സുരലോക ജലധാരയൊഴുകിയൊഴുകി

സുരലോകജലധാരയൊഴുകിയൊഴുകി
പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി
ഇളം കാറ്റു മധുമാരി തൂകി തൂകി
വാനമൊരു വർണ്ണചിത്രം എഴുതിയെഴുതീ

കാമുകനാം പൂന്തന്നൽ മുറുകെ മുറുകെ പുണരുന്നു
കാമിനിയാം പൂഞ്ചോല കുതറിക്കുതറിയോടുന്നു
മേഘമാല വാനിലാകെ മലർന്നു മലർന്നു നീന്തുന്നു
കണ്ണിൻ മുന്നിൽ വിണ്ണഴകിൻ നൃത്തമല്ലോ കാണ്മൂ
കാലിൽ തങ്കച്ചിലമ്പിട്ട നർത്തകിയല്ലോ അരുവി


മാനസത്തിൽ സ്വപ്നരാജി നിറയെ നിറയെ വിരിയുന്നു
മാദകമാം സങ്കല്പങ്ങൾ ചിറകു നീർത്തിപ്പറക്കുന്നു
ചക്രവാള സീമയിങ്കൽ പാറിപ്പാറി ചെല്ലുന്നൂ
മാരിവില്ലിൻ ഊഞ്ഞാലയിൽ ഉർവശിയായ് ചാഞ്ചാടും
മാറി മാറി മദന സ്വപ്ന ഗാനമാല ഞാൻ പാടും