വെയിലിന്റെ ഒരു തൂവൽ മാത്രം മറന്നിട്ട്
വേനൽ കിനാക്കിളി കൂടൊഴിഞ്ഞു (2)
ഒരു തുള്ളി നീലനിലാവെളിച്ചം തേടി
വാനിന്റെ ഇരുളിൽ തളർന്നലിഞ്ഞൂ..(വെയിലിന്റെ..)
സന്ധ്യയും നക്ഷത്ര രാത്രിയും
ആ ചെറു സങ്കടപ്പക്ഷിയെ കയ്യൊഴിഞ്ഞു.. (2)
കാറ്റിന്റെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ
കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു (വെയിലിന്റെ..)
ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകൾ
പിഞ്ചിളം കൊഞ്ചലാൽ പരിഹസിച്ചൂ (2)
നോവും കിനാവുമായ് മെല്ലേയാരാപ്പാടി
മഞ്ഞുനീർ തുള്ളി പോൽ മാഞ്ഞുപോയി... (വെയിലിന്റെ..)