ദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു
ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ
ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ
ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ
ദാക്ഷായണീപതേ നീ പുരാരേ
ദേവിയോടൊരുമിച്ചു വാണരുളീടുന്ന
ശാന്തമാമവിടുത്തെ സന്നിധിയിൽ
ഒരു ചെറുകൂവളത്തിലയായി വീഴുമീ
അടിയന്റെ സങ്കടം കേൾക്കുകില്ലേ
തൃക്കരതാരാലീ മൂർദ്ധാവു തൊട്ടെന്റെ
ഹൃത്തിലെ ആധികൾ തീർക്കുകില്ലേ
തീർക്കുകില്ലേ തീർക്കുകില്ലേ
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]
താരനേർമിഴിയാകും പാർവ്വതീദേവിക്കു
പാതിമെയ്യേകി നീ പരിലസിക്കേ
പരിഭവം പറയുന്ന പരിജനങ്ങൾക്കാകെ
പരമമാം സൗഭാഗ്യം നല്കുകില്ലേ
നിൻപദ സായൂജ്യം നേടുവാൻ ശിവരാത്രി
നോല്ക്കുമെൻ പ്രാർത്ഥന കേൾക്കുകില്ലേ
കേൾക്കുകില്ലേ... കേൾക്കുകില്ലേ....
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]