ശ്രീമയീ വാങ്മയീ ദേവിയെന്നാത്മാവിൻ
താമരപ്പൊയ്കയിലെഴുന്നള്ളൂ
കളി വീണ കൈകളിലേന്തി
കളഹംസ വാഹനമേറി
(ശ്രീമയീ...)
ശുഭ്രവസനേ ഇന്ദുപുഷ്പ വദനേ ശ്രുതി
ശുദ്ധമാം സംഗീത ലാവണ്യമേ
മുഗ്ദ്ധ ഹസിതേ മുല്ലമൊട്ടുകൾ വിരിയും നിൻ
മുത്തൊളിപ്പുഞ്ചിരിക്കായ് കൈ തൊഴുന്നേൻ
ദേവീ സരസ്വതീ അനുഗ്രഹിക്കൂ
നാവിൽ നിൻ തിരുമന്ത്രം കുറിക്കൂ കുറിക്കൂ
(ശ്രീമയീ...)
നിൻ മൊഴികളോ അതിൻ വർണ്ണലിപിയോ എന്റെ
മുന്നിലെ സൗവർൺന മഞ്ജരിയായ്
മന്ത്ര മധുരം നിന്റെ മഞ്ജുള പദതാളം
എന്റെ ഹൃത്തുടിപ്പാവാൻ കൈ തൊഴുന്നേൻ
നാദസുധാമയീ അനുഗ്രഹിക്കൂ
നാവിൻ മന്ത്രാക്ഷരമായുദിക്കൂ ഉദിക്കൂ
(ശ്രീമയീ...)