പാതിരാസൂര്യന്‍ ഉദിച്ചു

പാതിരാസൂര്യന്‍  ഉദിച്ചു നിൻ
പറുദീസ നരകമെന്നറിഞ്ഞു
പുതിയ പ്രകാശം മാലാഖ ചാർത്തിയ
പൊയ് മുഖം തട്ടിയെറിഞ്ഞു (പാതിരാ..)

നിൻ നിഴൽ പോലും നിന്നെ ചതിക്കും
നിലയറിയാതോടും യാത്രക്കാരാ
മിഴികളുണ്ടെങ്കിലും അന്ധനല്ലോ നിൻ
വാചാലതയെന്നും മൗനമല്ലോ
അഭയം വേദനയായി നിൻ
അമ്പലം അങ്ങാടിയായി (പാതിരാ..)

പുഞ്ചിരിച്ചായം പൂശിക്കൊണ്ടാടി
പുളകതരംഗങ്ങൾ സമ്മാനിച്ചു
നടിയുടെ മുഖമാണെന്നറിഞ്ഞില്ലല്ലോ നീ
നാടകവേദിയിൽ നടിച്ചില്ലല്ലോ
പ്രണയം കടങ്കഥയായി നിൻ
കുടുംബം കളിയരങ്ങായി (പാതിരാ...)