തൃക്കണിനേദിക്കാം

തൃക്കണിനേദിക്കാം, തിരുമധുരം നൽകാം

കുട്ടിക്കൊമ്പൻ മുഖനേ അടിയനൊ-

ടിഷ്ടം കൂടില്ലേ, വഴിയിലെ

വിഘ്നം നീക്കില്ലേ

തൃപ്പുലിയൂരു വടക്കുവിളങ്ങിടു-

മപ്പാ നിൻ പടിയിൽ

അപ്പം മലരടയൊപ്പമൊരുക്കി-

ഏത്തവുമിട്ടീടാം,

തെറ്റുകളേറ്റുപറഞ്ഞീടാം

 

തെക്കുവടക്കലയുന്നൊരു ജീവിത-

മെത്താനൊരുകരയിൽ

എത്രഭജിച്ചടിയൻ നീ കളിയായ്‌

കണ്ടരുളീ നടയിൽ

വയ്യിനി ദേവാ വിനകൾ വരിക്കാൻ

വാരണമുഖ വരനേ

അപ്പാദങ്ങളതല്ലേയുള്ളൂ

ആശ്രയമെൻ വഴിയേ, എന്നും

ആശ്രയമെൻ വഴിയേ

 

അക്കരെയിക്കരെവിട്ടൊഴിയാതിഹ

കർമ്മങ്ങൾ കാമം

അക്കെടുതിക്കകമേ പിണയുന്നൂ

ബന്ധനമാം ബന്ധം

വേണ്ടിനിദേവാ നരജന്മത്തിൻ

നശ്വര ഭാഗ്യങ്ങൾ

ഉണ്ടായീടണമൊന്നേ എന്നും

നിന്റെ കടാക്ഷങ്ങൾ, എന്നും

നിന്റെ കടാക്ഷങ്ങൾ