പുഷ്കര വിലോചനാ

വിരുത്തം:

ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം

ശ്രീവൽസാങ്കം ശരണനിലയം വേദവേദാന്തപാത്രം

വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം

വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം

 

പുഷ്കര വിലോചനാ ത്വൽ കഥാ കഥനേന

ഏറിന സുകൃതം പോൽ വേറെന്തു വേണ്ടൂ വരം

 

പരിജന ബന്ധോ തവ സ്മരണയെന്യേ മാം ഹന്ത

കരളിൽ വിവേകം വാർന്നു കർമ്മങ്ങൾ ചെയ്ത നാളിൽ

ഗുരുതര ഭവദുഃഖ ദുരിതമാർന്നയ്യോ അന്ത്യം

അരികേ വന്നുരചെയ്തൂ അരുളി നീ സൗഖ്യം

 

മരണം താൻ വന്നീടിലും തിരുനാമം ഉരചെയ്കിൽ

കരയേറും കാലപാശ കലിയിൽ നിന്നാരും നൂനം

തൃപ്പുലിയൂരിൽ പള്ളി കൊള്ളുമെൻ നാഥാ പോറ്റീ

ത്വൽ കാഥാസാരം ശുഭം മംഗളം മനോഹരം