മിഴിനീർക്കടലോ ഹൃദയം
എരിതീ കനലോ പ്രണയം
സ്വയം നീറുമീ സൂര്യഗോളം
പകർന്നേകുമീ സ്നേഹനാളം
പൊഴിയും നിഴലോ വിരഹം
ഇനിയീ ഇരുളിൽ അഭയം (മിഴിനീർ...)
മനം നൊന്തു പാടും രാപ്പാടിയായ്
പറന്നെങ്ങു പോയ് നീ കാണാത്ത ദൂരേ
വഴിക്കണ്ണുമായ് നിഴൽച്ചില്ലു മേയും
ജനൽ കൂടിനുള്ളിൽ വിതുമ്പുന്നു ജന്മം
ഒരു സാന്ത്വനമായ് വരുമോ
ചിറകിൻ തണലും തരുമോ (മിഴിനീർ...)
നിലയ്ക്കാത്ത നോവിൻ നീർക്കായലിലൂടെ
അലഞ്ഞെത്തുമേതോ കേവഞ്ചി പോലെ
തണുപ്പാർന്ന കണ്ണീർത്തുരുത്തിന്റെ മാറിൽ
തടം തല്ലി നില്പൂ നിറം വാർന്ന സ്വപ്നം
ഒരു കൈത്തുഴയായ് വരുമോ
അഴലിൻ ചുഴിയിൽ തുഴയാൻ (മിഴിനീർ..)
---------------------------------------------------------------