തിരുവാഭരണവിഭൂഷിതമാം നിൻ
തിരുവുടൽ കണികാണണം മോഹന
തിരുവുടൽ കണികാണണം
മരതകമണിചാർത്തി വിളയാടുമോമന
മലർമേനികണികാണണം, അയ്യപ്പാ നിൻ
മലർമേനികണികാണണം
പൂങ്കാവനംകണ്ടു പുലരിയിൽ ഞങ്ങൾ
പമ്പാതീരമെത്തുന്നൂ, പാപം
തീർത്തുകുളിച്ചു കേറുന്നൂ
പലപലകവികൾ പാടിയുണർത്തിയ
മലനിരതാണ്ടിവരുന്നൂ, നിന്റെ
സന്നിധി തേടിവരുന്നു…
തത്വമസിയുടെ തത്വം വിളങ്ങും
തൃപ്പടികേറിവരുമ്പോൾ, പുണ്യ
ദർശനം കാത്തു നിൽക്കുമ്പോൾ
അദ്വൈതരൂപന്റെ ദിവ്യമാം കാരുണ്യം
ആഴിപോലലയടിക്കുന്നു, മുന്നിൽ
അവിടുത്തെ നടതുറക്കുന്നു.