പുതിയൊരു രാഗം പാടുക

പുതിയൊരു രാഗം പാടുക താന്‍സെന്‍
മധുമഴ, കുളുര്‍മഴ പെയ്യിക്കൂ
ഇണചേരും ഇരുരാഗങ്ങള്‍ തന്‍
പ്രണയം പൂക്കും നവരാഗം

(പുതിയൊരു രാഗം....)

അരുതേ 'ദീപക്' രാഗാലാപനം
ഇനിയും തുടരരുതേ
താനേ കത്തിക്കാളുകയാണീ
രാജാങ്കണ മണിദീപങ്ങള്‍
പടരുകയായീ ഗ്രീഷ്മജ്ജ്വാലകള്‍
ഉടലുകളുരുകുകയായീ
പാടും പക്ഷീ, നിനക്കറിയാമോ ഈ
കാടിനു കെടുതീയാവാന്‍

(പുതിയൊരു രാഗം....)

കുളിരിന്നുറവാം യമുനയൊരുഷ്ണ-
പ്രവാഹമാവുകയോ?
മറ്റൊരു രാഗം പാടുക, ഗഗനം
ഹര്‍ഷാശ്രുക്കളുതിര്‍ക്കട്ടെ
അണിമുകിലുകള്‍ തന്‍ അകിടില്‍ നിന്നിനി
അമൃത് ചുരന്നൊഴുകട്ടെ
അന്തിച്ചോപ്പിന്‍ അഗ്നിജ്ജ്വാലയെ
ബന്ധുരചന്ദ്രികയാക്കൂ

(പുതിയൊരു രാഗം....)

Submitted by Baiju T on Tue, 01/05/2010 - 00:51