സൃഷ്ടി തൻ സൗന്ദര്യമുന്തിരിച്ചാറിനായ്

സൃഷ്ടി തന്‍ സൗന്ദര്യ മുന്തിരിച്ചാറിനായ്
കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍
വേദനയില്‍ സര്‍ഗ്ഗവേദനയിലെന്റെ
ചേതന വീണെരിയുന്നു  സൃഷ്ടിതന്‍
വേദനയാരറിയുന്നു

പൂവുകളായിരം കീറിമുറിച്ചു ഞാന്‍
പൂവിന്റെ സത്യം പഠിക്കാന്‍
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാന്‍
ഹൃദയത്തിന്‍ തത്ത്വം പഠിക്കാന്‍
ഭൂമിതന്‍ കന്യയെ കാട്ടിലെറിഞ്ഞു ഞാന്‍
ഭൂപാലധര്‍മ്മം പുലര്‍ത്താന്‍

ഒരു നൂറു വിഗ്രഹം തച്ചു തകര്‍ത്തു ഞാന്‍
ഒരു പുതു വിഗ്രഹം തീര്‍ക്കാന്‍
ദീപങ്ങളൊക്കെക്കെടുത്തി ഞാന്‍ പ്രാര്‍ഥിച്ചു
ദീപമേ നീ നയിച്ചാലും

ഈയുഗത്തിന്‍ ഇതിഹാസത്തിലുണ്ടെന്റെ
ഈ വീരസാഹസകൃത്യം
ഒരു തത്വശാസ്ത്രത്തിന്‍ തൈ നട്ടു ഞാന്‍
എന്നും പിഴുതു നോക്കുന്നു വേരെണ്ണാൻ

----------------------------------------------------------