ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ

ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ
പ്രാകൃതയുഗമുഖഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളുമൊരുപോലെ
(ഞാന്‍ ഞാന്‍ ഞാനെന്ന..)

ആകാശഗോപുരത്തിന്‍ മുകളിലുദിച്ചോ-
രാദിത്യബിംബമിതാ കടലില്‍ മുങ്ങി
ആയിരമുറുമികള്‍ ഊരിവീശി
അംബരപ്പടവിനു മതിലുകെട്ടി
പകല്‍വാണ പെരുമാളിന്‍ രാജ്യഭാരം വെറും
പതിനഞ്ചുനാഴിക മാത്രം
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ
പ്രാകൃതയുഗമുഖഛായകളേ

വാഹിനീതടങ്ങളില്‍ അർദ്ധനഗ്നാംഗിയായ്
മോഹിനിയാട്ടമാടും ചന്ദ്രലേഖേ
അംഗലാവണ്യത്തിന്‍ അമൃതു നീട്ടി
അഷ്ടദിക്പാലകര്‍ മതിമയക്കി
പളുങ്കുമണ്ഡപത്തില്‍ നിന്റെ നൃത്തം വെറും
പതിനഞ്ചുനാഴിക മാത്രം

ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ
പ്രാകൃതയുഗമുഖഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ-
തിരകളും നിങ്ങളുമൊരുപോലെ
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ