കവിത കൊണ്ടുനിൻ കണ്ണുനീരൊപ്പുവാൻ
കഴിവെഴാത്തവനാണു ഞാനെങ്കിലും
കടമിഴികളിൽ നീലമലരൊളി
കവിത നെയ്തിടും നിൻകണ്മുനകളിൽ
ഉരുകിയൂറുന്ന നോവിൻ നനവുകൾ
ഒരു നിമിഷമൊന്നുമ്മവെച്ചൊപ്പുവാൻ
മധുരമാമൊരു സ്നേഹാർദ്രഗീതത്തിൻ
മൃദുലമാമൊരു തൂവാല തുന്നുവാൻ
മുരളിയിൽ ചുണ്ടമർത്തുകയാണെന്റെ
കരളിലെ സ്നേഹഗായകൻ സോദരീ
മലമകളേ പറയൂ നിൻ കൺകളിൽ
അലിയുകയോ ഭുവനവും വാനവും
നറുനിലാവണിരാവിന്റെ നീലിമ
വിരിയുമാ മിഴിപ്പൂക്കളിൽ കണ്ടു ഞാൻ
തളിരിലകളാൽ താലമുയർത്തി നൽ-
തിരികൾ നീട്ടുമീ തേയിലക്കാടുകൾ
നിവരെ വാരിപ്പുതച്ചൊരാ നീലിമ
വിരിയുമാ മിഴിപ്പൂക്കളിൽ കണ്ടു ഞാൻ
അഴകിലായിരം കാന്താരിപ്പൂത്തെഴും
അകലെയാ നീലവാനിൻ നിലങ്ങളിൽ
അലിയുമിന്ദ്രനീലാഭകൾ നിൻ മിഴി
മലരിലൂറിത്തുടിപ്പതു കണ്ടു ഞാൻ
മലമകളേ പറയൂ നിൻ കൺകളിൽ
അലിയുകയോ ഭുവനവും വാനവും