പൊന്നമ്പലവാസനയ്യൻ

പൊന്നമ്പലവാസനയ്യൻ

എന്റെ സ്വാമി അയ്യപ്പൻ

കാടിളക്കി തുടിമുഴക്കി എഴുന്നള്ളുന്നേ…

കെട്ടുമേന്തി പേട്ടതുള്ളി

കൂട്ടമായെത്തുവോർക്ക്

പാദദേഹബലങ്ങൾ നല്കി

കാത്തീടുന്നേ, സ്വാമി

കലിനാഗക്കെട്ടഴിച്ചു തുണച്ചീടുന്നേ

[അയ്യനയൻ സ്വാമിയയ്യൻ എന്റെ അയ്യപ്പൻ

ഹരിഹരാത്മജൻ സ്വാമി ശബരിഗിരീശൻ]



പമ്പയിൽ കുളിച്ചു തോർത്തി

നീലിമലങ്കാടുകേറീ

അപ്പാച്ചി മേട്ടിൽ വന്നു ശരണം പാടി

അരിയുണ്ടയെറിഞ്ഞിവർ

ശബരീപീഠവും താണ്ടി

സന്നിധാനത്തണഞ്ഞു തൃ-

പ്പടിയെറുന്നൂ, തത്വ

മസിയുടെ പൊരുൾ വാഴും നടകാണുന്നൂ

[അയ്യനയൻ സ്വാമിയയ്യൻ എന്റെ അയ്യപ്പൻ

ഹരിഹരാത്മജൻ സ്വാമി ശബരിഗിരീശൻ]

 

കളഭച്ചാർത്തണിയുമ-

ക്കളേബരം കണ്ടു കോടി

കരളിൽ സംക്രമ ദീപാവലി തെളിഞ്ഞു

മതജാതിഭേദമില്ലാ-

തവിരാമം തിരുമുൻപിൽ

കദനത്തിന്നറുതിക്കായ്

വിളിച്ചുകേണു, ഇഹ

പരശാന്തികനിഞ്ഞയ്യൻ

അനുഗ്രഹിച്ചു

[അയ്യനയൻ സ്വാമിയയ്യൻ എന്റെ അയ്യപ്പൻ

ഹരിഹരാത്മജൻ സ്വാമി ശബരിഗിരീശൻ]