ഒരു വരം ചോദിച്ചു

വിരുത്തം
ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരവേ നമഃ
യാ ദേവി സ്തൂയതേ നിത്യം - ബ്രഹ്മേന്ദ്ര സുര കിന്നരഃ
സാ മമൈവാസ്തു ജിഹ്വാഗ്രേ - പത്മഹസ്താ സരസ്വതീ....
ബുദ്ധിം ദേഹി യശോ ദേഹി - കവിത്വം ദേഹി ദേഹി മേ
മൂഢത്വം സംഹര ദേവി - ത്രാഹിമാം ശരണാഗതം...
ഓം സം സരസ്വത്യൈ നമഃ

ഗീതം
ഒരു വരം ചോദിച്ചു മുന്നിൽ വന്നീടുവോർ-
ക്കൊരുകോടി വരമേകും ദേവീ
മനസ്സിന്റെ നവരാത്രി മണിമണ്ഡപത്തിൽ ഞാൻ
പാടുന്നു നിൻ പുണ്യ സ്വരമാധുരി
സ്വീകരിച്ചാലുമീ ഗാനാഞ്ജലി

നാരായമുനയന്നു നാവിൽ വരച്ചൊരാ
അക്ഷരപ്പാടിലൂടല്ലോ, ഞാന-
റിഞ്ഞു നിൻ മാതൃവാത്സല്യം
പിന്നെ നീ വാക്കുകൾ കോർത്തെന്റെ വാണിയിൽ
ഗാനങ്ങളായുണർന്നപ്പോൾ, കണ്ടുഞാൻ
അതിരറ്റ നിന്റെ കാരുണ്യം
ഇനിയും - ഇനിയും - ചൊരിയുകില്ലേ, നിന്റെ
സംഗീത നഭസിലെ അമൃതവർഷം
അമൃതവർഷം....

സപ്തസ്വരങ്ങളാം മകരന്ദമൂട്ടി നീ
സംഗീത സാഗരം കാട്ടി, എന്റെ
ഉള്ളിൽ നീ മണിവീണ മീട്ടി
അജ്ഞനാമെന്നുടെ സിരകളാം തന്തിയിൽ
അറിയാത്ത രാഗങ്ങൾ ചാർത്തി, എന്നി-
ലായിരം ഗാനങ്ങൾ തൂകി
മരണം – വരെയും - പകരുകില്ലേ, അമ്മേ
നിൻ നിറമാറിലെ ആത്മഹർഷം
ആത്മഹർഷം....