എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍
ഇന്ദ്രിയ ജാലകങ്ങള്‍?--എന്‍
ഇന്ദ്രിയ ജാലകങ്ങള്‍
ജാലകച്ഛായയില്‍ പാടാന്‍വരും
പക്ഷിജാലം പറന്നു പോയോ?
പാടവരമ്പത്ത് ചീവീട് രാക്കത്തി
രാകുന്നൊരൊച്ചയുണ്ടോ?
പാതിരാക്കോഴിതന്‍ കൂകലുണ്ടോ?
കാവല്‍മാടത്തിന്‍ ചൂളമുണ്ടോ?
ആരോ കോലായില്‍ മൂളും "രമണന്റെ"
ഈരടി കേള്‍ക്കുന്നുണ്ടോ?
(എന്തിനേ കൊട്ടിയടയ്ക്കുന്നു.....)
ദൂരെക്കടലിന്നിരമ്പമുണ്ടോ, കാറ്റും
കൂടെക്കിതയ്ക്കുന്നുണ്ടോ?
പൈതലെ തൊട്ടിലിലാട്ടുമൊരമ്മതന്‍
കൈവള പാടുന്നുണ്ടോ?
കോവിലില്‍ മറ്റൊരു ഗോകുലം തീര്‍ക്കുന്ന
സോപാനഗീതമുണ്ടോ?
അത്താഴപിന്‍പയല്‍വീട്ടിലാരോ ദൈവ-
പുത്രനെ വാഴ്ത്തുന്നുണ്ടോ?
(എന്തിനേ കൊട്ടിയടയ്ക്കുന്നു.....)