മാനത്തു കാറു കണ്ടു
മദം കൊണ്ട മയിലിനെപ്പോൽ
മതിമറന്നാടിയൊരു മധുരാംഗിയാൾ
പീലിച്ചുരുൾ നിവർത്തി
പേലവച്ചുണ്ടുയർത്തി
പേശലമേനിയാൾ, കേകിയാടിനാൾ
കാതരമിഴിയിളക്കി, കരുണാരസമൊഴുക്കി
കാടിൻ കരൾപോലെ കളിയാടി
പേടിച്ചോടിയൊളിച്ചും, ചാടിത്തുള്ളിക്കളിച്ചും
കലമാൻ പിടയെപ്പോൽ കളിയാടി
കുഴൽനാദം കേട്ട് ഹൃദയം കുളിർത്ത്
തലപൊക്കിയാടും നാഗം പോൽ
തളിർമെയ് കുഴഞ്ഞ്,തറയിലിഴഞ്ഞ്
തരളമിഴിയാൾ ആടിനാൾ