
പിന്തിരിഞ്ഞു നീ നിൽക്കേ കാണ്മൂ ഞാൻ
മണിതംബുരു ഇതു മീട്ടാൻ കൊതിച്ചു നില്പൂ
കൈകൾ തരിച്ചു നില്പൂ
(വാർതിങ്കൾ..)
ഇത്തിരി വിടർന്നൊരീ ചെഞ്ചൊടികളിൽ നിന്നും
മുത്തും പവിഴവും ഞാൻ കോർത്തെടുക്കും
താമരത്തേൻ നിറഞ്ഞൊരീ മലർക്കുടങ്ങളെ
ഓമനേ മുകർന്നു ഞാൻ മയങ്ങി വീഴും
നിന്റെ മടിയിൽ വീഴും
വാർതിങ്കൾ തോണിയേറി
വാസന്ത രാവിൽ വന്ന
ലാവണ്യ ദേവതയല്ലേ നീ - വിശ്വ
ലാവണ്യ ദേവതയല്ലേ