അഞ്ജനക്കണ്ണെഴുതി...

അഞ്ജനക്കണ്ണെഴുതി, കവിളിലി-
ന്നമ്മച്ചി പൊട്ടുകുത്തി
അച്ഛൻ മുടിയൊതുക്കീ, കരിവള-
യിട്ടുനിൻ കൈയൊരുക്കി
പട്ടുടുപ്പിട്ടുതരാൻ പുലരിളം-
പൂവണിപ്പൊൻ വെയില്
ഊയലിലാട്ടിത്തരാനോലത്തുമ്പ-
ത്താടും കിളിമകള്


മഞ്ഞൾക്കുറിവരയ്ക്കാൻ തൊടിയിലെ-
മന്ദാരപ്പൂങ്കതിര്
മാറിലണിഞ്ഞിടാനായ് തിരുവോണ
മാലയായ് മാരിവില്ല്
കുഞ്ഞുകാല്പ്പാടുകളാവണിപ്പൂക്കളം
തീർക്കുമീപ്പൂന്തൊടിയിൽ
മണ്ണപ്പംചുട്ടുകളിക്കുവാനമ്പാടി-
ക്കണ്ണനുമുണ്ടുകൂട്ട്


ഉത്രാടപ്പൂനിലാവിൻ ചിരിയിൽ വി-
ടർന്നെൻ കിനാമുല്ലകൾ
അക്കിളിക്കൊഞ്ചല്കേട്ടിന്നുരുകുന്നെൻ
നെഞ്ചിലെ നൊമ്പരങ്ങൾ
നീ പണ്ടുപണ്ടൊരു നാളെന്റെ ജീവനെ-
പ്പുല്കിയോരന്തിതൊട്ടേ
ഞാനറിയുന്നു നീയില്ലായിരുന്നെങ്കി-
ലില്ലഞാ,നെന്നു പൊന്നേ


കടപ്പാട് : ഈ ഗാനത്തിന്റെ ഈണം ചെട്ടുകുളങ്ങര ക്ഷേത്രത്തിൽ ആലപിച്ചുവരാറുള്ള പുരാതനമായ ഒരു കുത്തിയോട്ടച്ചൊല്ലിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാകുന്നു.

Submitted by Nisi on Thu, 10/04/2012 - 13:49