വനശ്രീ മുഖം നോക്കി

വനശ്രീ മുഖംനോക്കി വാൽക്കണ്ണെഴുതുമീ
പനിനീർ തടാകമൊരു പാനപാത്രം
മന്വന്തരങ്ങളാം മാൻപേടകൾ പണ്ടു
മനസ്സു തുറന്നിട്ടൊരിന്ദ്രനീലം
വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ
പനിനീർ തടാകമൊരു പാനപാത്രം

കൊഴിയാത്തൊരോർമ്മ പോലെന്നും തെളിയുമീ
ഓം‌കാര തീർത്ഥത്തിൽ മുങ്ങിയാലോ
അകിൽ പുകയിൽ കൂന്തൽ തോർത്തി ഞാനവിടുത്തെ അണിമാറിൽ പൂണൂലായ് കുതിർന്നാലോ
പ്രേമത്തിൻ താളിയോലഗ്രന്ഥങ്ങൾ നോക്കി
പ്രകൃതിയിന്നൊരുക്കുന്നു നിന്നെ
രതി പ്രണയകാവ്യമായ് തന്നെ
(വനശ്രീ...)

പർണ്ണശാലകളിൽ ഹോമാഗ്നിയായ് ജ്വലിക്കുന്നൂ
നമ്മുടെ ജനിമന്ത്ര രതിവേഗങ്ങൾ
വസന്തങ്ങളാകുന്നു ഇതളിടും സ്പർശങ്ങൾ
ശിശിരങ്ങൾ തീർക്കുന്നു നിർവേദലയങ്ങൾ
തൃക്കൈയിൽ താംബൂല തളികയുമായ് വന്നു
ഋത്വങ്ങൾ വിളിക്കുന്നു നിന്നെ
അനുരക്തകാമനായ് തന്നെ
(വനശ്രീ...)