ഏഴാമത്താങ്ങള കൺ തുറന്ന്
ഏഴു നാളായപ്പോൾ അമ്മ പോയീ
താഴെയുള്ളേഴിനും അമ്മയായീ
താഴം പൂ പോലുള്ളീ പെൺ കിടാവ്
കണ്ണെഴുതാനവൾക്കില്ല നേരം
കണ്ണെഴുതിക്കാനേ നേരമുള്ളൂ
പൊട്ടു തൊടാനവൾക്കില്ല നേരം
പൊട്ടു തൊടീക്കാനേ നേരമുള്ളൂ
ഉണ്ണാനൊരുങ്ങാനും ഇല്ല നേരം
ഉണ്ണികൾക്കൂണും ഉടുപ്പും വേണം
ഇല്ലില്ലുറങ്ങാനവൾക്കു നേരം
ഇല്ലത്തെപ്പാടുകളോർത്തിടേണം
ഏഴാങ്ങളമാർക്ക് മൂത്തവളായ്
ഏഴിലം പാല പോലുള്ള പെണ്ണേ
പൊന്നാങ്ങളമാർക്ക് നീയൊരമ്മ
എങ്കിലും നീയിന്നും കന്യയല്ലേ