ചെപ്പടി വിദ്യ ഇതു വെറും ചെപ്പടി വിദ്യ

ചെപ്പടി വിദ്യ ഇതു വെറും ചെപ്പടി വിദ്യ
കാലമെന്ന ജാലക്കാരൻ കാട്ടീടുന്ന ചെപ്പടി വിദ്യ
മാനവന്റെ മനസ്സാകും ചെപ്പിനുള്ളിൽ ഞൊടിക്കുള്ളിൽ
മാറി മാറി സുഖത്തിന്റെ പന്തു കാട്ടും
കാണാതാക്കും ചെപ്പടി വിദ്യ

പുഞ്ചിരി തൻ തങ്കപ്പവൻ കണ്ണീരിൻ കല്ലായ്‌ മാറ്റും
ഓടിയെത്തും സ്വപ്നങ്ങളെ കൂടു വിട്ടു കൂടു മാറ്റും
ഇതു വെറും ചെപ്പടി വിദ്യ

ആരും കാണാതൊളിക്കും ഹൃത്തടമാം പെട്ടകത്തിൽ
ആശകളും നിരാശയും പ്രേമവും വിദ്വേഷങ്ങളും
കൈയ്യടക്കം കാട്ടിയവൻ ഉള്ളറയിലൊളിപ്പിച്ച
കുഞ്ഞികളേ പൂക്കളാക്കും പൂവുകളെ മുള്ളുകളാക്കും
ഇതു വെറും ചെപ്പടി വിദ്യ