തത്തമ്മേ തത്തമ്മേ നിനക്കെത്ര വയസ്സായീ

 

തത്തമ്മെ തത്തമ്മേ നിനക്കെത്ര വയസ്സായീ
കുട്ടികളൊത്ത് കളിക്കാൻ വരും
നിനക്കെത്ര വയസ്സായീ
പട്ടുറുമാലിന്നും പിഞ്ഞിയില്ലാ നിന്റെ
കുട്ടിയുടുപ്പിന്നും മങ്ങിയില്ലാ
വെറ്റില തിന്നു തുടുത്തൊരു ചുണ്ടിലെ
മുത്തുമൊഴികൾക്കും മാറ്റമില്ല

അത്തിക്കായ്കൾ പഴുക്കുമ്പോൾ കിറു
കൃത്യമായ് നീയിന്നുമെത്തുന്നു
പണ്ടത്തെപ്പാട്ടിനെയൂഞ്ഞാലാട്ടുന്ന
ചന്ദനക്കാട്ടീന്നോ നീ വന്നു
തുഞ്ചൻ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിര
ത്തുഞ്ചത്തു നിന്നോ നീ വന്നൂ

പൊന്നരിവാളിനെ സ്വപ്നം കാണുന്ന
പുന്നെൽക്കതിരിന്നിടയിൽ നിന്നോ
തേക്കു പാട്ടിന്റെ തെളിനീരാടുന്ന
തെക്കേപ്പാടവരമ്പീന്നോ
പണ്ടു പണ്ടെന്റെ മുത്തശ്ശി തൻ മുമ്പിലും
കൊഞ്ചുക്കുഴഞ്ഞു നീ വന്നുവല്ലേ