പാൽക്കാവടി

വിരുത്തം:


ഉള്ളിൽ നിനച്ചാൽ വരുമുടനരികിൽ അഴകൻ പയ്യനേ അയ്യനേയെൻ


തന്തയും നീ തായതും നീ കനിവതുവഴിയും തോഴനും തേവനും നീ


എല്ലാം കാണും തിരുമനമലിവായ് കാത്തിന്നു മാപ്പാക്കണം


ഞാൻ ഞാനെന്നുനിനച്ചു പാപമടിയൻ ചെയ്തതും ചെയ്‌വതും നീ


 


പാൽ കാവടി പനിനീർ പീലിക്കാവടി


ബാലമുരുകന്റെ തൈപ്പൂയക്കാവടി


ആണ്ടവനായാളുമെന്റെ ആരോമലുണ്ണിയ്ക്കു


ആണ്ടുതോറുമാടിയെത്തും അന്നക്കാവടി, ഇതു


അടിയനെടുത്താടും കന്നിക്കാവടി


 


നാൽപ്പത്തിയൊന്നുനാൾ നൊയമ്പുനോറ്റു സ്വാമിമാർ


തൃപ്പാദപദ്മങ്ങളിൽ അർപ്പിച്ചീടും കാവടി


ആറുമുഖൻ കളിയാടും പൂമുറ്റത്തെൻ


ആത്മാവറിഞ്ഞാടും പുണ്യക്കാവടി, ഇതു്‌


ആനന്ദം തിരതല്ലും വർണ്ണക്കാവടി


 


പോരാടി വെന്നോരു താരകാരിയാം ഗുഹൻ


പേരോടു വാഴും ചെറുനാടാടും പൊൻ കാവടി


ആയിരങ്ങൾ ആ തിരു ദർശ്ശനം തേടി


അലയാഴിപോലേറും ഭക്തിക്കാവടി, ഇതു്‌


തീരാത്ത ദുഃഖത്തിൻ മുക്തിക്കാവടി