കുടജാദ്രിയല്ലോ തറവാട്

 

കുടജാദ്രിയല്ലോ തറവാട് എന്റെ
കുലപരദേവത മൂകാംബിക
അമൃതം ചുരത്തുന്ന കനിവാണു
കുളിരരുവിയായൊഴുകുന്ന സൗപർണ്ണിക

ഉദയങ്ങൾ പൂവിട്ട വഴി കടന്ന്
ഹൃദയമാം തേരിൽ നിറഞ്ഞിരുന്നു
ഉലകം വെയ്ക്കും തമ്പുരാട്ടീ നീയെൻ
കവിതക്കിടാവിന്നും കണ്ണെഴുതി
പൊട്ടു കുത്തീ തൊട്ടിലാട്ടി
പൊന്നരഞ്ഞാണിട്ടു നൂലു കെട്ടീ

നിറ തിങ്കൾ അമ്മയ്ക്ക് കൈവിളക്ക്
അരുണന്റെ കാണിയ്ക്ക ചാന്തുപൊട്ട്
മഴവില്ലു കൊണ്ടാണു കാപ്പുകെട്ട്
എന്റെ ഇട നെഞ്ചിൽ ഉത്സവക്കേളി കൊട്ട്
അന്നപൂർണ്ണേ എന്റെ ഗാനം
അമ്പലപ്രാവു പോൽ കൂടുകെട്ടി