മധുമാസ നികുഞ്ജത്തിൽ

മധുമാസനികുഞ്ജത്തിൽ
മാധവനെ കാത്ത്
മദനവിവശയായ് രാധയിരുന്നു
പൂർണ്ണിമാരാത്രിയിൽ കാലടി സ്വരമോർത്ത്
പൂർണ്ണേന്ദു മുഖിയവളിരുന്നു
രാസപഞ്ചമിലഹരിയിൽ മുങ്ങി
രാഗാനുഭൂതിയാർന്ന ഭൂമി
രജനീകോകിലം മുരളികയൂതി
രാധേ രാധേ വന്നാലും
കണ്ണനുണ്ണി തൻ കളസ്വരം കേട്ടു
കാലടി മുന്നോട്ടു ചലിച്ചൂ
കാൽ ചിലമ്പിന്റെ കളിചിരി കേട്ടു
കണ്ണാ കണ്ണാ വരുന്നു ഞാൻ
 
ശ്രാവണമാസത്തിൻ സംഗീതം മേലേ
നീരദമൃദംഗത്തിൻ ഝംകാരം
മന്ദാരമാകന്ദമല്ലികാപുഷ്പങ്ങളാൽ
വൃന്ദാവനമാകെയലങ്കാരം
ഓരോ മലരിലും ഓരൊ മലരിലും
പ്രേമപ്രവാഹത്തിനാനന്ദം
മാധവാ താവക ശീതളഗളത്തിങ്കൽ
രാധികാജീവിതം സുമഹാരം